

ഹൈദരാബാദ്: ഇന്ത്യയുടെ ആഭ്യന്തര സ്വർണ്ണ ഉത്പാദന രംഗത്ത് വലിയ പ്രതീക്ഷകള്‍ ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുള്ള ജോന്നഗിരി സ്വർണ്ണഖനി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനിയായ ജോന്നഗിരിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം ആരംഭിച്ചത് രാജ്യത്തിന്റെ ഖനന മേഖലയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചത്. ലൊയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി, ത്രിവേണി ഗ്രൂപ്പ് എന്നിവയുടെ പിന്തുണയോടെ ഡെക്കാൻ ഗോൾഡ് മൈൻസും ജിയോമൈസൂർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് 405 കോടി രൂപയുടെ ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം 598 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഖനിയിൽ 13.1 ടൺ സ്വർണ്ണ നിക്ഷേപമുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. പഴയ കോലാർ സ്വർണ്ണഖനികളിൽ (KGF) ഒരു ടൺ മണ്ണിൽ നിന്ന് 5 മുതൽ 6 ഗ്രാം വരെ സ്വർണ്ണം ലഭിച്ചാൽ മാത്രമേ ലാഭകരമാകുമായിരുന്നുള്ളൂ എങ്കിൽ, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജോന്നഗിരിയിൽ ഒരു ടണ്ണിൽ 1.5 മുതൽ 1.8 ഗ്രാം വരെ സ്വർണ്ണം ലഭിച്ചാൽ തന്നെ പദ്ധതി ഏറെ ലാഭകരമാണെന്ന് ത്രിവേണി എർത്ത്മൂവേഴ്‌സ് ആൻഡ് ഇൻഫ്രാ മാനേജിംഗ് ഡയറക്ടർ ബി. കാർത്തികേയൻ വ്യക്തമാക്കുന്നു.
ചൈനയെപ്പോലുള്ള രാജ്യങ്ങളിൽ ഒരു ടണ്ണിൽ 0.2 ഗ്രാം ലഭിച്ചാൽ പോലും ഖനനം സാധ്യമാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിവർഷം ഒരു ടൺ സ്വർണ്ണം ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ ഇവിടത്തെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത പ്രാദേശികരായ സ്ത്രീകൾക്ക് നൽകുന്ന തൊഴിൽ പരിശീലനമാണ്. ഡ്രില്ലിംഗ് മെഷീൻ, എക്സ്കവേറ്റർ തുടങ്ങിയ വലിയ ഖനന മെഷീനുകള്‍ പ്രവർത്തിപ്പിക്കാനും പ്രാദേശിക വനിതകൾക്ക് പരിശീലനം നൽകിവരുന്നുണ്ട്. ആകെ ജീവനക്കാരുടെ 33% ശതമാനം തസ്തികകളിലും വനിതകളെ നിയമിക്കാനും, ടെക്നിക്കൽ, ലബോറട്ടറി, മാനേജ്‌മെന്റ് ലെവലുകളിലേക്ക് അവരെ ഉയർത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജനവാസ മേഖലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് ഖനനം നടക്കുന്നത് എന്നതിനാൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയുടെ (DGMS) കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യ പ്രതിവർഷം 700 മുതൽ 1,000 ടൺ വരെ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ജോന്നഗിരിയിലെ ഉത്പാദനം കൊണ്ട് മാത്രം ഈ ഇറക്കുമതി പൂർണ്ണമായി കുറയ്ക്കാനാവില്ലെങ്കിലും, ഇന്ത്യയിലെ മറ്റ് സ്വകാര്യ നിക്ഷേപകർക്ക് ആഴത്തിലുള്ള ഖനനത്തിനും പര്യവേഷണങ്ങൾക്കും ഈ പദ്ധതി വലിയൊരു പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: While the historic KGF mines required around 6 grams of gold per tonne of ore, Andhra Pradesh's project can be profitable with about 1.8 grams. Advances in mining technology, improved recovery rates, lower production costs, large-scale operations, and favourable gold prices mean even lower-grade deposits can be commercially viable.