അന്ന് ഒന്നിച്ച് തിയേറ്ററുകൾ കീഴടക്കി, ഇന്ന് നേർക്കുനേർ; ബോക്‌സ് ഓഫീസിൽ കത്തിക്കയറി ഉർവശിയും പാർവതിയും

രണ്ട് സിനിമകള്‍ക്കും പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

അന്ന് ഒന്നിച്ച് തിയേറ്ററുകൾ കീഴടക്കി, ഇന്ന് നേർക്കുനേർ; ബോക്‌സ് ഓഫീസിൽ കത്തിക്കയറി ഉർവശിയും പാർവതിയും
dot image

മലയാള സിനിമയിൽ പുതിയൊരു റിലീസ് ക്ലാഷിന് വേദിയൊരുങ്ങിയിരിക്കുകയാണ്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, ആശ എന്നീ രണ്ട് സിനിമകളാണ് മികച്ച അഭിപ്രായം നേടി തിയേറ്ററിൽ വലിയ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ആശ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഉർവശിയാണെങ്കിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ നായിക പാർവതി തിരുവോത്താണ്.

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രങ്ങളാണെങ്കിലും തികച്ചും വ്യത്യസ്തമായ കഥയും കഥാപരിസരവുമാണ് ആശയിലും പിഡികെയിലുമുള്ളത്. പൊലീസ് സ്റ്റേഷൻ ചുറ്റിപ്പറ്റിയാണ് പിഡികെ കഥ പറയുന്നതെങ്കിൽ ആശയുടേത് വീട്ടിൽ നടക്കുന്ന കഥയാണ്. സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് സ്വന്തമാക്കാനാകുന്നത്.

ഇതോടെ മലയാള സിനിമയിൽ അപൂർവ്വമായ ഒരു ക്ലാഷാണ് സിനിമാപ്രേമികൾ കാണുന്നത്. നായികമാർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമകൾ തമ്മിൽ ഇത്തരത്തിലൊരു ഇഞ്ചോടിഞ്ച് പോരാട്ടം ഇതുവരെ നടന്നിട്ടില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. തിയേറ്ററിലെ ക്ലാഷ് റിലീസുകൾ നായകന്മാരുടെ പേരിൽ മാത്രം അറിയപ്പെടുന്ന കാലത്തിൽ നിന്നുള്ള മാറ്റമായി കൂടി ഈ ഉർവശി, പാർവതി സിനിമകളെ കാണുന്നവരും ഏറെയാണ്.

Urvashi movie

രണ്ട് വർഷം മുൻപ് മലയാള സിനിമയിലെ സ്ത്രീകൾ എവിടെ എന്ന് ചോദിച്ചിരുന്ന സമയത്ത്, ഉള്ളൊഴുക്കിലൂടെ ഉർവശിയും പാർവതിയും ഒന്നിച്ചെത്തി അതിനൊരു മറുപടി നൽകിയിരുന്നു. അന്ന് തിയേറ്ററുകളിൽ വിജയമായതിനൊപ്പം നിരൂപകരിൽ നിന്നും ചലച്ചിത്രമേളകളിലുമെല്ലാം സിനിമ വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ സിനിമാലോകത്തിന് മുൻപിൽ മലയാളത്തിന്റെ അഭിമാന ചിത്രങ്ങളിൽ ഒന്നായും ഉള്ളൊഴുക്ക് മാറിയിരുന്നു.

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ്. ഉർവശിക്ക് പുറമെ ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരുടെ അസാധ്യ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്ന എഡിറ്റിംഗും ഗോവിന്ദ് വസന്ത ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും തീർച്ചയായും ഒരു വരിഞ്ഞുമുറുക്കുന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം.

Ullozhukku movie

11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlights: Urvashi and Parvathi Thiruvothu starring movies Aasha and PDK clash at theatres

dot image
To advertise here,contact us
dot image