

പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ 'ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം' സംഘടിപ്പിക്കുന്ന രണ്ടാമത് 'സോപാന സംഗീത പരിക്രമം' ആഗസ്റ്റ് 8-ന് കർണാടകയിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പ്രാരംഭം കുറിച്ചു. കേരളത്തിന്റെ തനതു കലയായ സോപാന സംഗീതത്തിന്റെ പഠനവും പ്രചാരണവും ലക്ഷ്യമിട്ടാണ് ഈ അപൂർവ സംഗീതയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ യാത്ര കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ 24 പ്രമുഖ ക്ഷേത്രസങ്കേതങ്ങളിലൂടെ കടന്നുപോകും. എല്ലാ ക്ഷേത്രങ്ങളിലും സോപാന സംഗീതാർച്ചന നടത്തിക്കൊണ്ട്, ആഗസ്റ്റ് 14-ന് പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് പരിക്രമം സമാപിക്കുന്നത്.
സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന 30 അംഗ പ്രവാസി സംഘമാണ് ഈ യാത്രയിൽ അണിനിരക്കുന്നത്. സോപാനരത്നം അമ്പലപ്പുഴ വിജയകുമാറും സന്തോഷ് കൈലാസും ചേർന്നാണ് സംഗീതയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. യാത്രയുടെ ഭാഗമായി, സോപാന സംഗീത ശാഖയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ 13 മുതിർന്ന ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളിൽ വെച്ച് ആദരിക്കുന്ന 'ആചാര്യവന്ദനം' ചടങ്ങും നടക്കും.
കേരളീയ വാദ്യകലകളെയും പരമ്പരാഗത സംഗീതത്തെയും പ്രവാസലോകത്ത് നെഞ്ചിലേറ്റുന്ന ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം കഴിഞ്ഞ 17 വർഷമായി ഈ രംഗത്ത് സജീവമാണ്. ഇതിനോടകം 600-ലേറെ പേർക്ക് വാദ്യകലകളിലും 100-ലധികം പേർക്ക് സോപാന സംഗീതത്തിലും ഇവർ പരിശീലനം നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളപരിപാടികളിലൊന്നായ 'വാദ്യസംഗമം' നടത്തുന്നതും ഇവരാണ്. വരും വർഷങ്ങളിൽ സോപാന സംഗീതവും മേളവുമായി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും യാത്ര വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ പ്രവാസി കൂട്ടായ്മ.
Content Highlights: