4200 കോടിയുടെ ഹൈവേയിൽ നിറയെ കുണ്ടും കുഴിയും; കരാർ കമ്പനിയിൽ നിന്ന് ദിവസവും 42 ലക്ഷം പിഴ ഈടാക്കാൻ NHAI

മൂന്നാഴ്ച മുൻപാണ് ലക്‌നൗ- കാൺപൂർ നാഷണൽ എക്സ്പ്രസ്സ് വേ ജനങ്ങൾക്കായി തുറന്നുകൊടുത്തത്

4200 കോടിയുടെ ഹൈവേയിൽ നിറയെ കുണ്ടും കുഴിയും; കരാർ കമ്പനിയിൽ നിന്ന് ദിവസവും 42 ലക്ഷം പിഴ ഈടാക്കാൻ NHAI
dot image

4200 കോടി രൂപ മുടക്കി പണിത ലക്‌നൗ- കാൺപൂർ നാഷണൽ എക്സ്പ്രസ്സ് വേയിലെ ടോൾ പിരിവ് നിർത്തിവെക്കേണ്ടി വന്നത് മൂലം കരാർ കമ്പനിയിൽ നിന്ന് പിഴ ഈടാക്കാൻ ദേശീയപാത അതോറിറ്റി. ദിവസേന 42 ലക്ഷം രൂപയാണ് കരാർ ഏറ്റെടുത്ത പിഎൻസി ഇൻഫ്രാടെക്കിൽ നിന്ന് ദേശീയപാത അതോറിറ്റി ഈടാക്കുക. പാതയിൽ രൂപപ്പെട്ട കുണ്ടും കുഴിയും മൂലം ടോൾ പിരിവ് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇതിന് നഷ്ടപരിഹാരമായാണ് ദേശീയപാത അതോറിറ്റി പിഴ ഈടാക്കുന്നത്.

മൂന്ന് ആഴ്ച മുൻപാണ് ലക്‌നൗ- കാൺപൂർ നാഷണൽ എക്സ്പ്രസ്സ് വേ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പാതയുടെ പല ഭാഗങ്ങളിൽ വിള്ളലുകളും കുഴികളും രൂപപ്പെട്ടിരുന്നു. പിന്നാലെ പല ഭാഗങ്ങളിലും അറ്റകുറ്റപ്പണിയും പുനർനിർമാണവും ആവശ്യമായി വന്നിരുന്നു. എപ്പോഴാണ് അറ്റകുറ്റപ്പണി അവസാനിക്കുക എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുമില്ല. ഇതോടെയാണ് ദേശീയപാത അതോറിറ്റി പിഴ ഈടാക്കാൻ തീരുമാനിച്ചത്. വാഹന ഗതാഗതം സുഖമമാകുന്നത് വരെ എല്ലാ ദിവസവും 42 ലക്ഷം രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

നിർമാണ കരാർ ഏറ്റെടുത്ത പിഎൻസി ഇൻഫ്രാടെക്കിനെതിരെ നേരത്തെയും പരാതികളുണ്ട്. കൈകൂലികേസിൽ സിബിഐ വിചാരണ നേരിടുന്ന കമ്പനി 3483 കോടിയുടെ നാഷണൽ ഹൈവേ പ്രോജക്ടുകൾ നേടിയിരുന്നു. കമ്പനിയെ നേരത്തെതന്നെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു എന്നാണ് വിവരം.ബാരാബങ്കി-മുസ്തഫാബാദ് നാലുവരിപ്പാതയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. മുസ്തഫാബാദ്-ബിസ്വാൻ നാലുവരി പാതയുടെ കരാറും കമ്പനിക്ക് ലഭിച്ചിരുന്നു.

2024ലാണ് പിഎൻസിയിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കൈകൂലി നൽകിയെന്ന പരാതിയിൽ കേസ് എടുത്തത്. ദേശീയപാത അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനാണ് കരാർ അനുമതിയുമായി ബന്ധപ്പെട്ട് പിഎൻസിയിൽ നിന്ന് കൈക്കൂലി വാങ്ങിയത്. ഇത്തരത്തിൽ അന്വേഷണങ്ങൾ നടക്കുന്നതിനിടെ കൂടിയാണ് കമ്പനിക്ക് 4200 കോടിയുടെ ലക്‌നൗ- കാൺപൂർ പാതയുടെ കരാർ ലഭിച്ചത്.

Content Highlights: NHAI plans to recover a daily penalty of ₹42 lakh from PNC Infratech after toll collection had to be stopped on the ₹4,200-crore Lucknow-Kanpur National Expressway. The action follows the disruption in toll operations on the major expressway connecting Lucknow and Kanpur in Uttar Pradesh.

dot image
To advertise here,contact us
dot image