

ക്രിപ്റ്റോ ബിസിനസിൽ നിന്ന് മാത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്പാദിച്ചത് 1.4 ബില്യൺ ഡോളർ. ഫെഡറൽ ഫൈലിംഗ് കണക്കുകളിലാണ് ട്രംപിന്റെ ക്രിപ്പ്റ്റോ സമ്പാദ്യ വിവരങ്ങൾ ഉള്ളത്. സ്വന്തം നയങ്ങളിലൂടെയാണ് ട്രംപ് ഇത്തരത്തിൽ ലാഭം നേടിയത് എന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഗവൺമെന്റ് എത്തിക്‌സ് ഓഫീസിന്റെ 2025-ലെ വാർഷിക വെളിപ്പെടുത്തൽ പ്രകാരം, താനും മക്കളും ചേർന്ന് സ്ഥാപിച്ച ക്രിപ്‌റ്റോ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യലിൽ നിന്ന് 500 മില്യൺ ഡോളറിലധികം ലഭിച്ചതായി ട്രംപ് വെളിപ്പെടുത്തി. തന്റെ ട്രംപ് മീം കോയിനുകളിൽ നിന്ന് 635 മില്യൺ ഡോളർ ലഭിച്ചതായും ട്രംപ് വെളിപ്പെടുത്തി.
വിവിധ മാധ്യമങ്ങളുമായുള്ള ഒത്തുതീർപ്പ് കേസുകളിൽ നിന്ന് 80 മില്യൺ ഡോളറിലധികമാണ് ട്രംപിന് ലഭിച്ചത്. വിദേശ പ്രോപ്പർട്ടി ഡെവലപ്പർമാർക്ക് തന്റെ പേര് ലൈസൻസ് ചെയ്ത വകയിലും ട്രംപിന് നല്ല തുക ലഭിച്ചു. ട്രംപ് വീണ്ടും പ്രസിഡന്റ് ആയതിന് ശേഷം വന്നതിനുശേഷം അദ്ദേഹത്തിന്റെ കുടുംബം നിക്ഷേപകരിൽ നിന്ന് കുറഞ്ഞത് 2.3 ബില്യൺ ഡോളർ ലാഭം നേടിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. 2025 ജനുവരി 20-ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് അമേരിക്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായോ താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി റദ്ദാക്കിയത്. 6-3 എന്ന ഭൂരിപക്ഷത്തിനാണ് അമേരിക്കൻ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ട്രംപിൻ്റെ ഉത്തരവ് തള്ളിയത്.
പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള രണ്ടാം വരവിൻ്റെ അദ്യം ദിവസം തന്നെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചിരുന്നു. രണ്ടാം ഊഴത്തിൽ പ്രധാന നയപരിപാടികളിലൊന്നായി ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കത്തെ ട്രംപ് ഉയർത്തിക്കാണിച്ചിരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കമെന്ന നിലയിലാണ് ട്രംപ് ജനനാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കത്തെ അവതരിപ്പിച്ചത്.
അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് എന്നായിരുന്നു അഞ്ച് ജഡ്ജിമാർ വിലയിരുത്തിയത്. ട്രംപിന്റെ ഉത്തരവ് ഫെഡറൽ നിയമത്തെ ലംഘിക്കുന്നതാണെങ്കിലും ഭരണഘടനയെ ലംഘിക്കുന്നതല്ലെന്ന വ്യത്യസ്ത അഭിപ്രായമാണ് യാഥാസ്ഥിതിക നിലപാടുള്ള ജഡ്ജിയായ ബ്രെറ്റ് കാവനോ രേഖപ്പെടുത്തിയത്. അമേരിക്കയിൽ ജനിക്കുകയോ നിയമാനുസൃതമായി പൗരത്വം നേടുകയോ ചെയ്ത, അമേരിക്കയുടെ അധികാരപരിധിക്ക് വിധേയരായ എല്ലാവരും അമേരിക്കൻ ഐക്യനാടുകളിലെ പൗരന്മാരാണ് എന്നാണ് അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പറയുന്നത്. 14-ാം ഭേദഗതി ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിന് അനുമതി നൽകുന്നതാണെന്നായിരുന്നു ജഡ്ജിമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, നീൽ ഗോർസുച്ച് എന്നിവരുടെ നിലപാട്.
സമീപ കാലത്ത് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് ട്രംപിന് നേരിടേണ്ടി വന്ന മൂന്നാമത്തെ വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കുമതി തീരുവകൾ അസാധുവാക്കിയതും ലിസാ കുക്കിനെ ഫെഡറൽ റിസർവിൽ നിന്ന് അടിയന്തരമായി പുറത്താക്കാനുള്ള ശ്രമം തടഞ്ഞതുമായിരുന്നു ട്രംപിന് തിരിച്ചടിയായ മറ്റ് വിധികൾ. നിരവധി സംസ്ഥാന സർക്കാരുകളും പൗരാവകാശ സംഘടനകളും ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിനെതിരെ വിവിധ കോടതികളിൽ ഹർജികൾ നൽകിയിരുന്നു. കേസ് പരിഗണിച്ച എല്ലാ കോടതികളും ട്രംപ് ഭരണകൂടത്തിന്റെ നിലപാട് തള്ളിക്കളഞ്ഞിരുന്നു. ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കിയിരുന്നെങ്കിലും അത് ഒരിക്കലും പ്രാബല്യത്തിൽ വന്നിരുന്നില്ല. ട്രംപ് അത് ഒപ്പുവച്ചതിന് പിന്നാലെ തന്നെ വിവിധ ഫെഡറൽ കോടതികൾ ഉത്തരവ് തടഞ്ഞിരുന്നു.
Content Highlights: Federal filing disclosures indicate that US President Donald Trump earned approximately $1.4 billion from cryptocurrency-related businesses. The filings highlight the growing value of his crypto ventures, while reports suggest that policy decisions taken during his presidency significantly benefited the sector and contributed to the surge in his personal wealth.