വൃക്ക മാറ്റി വെക്കാന്‍ സാഹായം വാഗ്ദാനം ചെയ്ത് മലേഷ്യന്‍ കുടുംബത്തില്‍ നിന്ന് 50 ലക്ഷം തട്ടിയതായി പരാതി

കോയമ്പത്തൂരിലെ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പ്പാഡുണ്ടാക്കിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്

വൃക്ക മാറ്റി വെക്കാന്‍ സാഹായം വാഗ്ദാനം ചെയ്ത് മലേഷ്യന്‍ കുടുംബത്തില്‍ നിന്ന് 50 ലക്ഷം തട്ടിയതായി പരാതി
dot image

കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സാഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന പരാതിയുമായി മലേഷ്യന്‍ കുടുംബം രംഗത്ത്. മലയാളിക്കെതിരായാണ് മലേഷ്യന്‍ കുടുംബത്തിന്റെ പരാതി. തമിഴ് വംശജരായ മലേഷ്യന്‍ സ്വദേശികളാണ് തട്ടിപ്പിനിരയായത്. എറണാകുളം സ്വദേശി സാദിഖിക്കിനെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. കോയമ്പത്തൂരിലെ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പ്പാഡുണ്ടാക്കിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിയുണ്ട്. പണം തിരികെ ലഭിക്കാതെ തിരികെ പോകാനാകില്ലെന്ന് രോഗിയുടെ സഹോദരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇവര്‍ രണ്ടാഴ്ചയായി കൊച്ചിയില്‍ തുടരുകയാണ്. രോഗി അതീവ ഗുരുതരാവസ്ഥയിനാണെന്നും സഹോദരി പറയുന്നു. സാദിഖ് പണം വാങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടതായാണ് ഇവര്‍ പറയുന്നത്. പണം നല്‍കിയതിനുള്ള തെളിവും ഇവര്‍ നോര്‍ത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.

മലേഷ്യയില്‍ സ്ഥിര താമസമായിരുന്ന തമിഴരശന്‍ എന്ന 63 വയസുകാരന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി രണ്ട് വര്‍ഷം മുന്‍പാണ് കേരളത്തിലെത്തുന്നത്. ഇയാള്‍ സ്ഥിരമായി ഡയാലിസിസിന് വിധേയനാകുന്ന വൃക്ക രോഗിയായിരുന്നു. ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഈ സുഹൃത്തു വഴിയാണ് ഇവര്‍ സാദിഖിനെ പരിചയപ്പെടുന്നത്. പിന്നാലെ സാദിഖ് കോയമ്പത്തൂരുള്ള സ്വകാര്യ ആശുപത്രിയുടെ ലെറ്റര്‍പ്പാഡില്‍ ഇതിന് വേണ്ട ഡോക്യുമെന്റുകളെല്ലാം എഴുതി നല്‍കിയ ശേഷം പണവുമായി എത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ കൈയ്യില്‍ നല്‍കുകയും 45 ലക്ഷം രൂപ ബാങ്ക് വഴി നല്‍കുകയും ചെയ്തു. ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ ഇവരുടെ കൈയ്യിലുണ്ട്. എന്നാല്‍ പിന്നാലെ സാദിഖ് മുങ്ങി. രണ്ട് വര്‍ഷമായി കുടുംബം ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും കിട്ടിയിരുന്നില്ല.

തുടര്‍ന്ന് ഇവര്‍ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രോഗിയുടെ പേര് പോലും അവിടെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത്തരം ഒരു അവയവ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് ആശുപത്രിക്ക് യാതൊരു അറിവുമില്ലെന്നും മനസിലാകുന്നത്. ഈ സമയം തമിഴരശന്റെ രോഗം ഗുരുതരമാകുകയും ഇയാളെ കോയമ്പത്തൂരിലെ തന്നെ മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ ഇവിടെ ചികിത്സയിലാണ് തമിളരശന്‍. രണ്ടാഴ്ച മുന്‍പ് ഇയാളുടെ സഹോദരി തമിഴരശിയും മറ്റ് ചില ബന്ധുക്കളും കൂടി കൊച്ചിയിലെത്തി സാദിഖിനെ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ ഇയാള്‍ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതായാണ് ഇവര്‍ പഞ്ഞത്.

പിന്നാലെ അടുത്ത ദിവസം സാദിഖ് ഇവരോട് തന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലെത്താന്‍ ആവശ്യപ്പെട്ടത് പ്രകാരം ഇവര്‍ അവിടെ എത്തിയിരുന്നു. എന്നാല്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഇവരെ കടത്തി വിട്ടിരുന്നില്ല. പിന്നാലെ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കുറച്ച് പൊലീസുകാരെത്തി ഫ്‌ലാറ്റിനുള്ളില്‍ കയറി സാദിഖിനോട് സംസാരിച്ചിരുന്നു. എന്നാല്‍ തിരികെ വന്ന പൊലീസ് മലേഷ്യന്‍ കുടുംബത്തേയും കൂട്ടി സ്റ്റേഷനിലെത്തി അവരോട് അവിടെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ സാദിഖിന്റെ ഭാര്യയും അഭിഭാഷകനും സ്റ്റേഷനിലെത്തി ഇവര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസ് ഈ പരാതി എടുക്കാന്‍ തയ്യാറായിട്ടില്ല.

Content Highlights: A Malaysian family of Tamil origin has filed a complaint alleging they lost ₹50 lakh after being promised assistance for a kidney transplant. The complaint has been lodged against an Ernakulam native, with authorities expected to examine the allegations and initiate further action.

dot image
To advertise here,contact us
dot image