

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത്. ഇ ഡി നിയമ നടപടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഡൽഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇഡി കുറ്റപത്രത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഇഡിയുടെ റിവിഷന്‍ ഹര്‍ജിയെ ഇരുവരും എതിര്‍ത്തു. ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നും വിചാരണക്കോടതിയുടെ ഉത്തരവ് നിയമപരമായി പൂര്‍ണമായും സാധുവാണ് എന്നും അവര്‍ വാദിച്ചു. ഉത്തരവില്‍ പിഴവോ നിയമവിരുദ്ധതയോ ക്രമക്കേടോ ഇല്ലെന്നും വ്യക്തമാക്കി.
ജസ്റ്റിസ് സച്ചിന്‍ ദത്തയ്ക്ക് മുമ്പാകെ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിഭാഷകന്‍ സെപ്റ്റംബര്‍ 18നാണ് സത്യവാങ്മൂലം നൽകിയത്. കേസ് ഒക്ടോബര്‍ 12ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. 'കേസിന് ബാധകമായ നിയമ വ്യവസ്ഥകള്‍ പ്രകാരം ഇഡി സമര്‍പ്പിച്ച പരാതി നിലനില്‍ക്കുന്നതാണെന്ന് തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്നും 'സ്വകാര്യ പരാതി' എന്നോ 'പൊതുജനമോ പൗരനോ നല്‍കുന്ന പരാതി' എന്നോ ഉള്ള പരാമര്‍ശങ്ങള്‍ നിയമപരമായ ചട്ടക്കൂടില്‍ ഇല്ല എന്നുമായിരുന്നു സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാദിച്ചത്.
2025 ഡിസംബര്‍ 16നാണ് കേസില്‍ ഇഡി സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കുന്നത് നിയമപരമായി അനുവദനീയമല്ല എന്ന് വിചാരണക്കോടതി വ്യക്തമാക്കിയത്. ഇഡിയുടെ പരാതി ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Content Highlights: Sonia Gandhi and Rahul Gandhi have opposed the Enforcement Directorate’s plea before the Delhi High Court in the National Herald-linked money laundering case. They argued that the ED’s revision plea is not maintainable and challenged the agency’s complaint before the court. The High Court has listed the matter for October 12