

കൊച്ചിയെ ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കി മാറ്റാനുള്ള നിർണായക നീക്കമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയിരിക്കുന്നത്. ദുബായ് ആസ്ഥാനമായ ഡി.പി. വേൾഡിന്റെ ഡ്രൈഡോക്സ് വേൾഡുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് 50:50 പങ്കാളിത്തത്തിലുള്ള സംയുക്ത സംരംഭത്തിന് കരാറിൽ ഒപ്പുവെച്ചു.
കൊച്ചിയിലെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുകയാണ് പുതിയ സംയുക്ത സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം കൂടുതൽ കപ്പലുകൾക്ക് ഒരേസമയം അറ്റകുറ്റപ്പണി നടത്താനുള്ള ശേഷിയും വർധിപ്പിക്കും. നിലവിൽ ആറ് പ്രവർത്തന കേന്ദ്രങ്ങളുള്ള സൗകര്യം 16 പ്രവർത്തന കേന്ദ്രങ്ങളിലേക്ക് ഉയർത്താനാണ് പദ്ധതി.
കപ്പൽ അറ്റകുറ്റപ്പണി, പരിപാലനം, നവീകരണം തുടങ്ങിയ മേഖലകളിൽ കൊച്ചിൻ ഷിപ്പ്‌യാർഡിനുള്ള ദീർഘകാല പരിചയവും ലോകത്തെ പ്രമുഖ കപ്പൽ അറ്റകുറ്റപ്പണി സ്ഥാപനങ്ങളിലൊന്നായ ഡ്രൈഡോക്സ് വേൾഡിന്റെ സാങ്കേതികവും അന്താരാഷ്ട്രവുമായ പരിചയവും ഒരുമിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രത്യേകത.
കൊച്ചിയിലെ ഈ കേന്ദ്രത്തിൽ വാണിജ്യ കപ്പലുകൾക്ക് പുറമെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കപ്പലുകൾക്കും അറ്റകുറ്റപ്പണി സേവനങ്ങൾ നൽകാൻ കഴിയും. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ അന്താരാഷ്ട്ര കപ്പലുകളെ ആകർഷിക്കാനും വിദേശത്തേക്ക് പോകുന്ന കപ്പൽ അറ്റകുറ്റപ്പണി ജോലികളുടെ ഒരു ഭാഗം രാജ്യത്തിനകത്തേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.
വലിയ നിക്ഷേപത്തിനൊപ്പം കേരളത്തിലെ തൊഴിൽ അവസരങ്ങളും അനുബന്ധ വ്യവസായങ്ങളും വളരാൻ ഇത് വഴിയൊരുക്കും. കപ്പൽ നിർമ്മാണത്തിൽ മാത്രമല്ല, കപ്പൽ അറ്റകുറ്റപ്പണി രംഗത്തും ഇന്ത്യയെ ശക്തമായ ആഗോള കേന്ദ്രമാക്കാനുള്ള നീക്കത്തിനും പദ്ധതി കരുത്തേകും. പ്രത്യേകിച്ച്, കടൽമാർഗമുള്ള ആഗോള വ്യാപാരത്തിന് സുരക്ഷിതമായ കപ്പൽ ഗതാഗതവും കാര്യക്ഷമമായ അറ്റകുറ്റപ്പണി സംവിധാനങ്ങളും കൂടുതൽ നിർണായകമാകുന്ന സാഹചര്യത്തിലാണ് ഈ കൂട്ടുകെട്ട് വരുന്നത്. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സമുദ്രവ്യാപാര സുരക്ഷയ്ക്കും കപ്പൽ ഗതാഗതത്തിനും നൽകുന്ന പ്രാധാന്യവും ഇതിന് കൂടുതൽ പ്രസക്തി നൽകുന്നു.
Content Highlights: Global Ships Set to Arrive in Kochi as Cochin Shipyard Joins Hands with DP World