ഇതാ, ഇന്ത്യക്ക് മറ്റൊരു ചോപ്ര!; ലോക വേദിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം

ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ആശിഷ് യാദവിന് വെള്ളി

ഇതാ, ഇന്ത്യക്ക് മറ്റൊരു ചോപ്ര!; ലോക വേദിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം
dot image

ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മികച്ച നേട്ടം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം ആശിഷ് യാദവ് വെള്ളി മെഡല്‍ നേടി. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ഈ ഇനത്തില്‍ നീരജ് ചോപ്രയ്ക്ക് ശേഷം മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആശിഷ് യാദവ് എന്ന പ്രത്യേകതയുമുണ്ട്.

19-കാരനായ ആശിഷ് 74.09 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് വെള്ളി സ്വന്തമാക്കിയത്. സീസണിലെ അണ്ടര്‍ 20 ലോകത്തെ ഏറ്റവും മികച്ച പ്രകടനമായ 80.50 മീറ്റര്‍ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ യാന്‍-ഹെന്‍ഡ്രിക് ഹെയ്മാന്‍സ് സ്വര്‍ണവും, 73.89 മീറ്റര്‍ ദൂരത്തോടെ ഡൊമിനിക്കയുടെ അഡിസണ്‍ ജെയിംസ് വെങ്കലവും നേടി. 2016-ല്‍ പോളണ്ടിലെ ബിഡ്‌ഗോഷ്ചില്‍ നടന്ന അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്ററിന്റെ ലോക ജൂനിയര്‍ റെക്കോര്‍ഡോടെ നീരജ് ചോപ്ര ഇന്ത്യയ്ക്കായി ആദ്യമായി ജാവലിന്‍ സ്വര്‍ണം നേടിയിരുന്നു. നീരജിന്റെ ഈ ചരിത്രനേട്ടത്തിന് ഒരു പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു ഇന്ത്യന്‍ താരം ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്.

ഫൈനലിലെ തന്റെ ആദ്യ ശ്രമത്തില്‍ 69.96 മീറ്റര്‍ കണ്ടെത്തിയ ആശിഷിന്റെ രണ്ടാമത്തെ ശ്രമം ഫൗളാവുകയായിരുന്നു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ മികച്ച പ്രകടനം (74.09 മീറ്റര്‍) പുറത്തെടുത്ത് താരം വെള്ളി ഉറപ്പിച്ചു. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 72.31 മീറ്റര്‍, 70.62 മീറ്റര്‍, 67.98 മീറ്റര്‍ എന്നിങ്ങനെയാണ് താരം എറിഞ്ഞത്. മറുഭാഗത്ത്, ആദ്യ ശ്രമത്തില്‍ തന്നെ 76.92 മീറ്റര്‍ കണ്ടെത്തിയ ഹെയ്മാന്‍സ് അഞ്ചാം ശ്രമത്തില്‍ 79.42 മീറ്ററായും അവസാന ശ്രമത്തില്‍ 80.50 മീറ്ററായും പ്രകടനം നടത്തി സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

ഈവര്‍ഷം തുടക്കത്തില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ത്രോസ് കോംപറ്റീഷനില്‍ 74.49 മീറ്റര്‍ എറിഞ്ഞതാണ് ആശിഷിന്റെ വ്യക്തിഗത മികച്ച പ്രകടനം. ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ടി. ധരണിധരന്‍ 72.35 മീറ്റര്‍ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യതാ റൗണ്ടില്‍ ഇരുവര്‍ക്കും നേരിട്ടുള്ള യോഗ്യതാ മാര്‍ക്കായ 72.50 മീറ്റര്‍ കടക്കാനായില്ലെങ്കിലും, മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ 12 പേരില്‍ ഉള്‍പ്പെട്ട് രണ്ടുപേരും ഫൈനലിലേക്ക് മുന്നേറി. യോഗ്യതാ റൗണ്ടില്‍ 69.87 മീറ്ററോടെ ആശിഷ് രണ്ടാമതും 68.07 മീറ്ററോടെ ധരണിധരന്‍ 12-ാമതുമാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിലും 76.02 മീറ്ററോടെ ഹെയ്മാന്‍സ് തന്നെയാണ് ഒന്നാമതെത്തിയത്.

23 പുരുഷന്മാരും 13 വനിതകളും അടങ്ങുന്ന 36 അംഗ സംഘത്തെയാണ് ഇന്ത്യ ഇത്തവണ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് അയച്ചത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഫൈനലില്‍ 46.20 സെക്കന്‍ഡില്‍ എട്ടാമതായി ഫിനിഷ് ചെയ്ത മുഹമ്മദ് അഷ്ഫാഖാണ് ടൂര്‍ണമെന്റില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം. മുന്‍പ് നടന്ന ഹീറ്റ്‌സില്‍ 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അഷ്ഫാഖ് സ്വന്തം അണ്ടര്‍-20 ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് സെമിഫൈനലിലേക്ക് കടന്നത്. 147 രാജ്യങ്ങളില്‍ നിന്നായി 1,800-ലധികം കായികതാരങ്ങളാണ് ഇത്തവണത്തെ ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.

content highlights: Here Comes Another 'Chopra' for India! Ashish Yadav Wins Javelin Silver at World U20 Athletics Championships

dot image
To advertise here,contact us
dot image