

സ്വർണം വാങ്ങുന്നവർക്ക് നിർണായകമായ മാറ്റവുമായി ഹാൾമാർക്കിങ് ചാർജ് ഉയർന്നു. സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നിരക്ക് ആഭരണത്തിന് 45ൽ നിന്ന് 75 രൂപയായി ആയി വർധിപ്പിച്ചിരിക്കുകയാണ്. അതായത് ഹാൾമാർക്കിങ് ചാർജിൽ ഏകദേശം 66.7 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വെള്ളി ആഭരണങ്ങളുടെ ഹാൾമാർക്കിങ് ചാർജ് നിലവിൽ 35 ആയി തുടരുന്നു.
ഹാൾമാർക്കിങ് ചാർജ് വർധിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. കൂടുതൽ ചെലവ് ഒഴിവാക്കാൻ ചില ജ്വല്ലറികൾ വ്യാജ ഹാൾമാർക്ക് മുദ്രകൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ മുന്നറിയിപ്പ് നൽകുന്നത്. പ്രത്യേകിച്ച് ഉപഭോക്തൃ ബോധവൽക്കരണം കുറവുള്ള പ്രദേശങ്ങളിൽ ഇത്തരം തട്ടിപ്പുകൾക്ക് സാധ്യത കൂടുതലാണെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ.
എന്നാൽ ഹാൾമാർക്ക് ചാർജ് ഉയർന്നുവെന്നത് കൊണ്ട് മാത്രം സ്വർണത്തിന്റെ വില അതേ അനുപാതത്തിൽ ഉയരുമെന്ന് കരുതേണ്ടതില്ല. 75 രൂപ എന്നത് ഓരോ സ്വർണാഭരണത്തിനും ജ്വല്ലറികൾ അംഗീകൃത അസയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിന് നൽകേണ്ട ഹാൾമാർക്കിങ് ഫീസാണ്. ഇത് സ്വർണത്തിന്റെ വില, പണിക്കൂലി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായ ചാർജാണ്.
സ്വർണം വാങ്ങുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടത് HUID നമ്പറാണ്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണത്തിൽ BIS ലോഗോ, സ്വർണത്തിന്റെ കാരറ്റ് അല്ലെങ്കിൽ ഫൈനനസ്, ആറ് അക്കങ്ങളുള്ള ആൽഫാന്യൂമെറിക് HUID നമ്പർ എന്നിവ ഉണ്ടായിരിക്കും. ഓരോ ഹാൾമാർക്ക് ചെയ്ത ആഭരണത്തിനും പ്രത്യേകമായ തിരിച്ചറിയൽ നമ്പറാണ് HUID.
ആഭരണത്തിലെ HUID നമ്പർ മാത്രം കണ്ട് വിശ്വസിക്കാതെ BIS കെയർ ആപ്പിലെ ‘Verify HUID’ സൗകര്യം ഉപയോഗിച്ച് പരിശോധിക്കാം. ആഭരണത്തിൽ കാണുന്ന വിവരങ്ങൾ BIS സംവിധാനത്തിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വാങ്ങുന്നതിന് മുമ്പ് ഉറപ്പാക്കുന്നത് പ്രധാനമാണ്. ജ്വല്ലറിയിൽ ഹാൾമാർക്ക് പരിശോധിക്കാൻ കുറഞ്ഞത് 10 മടങ്ങ് വലുപ്പത്തിൽ കാണാൻ കഴിയുന്ന മാഗ്നിഫയിങ് ഗ്ലാസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നതാണ് BIS നിബന്ധനകളിൽ പറയുന്നത്. കൂടാതെ രജിസ്റ്റർ ചെയ്ത ജ്വല്ലറിയുടെ BIS രജിസ്ട്രേഷൻ വിവരങ്ങളും പ്രദർശിപ്പിച്ചിരിക്കണം.
ഹാൾമാർക്കിങ് സംവിധാനത്തിന്റെ വ്യാപ്തിയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2026 ജൂലൈയിൽ രാജ്യത്ത് അംഗീകൃത അസയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിന്റെ എണ്ണം 1,577 ആയി ഉയർന്നതായി റിപോർട്ടുകൾ പറയുന്നു. 2025–26ൽ 13.22 കോടി സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഹാൾമാർക്കിങ് നടപടിക്ക് എടുക്കുന്ന സമയവും വർധിച്ചതായി ജെം ആൻഡ് ജ്വല്ലറി കൗൺസിൽ (GJC ) ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഏകദേശം ആറ് മണിക്കൂറിൽ പൂർത്തിയാക്കിയിരുന്ന നടപടിക്ക് ഇപ്പോൾ 24 മുതൽ 36 മണിക്കൂർ വരെ എടുക്കുന്ന സാഹചര്യമുണ്ടെന്നാണ് സംഘടനയുടെ വാദം. ഇത് ജ്വല്ലറികളുടെ പ്രവർത്തന മൂലധനം കൂടുതൽ സമയം തടഞ്ഞുവയ്ക്കുന്നതിനും അധിക സാമ്പത്തിക ചെലവിനും കാരണമാകുന്നതായും അവർ പറയുന്നു.
പുതിയ നിരക്ക് മൂലം ജ്വല്ലറി മേഖലയ്ക്ക് ഏകദേശം 400 കോടി രൂപ അധിക സാമ്പത്തിക ബാധ്യതയും ഏകദേശം 80 കോടി GST ബാധ്യതയും ഉണ്ടാകുമെന്നാണ് GJC കണക്കാക്കുന്നത്. അതേസമയം, ഹാൾമാർക്കിങ് ചാർജ് ഉയർത്തിയതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണത്തിൽ ഉണ്ടായ നേട്ടം എന്താണെന്ന് വ്യക്തമാക്കണമെന്ന് സംഘടന BISനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ ഇനി സ്വർണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്ര മാത്രം നോക്കുന്നത് മതിയാകില്ല. BIS ലോഗോ, കാരറ്റ്/ഫൈനനസ്, HUID നമ്പർ എന്നിവ പരിശോധിക്കുകയും HUID നമ്പർ BIS Care ആപ്പിൽ Verify HUID സൗകര്യം ഉപയോഗിച്ച് ഉറപ്പാക്കുകയും വേണം. ബില്ലിൽ സ്വർണത്തിന്റെ ഭാരം, ശുദ്ധി, സ്വർണവില, പണിക്കൂലി, നികുതി തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നത് സുരക്ഷിതമായ വാങ്ങലിന് സഹായിക്കും.
Content Highlights: Gold Hallmarking Charges Rise From ₹45 to ₹75: Will the Higher Cost Affect Buyers?