സ്വർണവില മുന്നോട്ട് തന്നെ: 3 ദിവസത്തിനിടെ പവന് 3560 രൂപയുടെ വർധനവ്

കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,17,000 രൂപയോളം നല്‍കേണ്ടി വരും

സ്വർണവില മുന്നോട്ട് തന്നെ: 3 ദിവസത്തിനിടെ പവന് 3560 രൂപയുടെ വർധനവ്
അജ്മല്‍ എം കെ
2 min read|03 Jul 2026, 10:13 am
dot image

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ വില വളരെ വേഗം ഉയരുകയായിരുന്നു.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ വർധിച്ച് 13,475 രൂപയാപ്പോള്‍ ഒരു പവന് സ്വർണത്തിന് 2360 രൂപ വർധിച്ചാണ് 1,07,800 എന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ഒരു പവന്‍ സ്വർണം ആഭരണമായി ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,17,000 രൂപയോളം നല്‍കേണ്ടി വരും. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 241 രൂപ വർധിച്ച് 11,025 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 322 രൂപ വർധിച്ച് 14,700 രൂപയുമായി.

കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായ വർധനവാണ് സ്വർണവിലയില്‍ കാണാന്‍ സാധിക്കുന്നത്. ഈ മാസം ആകെ സ്വർണവിലയില്‍ നേരിയ ഇടിവുണ്ടായത് ഇന്നലെ രാവിലെ മാത്രമാണ്. എങ്കിലും ഈ മാസം ഒന്നാം തിയതിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ 3560 രൂപയുടെ വർധനവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് (Spot Gold) നിരക്കുകൾ ഉയർന്ന നിരക്കിലേക്ക് നീങ്ങിയതും യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി.

ഡോളർ ദുർബലമായതോടെ ആഗോള നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വീണ്ടും തിരിഞ്ഞതാണ് വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണം. വിപണിയിലെ ഈ കുതിച്ചുകയറ്റം വരും ദിവസങ്ങളിലും തുടരുമോ എന്നാണ് വ്യാപാര മേഖല ഉറ്റുനോക്കുന്നത്.

Content Highlights: Gold prices continued to rise in Kerala, with the price of one pavan increasing by ₹3,560 over the past three days. The sustained rally reflects improving sentiment in the bullion market, supported by movements in international gold prices, currency fluctuations, and investor demand, pushing domestic gold rates higher.

dot image
To advertise here,contact us
dot image