മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍

തന്റെ ആദ്യ കേരള സന്ദര്‍ശനമാണിതെന്ന് പറഞ്ഞ യുഎസ് സ്ഥാനപതി കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ കുറിച്ചും സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ചും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വളര്‍ച്ചയെ കുറിച്ചും വാചാലനായി

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍
dot image

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറും തമ്മില്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയുടെ ഭാഗമായി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളില്‍ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

കേരളത്തിലെയും അമേരിക്കയിലെയും സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മേഖലയിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലുമുള്ള അവസരങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

തന്റെ ആദ്യ കേരള സന്ദര്‍ശനമാണിതെന്ന് പറഞ്ഞ യുഎസ് സ്ഥാനപതി കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ കുറിച്ചും സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ചും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വളര്‍ച്ചയെ കുറിച്ചും വാചാലനായി. ആരോഗ്യക്ഷേമം, ആയുര്‍വേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് 'സിസ്റ്റര്‍ സിറ്റീസ്' മാതൃകയിലുള്ള പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയില്‍ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളാണുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്‌സ്, കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീന്‍ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയിലെ നിക്ഷേപാവസരങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ കമ്പനികള്‍ക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നതിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ച അമേരിക്കന്‍ സ്ഥാനപതി ഇത്തരം സംരംഭങ്ങള്‍ കേരളവുമായുള്ള സാമ്പത്തിക സഹകരണത്തിന് ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ മലയാളി സമൂഹവുമായും മറ്റ് വ്യവസായ ശൃംഖലകളുമായുമുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി യുഎസിലെ പ്രവാസി മലയാളികള്‍ക്കും മറ്റ് നിക്ഷേപകര്‍ക്കും കേരളത്തിലെ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി അമേരിക്കയില്‍ ഒരു 'ഇന്‍വെസ്റ്റ് ഡെസ്‌ക്' ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേരളവും അമേരിക്കയും തമ്മില്‍ ഇരുവരുടെയും താൽപര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പങ്കാളിത്തം തുടരുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.

Content Highlights: Chief Minister V. D. Satheesan and US Ambassador Sergio Gore held a meeting in Kochi to explore stronger Kerala-US cooperation. Discussions covered higher education, tourism, investment, coastal and port development, joint research and academic exchanges. Opportunities to strengthen cultural ties and people-to-people connections were also discussed.

dot image
To advertise here,contact us
dot image