

കുടുംബത്തിന്റെ ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളെക്കുറിച്ച് തനിക്ക് പൂര്‍ണമായ അറിവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടുംബവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആസ്തി സംരംഭങ്ങളില്‍ നിന്ന് വന്‍ ലാഭം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഈ സംരംഭങ്ങളുമായുള്ള തന്റെ ബന്ധം പൂര്‍ണമായും നിയമപരമാണെന്നും ട്രംപ് പറഞ്ഞു.
2025ല്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലൂടെയും മെംകോയിന്‍ സംരംഭങ്ങളിലൂടെയും കുറഞ്ഞത് 1.4 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി ട്രംപ് ഈ ആഴ്ച ആദ്യം സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
സ്വന്തം ബിസിനസ് താല്‍പര്യങ്ങളുടെ നിയന്ത്രണം മൂത്തമക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനും എറിക് ട്രംപിനും കൈമാറിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകള്‍ പ്രകാരം, മക്കളോടൊപ്പം സഹസ്ഥാപകനായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്‌റ്റോ സംരംഭത്തില്‍ നിന്ന് ട്രംപ് ഏകദേശം 594 മില്യണ്‍ ഡോളര്‍ വരുമാനം നേടിയിട്ടുണ്ട്. കൂടാതെ, മെംകോയിന്‍ ബിസിനസില്‍ നിന്ന് 636 മില്യണ്‍ ഡോളറും, സ്റ്റേബിള്‍കോയിന്‍ ഹോള്‍ഡ് കോയുമായി ബന്ധപ്പെട്ട ഓഹരി വില്‍പ്പനയില്‍ നിന്ന് ഏകദേശം 197 മില്യണ്‍ ഡോളറും ലഭിച്ചതായി രേഖകളില്‍ പറയുന്നു.
ഞാന്‍ ഒരു ബിസിനസുകാരനാണ്. വളരെ മികച്ച ബിസിനസുകാരനുമാണ്. അതിനാല്‍ ഞാന്‍ വലിയ തോതില്‍ പണം സമ്പാദിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ക്രിപ്‌റ്റോയെ ഞാന്‍ വ്യത്യസ്തമായാണ് കാണുന്നത്. അതില്‍ അമേരിക്ക മുന്നിലായിരിക്കണം. അല്ലെങ്കില്‍ ചൈന അതിനെ കൈയടക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രസിഡന്റായതിന് ശേഷം അമേരിക്കയെ 'ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനം' ആക്കുകയെന്ന ലക്ഷ്യത്തോടെ ക്രിപ്‌റ്റോ മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും, ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കാനും, ഡോളറിന്റെ പിന്തുണയുള്ള സ്റ്റേബിള്‍കോയിന്‍ വിപണിയെ പ്രോത്സാഹിപ്പിക്കാനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ മറ്റുള്ളവരാണ് തന്റെ പേരില്‍ കൈകാര്യം ചെയ്യുന്നതെന്നും നിക്ഷേപകര്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ മകന്‍ എറിക്കാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഞാന്‍ അവനുമായി ചര്‍ച്ച ചെയ്യാറില്ല, എന്നും ട്രംപ് വ്യക്തമാക്കി.
നിക്ഷേപകരെ അറിയാമെങ്കിലും ഇതില്‍ നിയമലംഘനമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അവരുടെ വ്യക്തിപരമായ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കാവുന്ന എല്ലാ തീരുമാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന നിയമബാധ്യത ഇല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
Content Highlights: US President Donald Trump said he was not fully aware of his family’s cryptocurrency holdings while defending billions in crypto-related earnings as legal and dismissing concerns over potential conflicts of interest