ട്രെയിന്‍ നഷ്ടമാക്കല്ലേ…പണം പോകും; റീഫണ്ടിന്റെയും നഷ്ടപരിഹാരത്തിന്റെയും മാനദണ്ഡങ്ങളുമായി ഇത്തിഹാദ് റെയില്‍

ട്രെയിന്‍ പുറപ്പെടുന്നതിന്റെ രണ്ട് മിനിറ്റ് മുമ്പ് പ്രവേശന ഗേറ്റ് അടച്ചിടുമെന്ന് പാസഞ്ചര്‍ ചാര്‍ട്ടറില്‍ ഇത്തിഹാദ് റെയില്‍ വ്യക്തമാക്കി

ട്രെയിന്‍ നഷ്ടമാക്കല്ലേ…പണം പോകും; റീഫണ്ടിന്റെയും നഷ്ടപരിഹാരത്തിന്റെയും മാനദണ്ഡങ്ങളുമായി ഇത്തിഹാദ് റെയില്‍
dot image

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍. ഓപ്പറേറ്ററുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയില്ലാതെ യാത്രക്കാര്‍ക്ക് ട്രെയിന്‍ നഷ്ടമായാല്‍ റീഫണ്ടോ, നഷ്ടപരിഹാരമോ ലഭിക്കില്ലെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് യാത്രക്കാര്‍ സ്റ്റേഷനിലെത്തണമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന്റെ രണ്ട് മിനിറ്റ് മുമ്പ് പ്രവേശന ഗേറ്റ് അടച്ചിടുമെന്ന് പാസഞ്ചര്‍ ചാര്‍ട്ടറില്‍ ഇത്തിഹാദ് റെയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിന് ശേഷം വരുന്ന ഒരു യാത്രക്കാരെയും പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഇത്തിഹാദ് റെയില്‍ അറിയിച്ചു.

ബോര്‍ഡിങ്ങ് പ്രോസസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയം മുന്‍കൂട്ടി കണക്കാക്കി വേണം യാത്രക്കാര്‍ സ്റ്റേഷനിലെത്താന്‍. ടിക്കറ്റ് എടുത്തിട്ട് യാത്ര ചെയ്യാത്തവരെയോ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാത്തവരെയോ 'നോ ഷോ' എന്നായിരിക്കും രേഖപ്പെടുത്തുക.

അത്തരം യാത്രക്കാരുടെ ടിക്കറ്റ് അസാധുവാകുമെന്നും റീഫണ്ട് ലഭിക്കില്ലെന്നും റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ സ്റ്റേഷനിലെ യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ സ്‌ക്രീനുകളും അനൗണ്‍സ്‌മെന്റുകളും ശ്രദ്ധിക്കണം. ട്രെയിന്‍ പുറപ്പെടുന്ന സമയം, പ്ലാറ്റ്‌ഫോം നമ്പര്‍, എത്തുന്ന സമയം എന്നിവ കൃത്യമായും ശ്രദ്ധിക്കണം. യാത്രക്കാര്‍ തെറ്റായ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതോ തെറ്റായ സ്‌റ്റോപ്പില്‍ ഇറങ്ങുന്നതോ ആയ വീഴ്ചകളില്‍ ഇത്തിഹാദ് റെയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം, യാത്രക്കാര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഓപ്പറേറ്റര്‍ ഉത്തരവാദികളാകില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ട്രെയിന്‍ 30 മിനിറ്റോ അതില്‍ കൂടുതലോ വൈകിയാല്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നില്ല എന്ന ഓപ്ഷനോ, റീ ബുക്ക് ചെയ്യുന്നതിനോ, റീ ഫണ്ടിനോ സാധിക്കുമെന്നും റെയില്‍ വ്യക്തമാക്കി. ഇനി ട്രെയിന്‍ ക്യാന്‍സലായാലും മറ്റൊരു ട്രെയിനിന് ടിക്കറ്റെടുക്കാമെന്നും ഇത്തിഹാദ് അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കുന്നിനൊപ്പം ഇ-മെയില്‍, ടെക്സ്റ്റ് മെസേജുകള്‍, വാട്‌സ്ആപ്പ് എന്നിവ വഴിയും അറിയിക്കും. ഇനി ഒരു ട്രെയിന്‍ ലേറ്റായി സര്‍വീസ് ചെയ്തതിന്റെ ഭാഗമായി കണക്ടിങ്ങ് ട്രെയിന്‍ ലഭിക്കാതെ പോകുന്ന യാത്രക്കാര്‍ക്ക് അടുത്തതായി ലഭ്യമാകുന്ന ട്രെയിന്‍ റീബുക്ക് ചെയ്ത് കൊടുക്കും. ഇതിന് തുക ഈടാക്കുന്നതായിരിക്കില്ല.

Content Highlights:  Etihad Rail has warned passengers that refunds or compensation will not be provided if they miss their train due to reasons unrelated to the operator.

dot image
To advertise here,contact us
dot image