
ന്യൂഡല്ഹി: ഐപിഎല്ലിലെ വിരാട് കോഹ്ലി-ഗൗതം ഗംഭീര് തര്ക്കത്തില് പ്രതികരണവുമായി മുന് ഇന്ത്യന് താരം കപില് ദേവ്. ഇരുവരും തനിക്ക് പ്രിയപ്പെട്ട താരങ്ങളാണെന്നും അവര്ക്കിടയിലെ വഴക്ക് തന്നെ വേദനിപ്പിച്ചെന്നും കപില് ദേവ് പറഞ്ഞു. കളിക്കളത്തിന് പുറമേ താരങ്ങളെ മികച്ച പൗരന്മാരായി വളര്ത്തിയെടുക്കേണ്ടത് ബിസിസിഐയുടെ ആവശ്യമാണെന്നും മുന് ഇന്ത്യന് നായകന് വ്യക്തമാക്കി.
'ഐപിഎല്ലില് ഗൗതം ഗംഭീറിനും വിരാട് കോഹ്ലിക്കുമിടയില് സംഭവിച്ചത് തന്നെ വേദനിപ്പിച്ചു. ഇരുവരും എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്മാരില് ഒരാളാണ് വിരാട് കോഹ്ലി. ഗംഭീര് ആണെങ്കില് ഇപ്പോള് പാര്ലമെന്റ് അംഗമാണ്. അവര്ക്ക് എങ്ങനെയാണ് അങ്ങനെ പെരുമാറാന് സാധിച്ചത്? പക്ഷേ കായികതാരങ്ങള്ക്കും അവരുടെ മനസ് കൈവിട്ടുപോവാറുണ്ട്. പെലെ മുതല് ഡോണ് ബ്രാഡ്മാന് വരെയുള്ളവര്ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്', മുന് ഇന്ത്യന് സ്കിപ്പര് വ്യക്തമാക്കി.
2023 ഐപിഎല്ലിലെ ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സ്-ലഖ്നൗ സൂപ്പര് ജയന്റ്സ് മത്സരത്തിനുശേഷമായിരുന്നു കോഹ്ലിയും ഗൗതം ഗംഭീറും തമ്മില് വാക്കേറ്റമുണ്ടായത്. സീസണില് ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യമത്സരത്തില് അവസാന പന്തില് സൂപ്പര് ജയന്റ്സാണ് വിജയം പിടിച്ചെടുത്തത്. ആര്സിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് വിജയത്തിന് ശേഷം ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ ഉപദേഷ്ടാവ് ആര്സിബിയുടെ ആരാധകരെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാട്ടി. രണ്ടാം മത്സരത്തില് ബാംഗ്ലൂര് ബൗളര്മാര് ലഖ്നൗവിന് മറുപടി നല്കി. എതിരാളികളുടെ ഓരോ വിക്കറ്റുകളും വിരാട് കോഹ്ലി വൈകാരികമായി ആഘോഷിച്ചു.
മത്സരത്തില് പത്താമനായി ക്രീസിലെത്തിയ നവീന് ഉള് ഹഖും കോഹ്ലിയും തമ്മില് മൈതാനത്തിന് അകത്തും പുറത്തും ഏറ്റുമുട്ടി. ഇതിനിടെ ഗംഭീറെത്തി. കടുത്ത വാക്കേറ്റമുണ്ടായതോടെ കോഹ്ലിയെയും ഗംഭീറിനെയും മറ്റുള്ളവര് പിടിച്ചുമാറ്റുകയായിരുന്നു.