
കൊളംബൊ: ഏഷ്യാ കപ്പിലെ എല് ക്ലാസിക്കോ മത്സരത്തില് ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില് 266 റണ്സെടുത്തു. മുന്നിര തകര്ന്നടിഞ്ഞ മത്സരത്തില് അര്ധസെഞ്ച്വറി നേടിയ ഇഷാന് കിഷനും ഹര്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല് സമ്മാനിച്ചത്. പാക്പ്പടയ്ക്ക് വേണ്ടി സ്റ്റാര് പേസ് ബൗളര് ഷഹീന് അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്നും വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തില് പാക് ബൗളര്മാരെ കരുതലോടെയാണ് ഓപ്പണര്മാരായ രോഹിതും ഗില്ലും നേരിട്ടത്. ഷഹീന് അഫ്രീദി എറിഞ്ഞ ആദ്യ ഓവറില് ബൗണ്ടറിയോടെ ഹിറ്റ്മാന് തുടങ്ങിയെങ്കിലും പവര് പ്ലേയിലെ പേസ് ആക്രമണത്തില് പതറി വീണു. ഷഹീന് അഫ്രീദിയുടെ ഇന്സ്വിംഗറില് കുറ്റി തെറിച്ചു.
രോഹിത്തിന് പകരക്കാരനായി ക്രീസിലെത്തിയ വിരാടിനും കാര്യമായൊന്നും ചെയ്യാനായില്ല. നസീം ഷായുടെ പന്തില് ബൗണ്ടറി പായിച്ച് അക്കൗണ്ട് തുറന്ന കോഹ്ലി പ്രതീക്ഷ നല്കിയെങ്കിലും അടുത്ത പന്തില് ബൗള്ഡാവുകയായിരുന്നു. ഏഴ് പന്തില് നാല് റണ്സുമായി കോഹ്ലിയും വീണതോടെ ഇന്ത്യന് ക്യാംപില് ആശങ്ക പടര്ന്നു.
പിന്നീടെത്തിയ ശ്രേയസ് അയ്യറിനും തിളങ്ങാനായില്ല. ഒമ്പത് പന്തില് 14 റണ്സ് എടുത്ത് നില്ക്കുകയായിരുന്ന ശ്രേയസിനെ ഹാരിസ് റൗഫ് നായകന് ബാബര് അസമിന്റെ കൈകളിലെത്തിച്ചു. ഇതോടെ 9.5 ഓവറില് 48 റണ്സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 14-ാം ഓവറിലെ ആദ്യ പന്തില് ഓപ്പണര് ശുഭ്മാന് ഗില്ലും കൂടാരം കയറി. 32 പന്തില് പത്ത് റണ്സ് നേടിയ ഗില്ലിനെ ഹാരിസ് റൗഫ് മടക്കുകമ്പോള് ടീം ടോട്ടല് നാല് വിക്കറ്റുകള്ക്ക് വെറും 66 റണ്സെന്ന നിലയിലേക്ക് ചുരുങ്ങി.
എന്നാല് പിന്നീട് ക്രീസിലൊരുമിച്ച ഹാര്ദ്ദിക് പാണ്ഡ്യ- ഇഷാന് കിഷന് സഖ്യം ഇന്ത്യയെ തകര്ച്ചയില് നിന്ന് കൈപിടിച്ചുയര്ത്തി. ടോപ് ഓര്ഡര് ബാറ്റ്സ്മാനായ ഇഷാന് കെ എല് രാഹുലിന്റെ അഭാവത്തിലാണ് അഞ്ചാം നമ്പറില് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല് സാഹചര്യത്തിന്റെ സമ്മര്ദ്ദമൊന്നുമില്ലാതെ ഇഷാന് ഇന്ത്യന് സ്കോര് ബോര്ഡ് ചലിപ്പിച്ചു. 54 പന്തില് ആറ് ഫോറും ഒരു സിക്സും ഉള്പ്പടെയാണ് ഇഷാന് അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയത്. 81 പന്തില് 82 റണ്സെടുത്ത് നില്ക്കുന്ന ഇഷാനെ പുറത്താക്കി ഹാരിസ് റൗഫാണ് പാകിസ്താന് ബ്രേക്ക് ത്രൂ നല്കി.
38-ാം ഓവറില് 200 കടത്തിയാണ് ഇഷാന് പുറത്തായത്. അതിനിടെ 62 പന്തില് പാണ്ഡ്യയും അര്ധ സെഞ്ച്വറിയിലെത്തിയിരുന്നു. ഇഷാന് പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും പാണ്ഡ്യയും ചേര്ന്ന് അവസാന ഓവറുകളില് തകര്ത്തടിച്ച് സ്കോര് ബോര്ഡ് ചലിപ്പിക്കുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തി. പാണ്ഡ്യയെ സ്ലോ ബോളില് കുരുക്കി അഫ്രീദി വീണ്ടും ഇന്ത്യന് സ്വപ്നങ്ങളുടെ വില്ലനായി. 43-ാം ഓവറിലെ ആദ്യ പന്തില് ഹാര്ദ്ദിക് പാണ്ഡ്യയെയും അഫ്രീദി പുറത്താക്കി. 90 പന്തില് 87 റണ്സ് നേടിയ ഹാര്ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്. പിന്നാലെ ജഡേജയെയും അഫ്രീദി വിക്കറ്റ് കീപ്പര് മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചു. 22 പന്തില് 14 റണ്സ് നേടിയാണ് ജഡേജ പുറത്തായത്. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള് വീഴുകയായിരുന്നു. ശര്ദ്ദുല് താക്കൂര് (3), കുല്ദീപ് യാദവ് (4), ജസ്പ്രീത് ബുംറ (16) എന്നിവരാണ് ഇന്ത്യന് നിരയില് അവസാനമായി പുറത്തായത്.