
മുംബൈ: ഇന്ത്യന് സൂപ്പര് താരം വിരാട് കോഹ്ലിയെ വീണ്ടും ടെസ്റ്റ് ക്യാപ്റ്റന്സിയിലേക്ക് പരിഗണിക്കാത്തതിനെ ചോദ്യം ചെയ്ത് ഇന്ത്യന് മുന് മുഖ്യ സെലക്ടര് എം എസ് കെ പ്രസാദ്. ടീം ഇന്ത്യയുടെ ക്യാപ്റ്റന്സിയുടെ ചര്ച്ച ചൂടുപിടിക്കുന്നതിനിടെയാണ് നിര്ണായക ചോദ്യവുമായി അദ്ദേഹം രംഗത്തെത്തുന്നത്. അജിങ്ക്യ രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റന് ആക്കാമെങ്കില് കോഹ്ലിയെ എന്തുകൊണ്ട് ക്യാപ്റ്റന് ആക്കിക്കൂടായെന്നാണ് പ്രസാദിന്റെ ചോദ്യം.
ക്യാപ്റ്റന് രോഹിത് ശര്മയ്ക്ക് ശേഷം ഇന്ത്യന് ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്നാണ് ഇപ്പോള് ക്രിക്കറ്റ് ലോകത്തെ ചര്ച്ച. 'തിരിച്ചെത്തിയ അജിങ്ക്യ രഹാനെക്ക് വൈസ് ക്യാപ്റ്റന്സി പദവി നല്കാമെങ്കില് എന്തുകൊണ്ട് വിരാട് കോഹ്ലിയെ ടെസ്റ്റ് ക്യാപ്റ്റന് ആക്കിക്കൂടാ? രോഹിത് ശര്മയ്ക്ക് ശേഷം ഒരു ക്യാപ്റ്റനെ സെലക്ടര്മാര് അന്വേഷിക്കുന്നുണ്ടെങ്കില് വിരാട് ഒരു നല്ല ഓപ്ഷനാണ്', പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്സി ചര്ച്ച ചെയ്യാം. മൂന്ന് ഫോര്മാറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ശുഭ്മാന് ഗില്ലിനെ ക്യാപ്റ്റന് ആക്കാന് കുറച്ച് സമയം നല്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
2022 ജനുവരിയില് ദക്ഷിണാഫ്രിക്കക്കെതിരായ എവേ മത്സരം പരാജയപ്പെട്ടതിന് ശേഷമാണ് കോഹ്ലി ഇന്ത്യന് ക്യാപ്റ്റന്സി പദവി ഒഴിയുന്നത്. ഇതിനെ തുടര്ന്നാണ് രോഹിത് ശര്മ ടീം ഇന്ത്യയുടെ നായകനായി എത്തിയത്. നിലവില് ഫോമിലല്ലാത്ത രോഹിത്തിന് പകരം റെഡ്ബോളില് ആര് ഇന്ത്യയെ നയിക്കുമെന്ന ചര്ച്ചയാണ് ഇപ്പോള് ചൂടുപിടിക്കുന്നത്. കെ എല് രാഹുലിനെയും ജസ്പ്രീത് ബുംറയെയും ക്യാപ്റ്റന് പദവിയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇരുവരുടെയും പരിക്കും ഫോമില്ലായ്മയും വെല്ലുവിളിയാണ്.