
ട്രിനിഡാഡ്:വിന്ഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇറങ്ങാന് നിമിഷങ്ങള് മാത്രമാണ് ബാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില് മലയാളി താരം സഞ്ജു സാംസണ് ഇറങ്ങിയേക്കും. വിന്ഡീസിനെതിരായ അവസാന ഏകദിന മത്സരത്തില് അര്ധ സെഞ്ച്വറി നേടി തകര്പ്പന് പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല് ഇന്നത്തെ മത്സരത്തില് ഇറങ്ങുന്ന സഞ്ജുവിനെ മറ്റൊരു റെക്കോര്ഡാണ് കാത്തിരിക്കുന്നത്.
ട്വന്റി20 ക്രിക്കറ്റില് 6000 റണ്സെന്ന തകര്പ്പന് റെക്കോര്ഡാണ് ഇന്ന് ട്രിനിഡാഡില് സഞ്ജുവിനെ കാത്തിരിക്കുന്നത്. വെറും 21 റണ്സ് നേടിയാല് എലൈറ്റ് പട്ടികയില് സഞ്ജു സാംസണിന്റെ പേരും ചേര്ക്കപ്പെടും. ഇന്ത്യന് പ്രീമിയര് ലീഗിലും ഇന്ത്യന് ടീമിനുമായി ടി20 ഫോര്മാറ്റില് 241 മത്സരങ്ങളില് നിന്ന് 5979 റണ്സാണ് സഞ്ജുവിന്റെ സമ്പാദ്യം. സൂപ്പര് താരം വിരാട് കോഹ്ലിയാണ് പട്ടികയിലെ ഒന്നാമത്തെ ഇന്ത്യന് താരം. 374 ടി20 മത്സരങ്ങളില് നിന്ന് 11,965 റണ്സാണ് കോഹ്ലി നേടിയത്. 423 മത്സരങ്ങളില് നിന്ന് 11,035 റണ്സുമായി ക്യാപ്റ്റന് രോഹിത് ശര്മയാണ് ക്ലബ്ബിലെ രണ്ടാമന്.
വിന്ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില് സഞ്ജു ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തില് അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. രണ്ടാം മത്സരത്തില് സഞ്ജു ഇറങ്ങിയെങ്കിലും 19 പന്തില് നിന്ന് വെറും ഒന്പത് റണ്സ് മാത്രമാണ് നേടാന് സാധിച്ചത്. രണ്ടാം ഏകദിനത്തില് ആറ് വിക്കറ്റിന് ആതിഥേയര് ജയം പിടിച്ചെടുത്തു. സമനിലയിലായ പരമ്പര സ്വന്തമാക്കാന് വേണ്ടി ഇന്ത്യ ഇറങ്ങിയ മൂന്നാം മത്സരത്തില് സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണ അര്ധ സെഞ്ച്വറി നേടിയാണ് താരം വിമര്ശനങ്ങള്ക്ക് മറുപടി നല്കിയത്. 41 പന്തുകളില് രണ്ട് ബൗണ്ടറികളും നാല് സിക്സുകളുമടക്കം 51 റണ്സാണ് സഞ്ജു അടിച്ചെടുത്തത്. മൂന്നാം ഏകദിനത്തില് 200 റണ്സിന്റെ തകര്പ്പന് ജയത്തോടെ വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.