

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്ന് തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം (2025) ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത് .
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു .
സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.
വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.
ഇത്തവണ തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 25 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 30 കോടി രൂപയാക്കിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഒരു ലോട്ടറിക്ക് നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അതേസമയം, സമ്മാനഘടനയിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായി മുൻപ് 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമായി കുറച്ചിട്ടുണ്ട്.
സമ്മാനത്തുക വർദ്ധിപ്പിച്ചെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 500 രൂപയാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് വില 357.14 രൂപ + 40 ശതമാനം ജി.എസ്.ടി). TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. പ്രാഥമികമായി 90 ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, വിപണിയിലെ ഡിമാന്റ് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
മൊത്തം 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ തിരുവോണം ബംബറിലൂടെ ഭാഗ്യാന്വേഷികളെ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും (ഓരോ സീരീസിലും രണ്ട് വീതം), മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും (ഓരോ സീരീസിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതവും (10 പേർക്ക്), അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതവും (10 പേർക്ക്) ആണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 9 പേർക്ക് ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിലായി യഥാക്രമം 5000, 2000, 1000, 500 രൂപ വീതമുള്ള ലക്ഷക്കണക്കിന് മറ്റ് സമ്മാനങ്ങളും ലോട്ടറിയിലുണ്ട്.
സെപ്റ്റംബർ 26-ന് തിരുവനന്തപുരത്ത് വെച്ചാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വില്പന കർശനമായി നിരോധിച്ചിട്ടുള്ളതാണെന്നും നിയമവിരുദ്ധമാണെന്നും ഡയറക്ടർ ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ വഴിയോ ആരും ടിക്കറ്റുകൾ വാങ്ങരുത്. അംഗീകൃത ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് പൊതുജനങ്ങൾക്ക് ലോട്ടറി വകുപ്പ് നിർദ്ദേശം നൽകി.
Content Highlights: Kerala's Thiruvonam Bumper 2026 lottery has recorded a strong start, with first-day ticket sales surpassing last year's figures by over five lakh tickets. The bumper lottery, offering a ₹30 crore first prize, has generated significant public interest and is expected to witness robust sales in the weeks leading up to the draw.