

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മരുന്ന് കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മെയ് മാസങ്ങളില്‍ കയരറ്റുമതി 6.31 ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച ഇടിവ് ഇതോടെ തുടര്‍ന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി വിപണിയാണ് അമേരിക്ക.
അതേസമയം, West Asia North Africa (WANA) മേഖലയിലേക്കുള്ള കയറ്റുമതിയും ഇതേ കാലയളവില്‍ 0.37 ശതമാനം കുറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഈ രണ്ട് പ്രധാന വിപണികളിലെ തിരിച്ചടിക്കിടയിലും ഇന്ത്യയുടെ മൊത്തം ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 6.63 ശതമാനം വര്‍ധിച്ച് 5.29 ബില്യണ്‍ ഡോളറിലേയ്ക്ക് ഉയര്‍ന്നു.
അമേരിക്ക ഇപ്പോഴും ഏറ്റവും വലിയ വിപണി
ഏപ്രില്‍-മെയ് മാസങ്ങളില്‍ അമേരിക്കയിലേക്കുള്ള മരുന്ന് കയറ്റുമതിയുടെ മൂല്യം 1.6 ബില്യണ്‍ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ ആകെ ഫാര്‍മ കയറ്റുമതിയുടെ 30 ശതമാനത്തിലധികം വരും. നോര്‍ത്ത് അമേരിക്ക ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA) മേഖലയിലെ മൊത്തം കയറ്റുമതി 4.74 ശതമാനം കുറഞ്ഞ് 1.79 ബില്യണ്‍ ഡോളറിലെത്തി. ഈ മേഖല ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിയുടെ 33.85 ശതമാനം പങ്ക് വഹിക്കുന്നു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ആഘാതം
പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപാരത്തെയും ആവശ്യകതയെയും ബാധിച്ചതായി വ്യവസായ രംഗം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന് സാഹചര്യം കുറച്ചൊന്ന് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഈ മേഖലയില്‍ അനിശ്ചിതത്വം തുടരുന്നതായി വിലയിരുത്തപ്പെടുന്നു. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി നേരിയ തോതില്‍ വളരുന്നത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിന് നല്ല സൂചനയാണ്. എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് വാക്‌സിന്‍ കയറ്റുമതിയാണ്. ഇത് 37.47 ശതമാനം ഉയര്‍ന്നു.
Content Highlights: India's pharmaceutical exports grew 6.63% despite declining shipments to the US and West Asia, driven by strong vaccine exports and rising demand from emerging global markets