

അബുദാബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' എന്ന റെസ്റ്റോറന്റ് അധികൃതർ താൽക്കാലികമായി അടപ്പിച്ചു. തുടർച്ചയായി ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തതിനെ തുടർന്നാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഈ അടിയന്തര നടപടി.
റെസ്റ്റോറന്റിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി ഈ തീരുമാനമെടുത്തത്. മുമ്പ് പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും വീഴ്ചകൾ തിരുത്താനോ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനോ റെസ്റ്റോറന്റ് അധികൃതർ തയ്യാറായില്ലെന്ന് ഫുഡ് കൺട്രോൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമാണ് റെസ്റ്റോറന്റ് താൽക്കാലികമായി പൂട്ടാൻ ഉത്തരവിട്ടതെന്ന് അതോറിറ്റി അറിയിച്ചു.
ഈ അടച്ചുപൂട്ടൽ താൽക്കാലികം മാത്രമാണെന്നും റെസ്റ്റോറന്റിലെ പോരായ്മകളെല്ലാം പരിഹരിച്ച്, നിയമപരമായ എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ഇനി റെസ്റ്റോറന്റിന് വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ എന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കർശനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.
ഭക്ഷ്യസ്ഥാപനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ശുചിത്വമില്ലായ്മയോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി സർക്കാരിന്റെ '800555' എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു. ഇത്തരം പരാതികളിൽ ഉടനടി കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Authorities in Abu Dhabi have closed an Indian restaurant for repeatedly violating regulations despite receiving multiple warnings. The action reflects the emirate's strict enforcement of public health and food safety standards.