ഇന്ത്യൻ കാർ വിപണിയിലെ മാരുതി ആധിപത്യം മങ്ങുന്നു? വിപണി വിഹിതം 40 ശതമാനത്തിന് താഴെ

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ എതിരാളികൾ എസ്‌യുവി വിഭാഗത്തിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്

ഇന്ത്യൻ കാർ വിപണിയിലെ മാരുതി ആധിപത്യം മങ്ങുന്നു? വിപണി വിഹിതം 40 ശതമാനത്തിന് താഴെ
dot image

ഒരുകാലത്ത് ഇന്ത്യൻ റോഡുകളുടെ രാജാവായിരുന്നു മാരുതി സുസുക്കി. കുറഞ്ഞ വില, മികച്ച മൈലേജ്, കുറഞ്ഞ പരിപാലന ചെലവ്. ഈ മൂന്ന് കാര്യങ്ങളായിരുന്നു മാരുതിയുടെ ഏറ്റവും വലിയ കരുത്ത്. എന്നാൽ കാലം മാറിയതോടെ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും മാറുകയാണ്.

ഇന്ന് കാർ വാങ്ങുന്നവർക്ക് മൈലേജ് മാത്രം പോര. സൺറൂഫ്, വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ, എസ്‌യുവി ഡിസൈൻ തുടങ്ങിയ ഫീച്ചറുകൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ മാറ്റം മാരുതി സുസുക്കിയുടെ വിപണി വിഹിതത്തിലും പ്രതിഫലിക്കുകയാണ്.

ഏകദേശം നാല് പതിറ്റാണ്ടോളം ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തിയിരുന്ന മാരുതിയുടെ വിപണി വിഹിതം ഇപ്പോൾ ഏകദേശം 39 ശതമാനത്തിലേക്ക് താഴ്ന്നു. എസ്‌യുവി വിഭാഗത്തിലേക്ക് ഉപഭോക്താക്കൾ മാറിയതും, ഫീച്ചർ സമ്പന്നമായ വാഹനങ്ങളുമായി എതിരാളികൾ എത്തിയതുമാണ് പ്രധാന വെല്ലുവിളി.

മുൻപ് കുറഞ്ഞ വിലയിൽ വിശ്വസനീയമായ കാർ എന്നായിരുന്നു മാരുതിയുടെ ബ്രാൻഡ് ഇമേജ്. എന്നാൽ പുതിയ തലമുറ ഉപഭോക്താക്കൾക്ക് ഇപ്പോൾ കാർ ഒരു യാത്രാ മാർഗം മാത്രമല്ല, സ്റ്റാറ്റസിന്റെയും ടെക്നോളജിയുടെയും പ്രതീകമാണ് ഇതാണ് വിപണിയിലെ വലിയ മാറ്റം.

അതേസമയം, വിപണി വിഹിതം കുറഞ്ഞെങ്കിലും കമ്പനിയുടെ ബിസിനസ് ശക്തമായി തുടരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാരുതി സുസുക്കിയുടെ വരുമാനം ഇരട്ടിയിലധികമായി ഉയർന്ന് ഏകദേശം 19 ബില്യൺ ഡോളറിലെത്തി. കമ്പനിയുടെ ലാഭം മൂന്ന് മടങ്ങ് വർധിച്ച് ഏകദേശം 1.5 ബില്യൺ ഡോളറായും ഉയർന്നു.

കമ്പനിയുടെ ലാഭ മാർജിൻ മെച്ചപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. കൂടുതൽ വിലയുള്ള വാഹനങ്ങളിലേക്കും മികച്ച മാർജിൻ ലഭിക്കുന്ന മോഡലുകളിലേക്കും ഉപഭോക്താക്കൾ മാറിയതോടെ, കുറഞ്ഞ എണ്ണം വാഹനങ്ങൾ വിറ്റാലും കൂടുതൽ വരുമാനം നേടാൻ മാരുതിക്ക് കഴിയുന്നുണ്ട്.

സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷം ആഗോളതലത്തിൽ വിറ്റ 33 ലക്ഷം വാഹനങ്ങളിൽ ഏകദേശം 60 ശതമാനവും ഇന്ത്യയിലാണ് വിറ്റത്. മാത്രമല്ല, സുസുക്കിയുടെ ആകെ ലാഭത്തിൽ വലിയൊരു പങ്കും ഇന്ത്യയിലെ മാരുതി സുസുക്കി ബിസിനസിൽ നിന്നാണ് ലഭിക്കുന്നത്.

എന്നാൽ വെല്ലുവിളി മറ്റൊന്നാണ്. ഇന്ത്യയിലെ കാർ വിപണിയിൽ മാരുതിയുടെ പഴയ ആധിപത്യം നിലനിർത്താൻ കഴിയുന്നില്ല. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ എതിരാളികൾ എസ്‌യുവി വിഭാഗത്തിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്.

മുൻപ് കുറഞ്ഞ വിലയിൽ മികച്ച കാർ എന്നതായിരുന്നു ഉപഭോക്താക്കളുടെ പ്രധാന പരിഗണന. പുതിയ തലമുറ വാങ്ങുന്നവർക്ക് കണക്റ്റഡ് ടെക്നോളജി, സുരക്ഷ, ഡിസൈൻ, പ്രീമിയം അനുഭവം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. അതുകൊണ്ടുതന്നെ മാരുതിക്ക് മുന്നിലുള്ള ചോദ്യം. ലാഭം നിലനിർത്തുന്നതിനൊപ്പം വിപണി ആധിപത്യം വീണ്ടും തിരിച്ചുപിടിക്കാനാകുമോ എന്നതാണ്.

ഇന്ത്യൻ കാർ വിപണിയിലെ രാജാവിന് ഇനി നേരിടാനുള്ളത് വിൽപ്പനയുടെ മാത്രം പോരാട്ടമല്ല, മാറുന്ന ഉപഭോക്തൃ മനോഭാവത്തിന്റെ പോരാട്ടം കൂടിയാണ്. എസ്‌യുവി മോഡലുകൾക്കും പ്രീമിയം ഫീച്ചറുകൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മാരുതി പുതിയ തന്ത്രങ്ങളിലേക്ക് നീങ്ങുകയാണ്. മാറുന്ന ഉപഭോക്തൃ മനോഭാവത്തിനൊപ്പം സഞ്ചരിക്കാനാണ് കമ്പനിയുടെ ശ്രമം.

ContentHighlights: Maruti Suzuki's no-frills cars once ruled India. Then buyers demanded frills as market share drops to near all-time low

dot image
To advertise here,contact us
dot image