

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇതുവരെ ലഭിക്കാതെ പ്രളയബാധിതര്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. അലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തും പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും ദുരിത ബാധിതതരുടെ കൈയ്യില്‍ എത്തിയില്ല. അലപ്പുഴ ജില്ലയില്‍ ഫീല്‍ഡ് ലെവല്‍ പരിശോധന പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. ജില്ലയില്‍ മൂന്നു താലൂക്കുകളിലായി ഒരു ലക്ഷത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. കുട്ടനാട് ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കൂടുതല്‍ വെള്ളം കയറിയത്.
കുട്ടനാട്ടില്‍ മാത്രം 40,000 വീടുകളില്‍ വെള്ളം കയറി എന്നാണ് കണക്ക്. ഫീല്‍ഡ് പരിശോധനയില്‍ ജനപ്രതിനിധികള്‍ ഇല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സഹായധനത്തിനുള്ള നടപടികള്‍ ഇഴയുന്നെന്നാണ് പ്രളയബാധിതര്‍ പറയുന്നത്. തൊഴില്‍രഹിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച തുകയുടെ കാര്യത്തിലും തീരുമാനം ഇല്ല. ഇതില്‍ പരിശോധന പോലും തുടങ്ങിയിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ വെള്ളപ്പൊക്കം കാരണം തൊഴില്‍ നഷ്ടപ്പെട്ട രണ്ടുപേര്‍ക്കാണ് 2100 രൂപ വീതം സഹായം ലഭിക്കുക. ഭാഗികമായും പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്കുള്ള ധനസഹായ തുകയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ധനസഹായം അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യുമെന്നാണ് എംഎല്‍എ റജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.
പ്രളയ അടിയന്തര ധനസഹായ വിതരണം വേഗത്തില്‍ ആക്കണമെന്ന ആവശ്യവുമായി റാന്നിയിലെ വ്യാപാരികളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ റാന്നിയില്‍ പ്രളയ ബാധിതരായ 400 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായ തുക വിതരണം ചെയ്തിട്ടുണ്ട്. അടിയന്തര ധനസഹായം പതിനായിരം രൂപ വീതം ഇനി 694 കുടുംബങ്ങള്‍ക്കാണ് ലഭിക്കാനുള്ളത്. വ്യാപാരികള്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് ആവശ്യം. റാന്നിയില്‍ ആകെ 1094 വീടുകളില്‍ വെള്ളം കയറിയിരുന്നു. റാന്നി താലൂക്കില്‍ 777 വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.
ധനസഹായ വിതരണത്തില്‍ വീടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫ്‌ലഡ് പോര്‍ട്ടലില്‍ വ്യാപാരസ്ഥാപനങ്ങള്‍ വീടുകള്‍ എന്ന വേര്‍തിരിവ് ഇല്ല. അതിനാല്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും പ്രത്യേകമായി തരംതിരിക്കേണ്ടി വരും. അടിയന്തര ധനസഹായ വിതരണം തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക നല്‍കാതിരിക്കാന്‍ കമ്പനികള്‍ പരമാവധി ശ്രമിക്കുന്നതായി റാന്നിയിലെ വ്യാപാരി രാജേഷ് അറയ്ക്ക മണ്ണില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം വേഗത്തില്‍ ആക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയത്തും പ്രളയ ദുരിതാശ്വാസമില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രളയം ബാധിച്ച പ്രദേശത്തെ വീട്ടുകാര്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. കോട്ടയം താലൂക്കില്‍ 30000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഓണത്തിന് മുന്‍പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിന്റെ നിരാശയിലാണ് ദുരിതബാധിതര്‍. എത്രയും വേഗം പണം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റു താലൂക്കുകളിലും സമാന അവസ്ഥയാണ്. എല്‍ആര്‍ഡി പോര്‍ട്ടലില്‍ ആളുകളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിലെ കാലതാമസമാണ് കാരണം എന്നാണ് വിവരം. പോര്‍ട്ടലിന്റെ ലാഗും , ദുരിതബാധിതരുടെ എണ്ണ കൂടുതലുമാണ് കാലതാമസം വരാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Content Highlights: Flood-affected families in Alappuzha, Pathanamthitta and Kottayam reportedly continue to wait for the emergency financial assistance announced by the government. In Alappuzha, field-level verification has reportedly not been completed, despite water entering more than one lakh houses across three taluks, including around 40,000 houses in Kuttanad. Relief for those who lost employment and assistance for partially or completely damaged houses are also yet to be finalised, while MLA Raji Cherian said distribution is expected to begin next week.