

ബെംഗളൂരുവിലെ പെട്രോൾ പമ്പിലെ ഫ്യുവൽ മെഷീനിൽ നിന്ന് ഇലക്ട്രോണിക് ചിപ്പ് കണ്ടെത്തിയതായി പരാതി. ഹൊസൂർ റോഡിലെ HPCL പമ്പിലെ ഫ്യുവ്വൽ മെഷീനിലാണ് ചിപ്പ് കണ്ടെത്തിയത്. സ്ഥിരമായി നടത്തുന്ന പരിശോധനയ്‌ക്കിടയിലാണ് ചിപ്പുകൾ കണ്ടെത്തിയത്. ജൂലൈ 24നായിരുന്നു പമ്പിൽ പരിശോധന നടന്നത്. ഫ്യുവൽ മെഷീൻ പരിശോധനയ്ക്കിടെ സംശയം തോന്നിയ മെക്കാനിക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് ചിപ്പ് കണ്ടെത്തിയത്. ഉടനെത്തന്നെ ഇക്കാര്യം പമ്പ് ഉടമയെ അറിയിക്കുകയും അദ്ദേഹം പൊലീസിൽ പരാതി നൽകുകയും ചെയ്തു. മെഷീനിൽ കാണിക്കുന്നതിലും കുറഞ്ഞ അളവ് ഇന്ധനം അടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത് എന്നാണ് പരാതി.
2020 മുതൽ ലൈസൻസോടെ പമ്പ് നടത്തിവരുന്ന ഉടമ ഉടൻതന്നെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അധികൃതരെയും വിവരമറിയിച്ചു. പിന്നീട് ഫ്യുവൽ മെഷീനിന്റെ വിശദമായ പരിശോധനയും നടത്തി. താൻ കമ്പനി നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നയാളാണെന്നും എല്ലാ പരിശോധനകളും നടത്തിയതാണെന്നും ഉടമ പറഞ്ഞു. ചിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഫ്യുവൽ മെഷീനിന്റെ ഡിസ്പ്ലേ ബോർഡുകൾ അടക്കമുള്ളവ അധികൃതർ അഴിച്ചുകൊണ്ടുപോയി.
അജ്ഞാതരാണ് മെഷീനിൽ ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ചത് എന്നാണ് ഉടമയുടെ പരാതി. ഫ്യുവൽ മെഷീനെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് ഇത് ചെയ്തിട്ടുണ്ടാകുക എന്നും അറ്റകുറ്റപ്പണിയുടെ ഇടയിൽ ആകണം ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകുക എന്നും ഉടമ പറയുന്നു. ഉടമയുടെ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിപ്പുകളും മെയിന്റനൻസ് റെക്കോർഡുകളും പരിശോധിച്ച് കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കൊടുത്ത പൈസക്ക് ഇന്ധനം ലഭിക്കാതെ ഉപയോക്താക്കൾ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. പമ്പിലെ മുൻ ജീവനക്കാർ, ടെക്‌നീഷ്യന്മാർ തുടങ്ങി എല്ലാവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
Content Highlights: An electronic chip was reportedly found inside a fuel dispensing machine at an HPCL petrol pump on Hosur Road in Bengaluru. The chips were discovered during a routine inspection of the fuel machine, raising concerns over possible irregularities in fuel dispensing operations.