ആയുധ കച്ചവടത്തിലൂടെ ലാഭം കൊയ്യാന്‍ ഹെഗ്സെത്ത്? യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ഓഹരി ഇടപാടില്‍ വിവാദം

ഒരു രാജ്യത്തിന്റെ പ്രതിരോധ നയങ്ങള്‍ രൂപീകരിക്കേണ്ട വ്യക്തി, പ്രതിരോധ മേഖലയിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഭിന്ന താല്‍പര്യമായി കണക്കാക്കപ്പെടുന്നു. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ ഹെഗ്സെത്തിന് ഭാവിയില്‍ പ്രതിരോധ കരാറുകളിലും സൈനിക ബജറ്റുകളിലും നേരിട്ട് ഇടപെടാന്‍ സാധിക്കും.

ആയുധ കച്ചവടത്തിലൂടെ ലാഭം കൊയ്യാന്‍ ഹെഗ്സെത്ത്? യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ഓഹരി ഇടപാടില്‍ വിവാദം
സുമ സണ്ണി
1 min read|01 Apr 2026, 07:23 am
dot image

യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും അദ്ദേഹത്തിന്റെ ഫണ്ട് മാനേജറും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നു. ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ഹെഗ്സെത്തിന്റെ ബ്രോക്കര്‍ വന്‍തോതില്‍ പ്രതിരോധ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാന ആരോപണം. യുദ്ധം വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് ഇതിലെ പ്രശ്‌നം.

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഹെഗ്സെത്തിന്റെ ഇന്‍വെസ്റ്റ്മെന്റ് ബ്രോക്കര്‍ ഡിഫന്‍സ് ഫണ്ട് വാങ്ങാന്‍ ശ്രമിച്ചതായാണ് വിവരം. യുദ്ധസമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ലാഭം വര്‍ധിക്കുമെന്ന ബിസിനസ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.

ഒരു രാജ്യത്തിന്റെ പ്രതിരോധ നയങ്ങള്‍ രൂപീകരിക്കേണ്ട വ്യക്തി, പ്രതിരോധ മേഖലയിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഭിന്ന താല്‍പര്യമായി കണക്കാക്കപ്പെടുന്നു. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ ഹെഗ്സെത്തിന് ഭാവിയില്‍ പ്രതിരോധ കരാറുകളിലും സൈനിക ബജറ്റുകളിലും നേരിട്ട് ഇടപെടാന്‍ സാധിക്കും. അങ്ങനെയുള്ള ഒരാള്‍ പ്രതിരോധ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ സുതാര്യതയെ ബാധിക്കും.

ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നു. നയരൂപീകരണത്തില്‍ പങ്കാളികളാകുന്നവര്‍ സ്വന്തം സാമ്പത്തിക ലാഭത്തിനായി തീരുമാനങ്ങള്‍ എടുക്കുമോ എന്ന ചോദ്യം ഇത് ഉയര്‍ത്തുന്നു. രാജ്യാന്തര ബിസിനസ്സ് നിയമങ്ങള്‍ അനുസരിച്ച്, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ ഔദ്യോഗിക പദവി നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഹെഗ്സെത്തിന്റെ ബ്രോക്കര്‍ നടത്തിയ നീക്കം വെറും ബിസിനസ് തീരുമാനം മാത്രമാണോ അതോ രാഷ്ട്രീയ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞുള്ളതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

പെന്റഗണിന്റെ മറുപടി

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പ്രതികരിച്ചു. ഹെഗ്സെത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇത്തരമൊരു നിക്ഷേപത്തിന് ശ്രമിച്ചിട്ടില്ലെന്നും, റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വലിയ ആയുധ കമ്പനികളായ ലോക് ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത് റോപ് ഗ്രൂമാന്‍ തുടങ്ങിയവയുടെ ഓഹരികള്‍ വാങ്ങാന്‍ ബ്രോക്കര്‍ ശ്രമിച്ചെങ്കിലും, ആ സമയത്ത് ആ പ്രത്യേക ഫണ്ട് ലഭ്യമാകാത്തതിനാല്‍ നിക്ഷേപം നടന്നില്ല എന്നാണ് സൂചന. എന്നാല്‍ വീണ്ടും അതില്‍ നിക്ഷേപിച്ചോ അല്ലെങ്കില്‍ വേറെ രീതിയില്‍ ഈ ഡിഫന്‍സ് കമ്പനികളില്‍നിന്ന് ലാഭമെടുക്കാന്‍ ശ്രമം നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഐ ഷെയേര്‍സ് എന്ന പേരിലുള്ള ഡിഫന്‍സ് ഇ ടി എഫിന്റെ 2006 മുതലുള്ള ആദായം പരിശോധിച്ചാല്‍ അത് 714 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ആയുധ കച്ചവടം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍, എല്ലാ കാലത്തും ഈ ഓഹരികളില്‍ സ്ഥിരമായ ഉയര്‍ച്ച ഉണ്ടായിരുന്നു.

ട്രംപ് ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് യുദ്ധവിവരങ്ങള്‍ മുന്‍കൂട്ടി അറിയാവുന്നതുകൊണ്ട് അവര്‍ വിപണിയില്‍നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന വലിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ വാര്‍ത്ത പുറത്തുവന്നത്. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ആയുധ കമ്പനികളില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാന്‍ അമേരിക്കന്‍ പ്രതിരോധ മേധാവി ശ്രമിച്ചുവെന്ന ആരോപണം പെന്റഗണ്‍ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ നിന്ന് വരുന്ന പല ഇന്‍സൈഡര്‍ ട്രേഡിങ് വാര്‍ത്തകളും ഇതോട് കൂട്ടി വായിക്കുമ്പോള്‍, ഭരണകൂടത്തോട് അടുത്ത് നില്‍ക്കുന്ന പലര്‍ക്കും കോടികള്‍ അനധികൃതമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് മനസിലാകും.

Content Highlights: Pete Hegseth's broker looked to buy defence fund before Iran attack: report

dot image
To advertise here,contact us
dot image