ഫാന്‍സി നമ്പർ പ്രേമം: ബമ്പർ അടിച്ചത് സർക്കാരിന്; കാക്കനാട് ആർടിഒ ഓഫീസ് വഴി മാത്രം 33 കോടി രൂപയുടെ വരുമാനം

ആവശ്യകത അനുസരിച്ച് ഫാൻസി നമ്പറുകളെ വിവിധ കാറ്റഗറികളാക്കിയാണ് തരംതിരിച്ചിരിക്കുന്നത്

ഫാന്‍സി നമ്പർ പ്രേമം: ബമ്പർ അടിച്ചത് സർക്കാരിന്; കാക്കനാട് ആർടിഒ ഓഫീസ് വഴി മാത്രം 33 കോടി രൂപയുടെ വരുമാനം
അജ്മല്‍ എം കെ
3 min read|02 Jul 2026, 09:37 am
dot image

കൊച്ചി: തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങൾക്ക് ഇഷ്ടമുള്ള ഫാൻസി നമ്പറുകൾ സ്വന്തമാക്കാനുള്ള ആളുകളുടെ താല്പര്യം കാക്കനാട് ആർടി ഓഫീസിന് സമ്മാനിച്ചത് കോടികളുടെ വരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫാൻസി നമ്പറുകളുടെ ലേലത്തിലൂടെയും വില്‍പ്പനയിലൂടേയും മാത്രം 33 കോടി രൂപയാണ് (33,12,00,000 രൂപ) ഈ ആർടി ഓഫീസ് ഖജനാവിലേക്ക് എത്തിച്ചത്. വാഹനപ്രേമികൾക്കിടയിൽ വിഐപി നമ്പറുകൾക്കുള്ള ഡിമാൻഡ് വർഷം തോറും വർധിച്ച് വരുന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വിലകൂടിയ നമ്പർ സ്വന്തമാക്കിയത് കൊച്ചിയിലെ പ്രമുഖ ഐടി സ്ഥാപനമായ 'ലിറ്റ്മസ് സിസ്റ്റംസ് കൺസൽട്ടിങ്' കമ്പനിയാണ്. തങ്ങളുടെ ആഡംബര വാഹനത്തിന് 'കെഎൽ 7 ഡിജി 0007' (KL 7 DG 0007) എന്ന നമ്പർ സ്വന്തമാക്കാൻ 46 ലക്ഷം രൂപയാണ് കമ്പനി ലേലത്തിൽ മുടക്കിയത്. ഇതേ കമ്പനി തന്നെ തങ്ങളുടെ മറ്റൊരു വാഹനത്തിനായി 'ഡിജി 7777' (DG 7777) എന്ന നമ്പറിന് 12.80 ലക്ഷം രൂപയും ചിലവഴിച്ചിട്ടുണ്ട്.

വർഷം തോറുമുള്ള വരുമാനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ 2024-2025 സാമ്പത്തിക വർഷത്തിലാണ് കാക്കനാട് ആർടി ഓഫീസിന് ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത് - 10.16 കോടി രൂപ. 2021 - 2022: 1.43 കോടി രൂപ, 2022 - 2023: 5.84 കോടി രൂപ, 2023 - 2024: 7.70 കോടി രൂപ, 2024 - 2025: 10.16 കോടി രൂപ, 2025 - 2026: 7.99 കോടി രൂപ എന്നിങ്ങനെയാണ് വിവിധ വർഷങ്ങളിലെ വരുമാനം.

ഫാൻസി നമ്പറുകളുടെ അടിസ്ഥാന വില

ആവശ്യകത അനുസരിച്ച് ഫാൻസി നമ്പറുകളെ വിവിധ കാറ്റഗറികളാക്കിയാണ് തരംതിരിച്ചിരിക്കുന്നത്. വാഹന രജിസ്ട്രേഷനിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നാം നമ്പർ (0001) സ്വന്തമാക്കാൻ കുറഞ്ഞത് ഒരു ലക്ഷം രൂപ അടിസ്ഥാന വിലയായി നൽകണം. 0777, 0999, 3333, 4444, 5000, 5555, 7777, 9999 തുടങ്ങിയ നമ്പറുകൾക്ക് മിനിമം വില 50,000 രൂപയാണ്. 0005, 0007, 0009, 0333, 0786, 1000, 1111, 5050, 6666, 7000, 7007, 8181, 8888, 9000, 9009, 9090 തുടങ്ങിയ ആകർഷകമായ മറ്റ് നമ്പറുകൾക്ക് കുറഞ്ഞത് 25,000 രൂപയാണ് ഈടാക്കുന്നത്.

ഇതുകൂടാതെ ഒറ്റനോട്ടത്തിൽ കണ്ണിലുടക്കുന്ന ചില പ്രത്യേക നമ്പറുകൾക്ക് 10,000 രൂപ വരെ മുടക്കേണ്ടി വരും. എന്നാൽ ഫാൻസി നമ്പറുകളിൽ താല്പര്യമില്ലാത്തവർക്ക് വെറും 3,000 രൂപ അടച്ചാൽ കമ്പ്യൂട്ടർ ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കുന്ന സാധാരണ നമ്പർ ലഭ്യമാകുന്നതുമാണ്. വലിയ തുക മുടക്കി ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്ന ട്രെൻഡ് വരും വർഷങ്ങളിലും ശക്തമായി തുടരുമെന്നാണ് ആർടിഒ അധികൃതരുടെ വിലയിരുത്തൽ.

Content Highlights: The growing demand for fancy vehicle registration numbers has become a major revenue source for the government. The Kakkanad RTO office alone has generated around ₹33 crore through the allotment and auction of premium registration numbers, highlighting motorists' willingness to pay substantial amounts for preferred number plates.

dot image
To advertise here,contact us
dot image