

2026-ലെ 2026 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് കായികമേള മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി കൂടി മാറുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ റെക്കോർഡ് വരുമാനം ആണ് പ്രതീക്ഷിക്കുന്നത്.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിലൊന്നാണ് എല്ലാ മത്സരങ്ങളിലും നിർബന്ധമാക്കിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കുകൾ. കളിക്കാരുടെ സുരക്ഷയാണ് ഔദ്യോഗിക കാരണമെന്ന് പറയുന്നുണ്ടെങ്കിലും, ഈ ഇടവേളകളിലൂടെ ബ്രോഡ്കാസ്റ്റർമാർക്ക് അധിക പരസ്യസമയം ലഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ ഇടവേളകളിൽ നിന്നുള്ള പരസ്യവരുമാനം ഏകദേശം 4,764 കോടി വരെ എത്താമെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ.
ടിക്കറ്റ് വിലയും റെക്കോർഡ് ഉയരത്തിലെത്തിയിട്ടുണ്ട് . പ്രത്യേകിച്ച് ഫൈനൽ മത്സരത്തിനുള്ള പ്രീമിയം, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളുടെ വില 22 കോടിയിലേറെ വരെ എത്തുന്ന സാഹചര്യങ്ങൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ, ടൂർണമെന്റിൽ ആദ്യമായി വ്യാപകമായി ഡൈനാമിക് പ്രൈസിങ് നടപ്പാക്കിയിട്ടുണ്ട്. ആവശ്യകത ഉയരുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കുകളും ഉയരുന്ന രീതിയാണിത്. ഇതുമൂലം പ്രധാന മത്സരങ്ങളുടെ ടിക്കറ്റ് വില മുൻ ലോകകപ്പുകളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചു.
48 ടീമുകളും 104 മത്സരങ്ങളും ഉൾപ്പെടുന്ന 2026 ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് കൂടിയാണ്. കൂടുതൽ മത്സരങ്ങൾ, കൂടുതൽ സ്പോൺസർഷിപ്പുകൾ, ഉയർന്ന സംപ്രക്ഷേപണാവകാശ ഫീസ്, പരസ്യ വരുമാനം, ഹോസ്പിറ്റാലിറ്റി പാക്കേജുകൾ എന്നിവയിലൂടെ ഫിഫയ്ക്ക് റെക്കോർഡ് വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ടിക്കറ്റ് നിരക്കുകളിലും പുതിയ വാണിജ്യവൽക്കരണ രീതികളിലും ആരാധകരുടെ പ്രതിഷേധം ശക്തമാണ്. ഹൈഡ്രേഷൻ ബ്രേക്കുകൾ കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതും പരസ്യവരുമാനം വർധിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് വിമർശനം. എന്നാൽ, കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഫിഫ വിശദീകരിച്ചിട്ടുണ്ട്.
Content Highlights: 4,764 crore revenue from hydration breaks, ₹22 crore for a Final ticket: The insane numbers behind FIFA World Cup 2026