ശ്രീലങ്ക മുതല്‍ ആഫ്രിക്കയും ലാറ്റിനമേരിക്കയും വരെ: വന്ദേ ഭാരത് ട്രെയിനുകള്‍ ഇനി വിദേശ രാജ്യങ്ങളിലേക്കും

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇന്ത്യ സന്ദർശിച്ച് ട്രെയിനുകളുടെ ഗുണനിലവാരം വിലയിരുത്തി

ശ്രീലങ്ക മുതല്‍ ആഫ്രിക്കയും ലാറ്റിനമേരിക്കയും വരെ:  വന്ദേ ഭാരത് ട്രെയിനുകള്‍ ഇനി വിദേശ രാജ്യങ്ങളിലേക്കും
അജ്മല്‍ എം കെ
3 min read|29 May 2026, 06:14 pm
dot image

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഇനി വിദേശ രാജ്യങ്ങളിലെ റെയിൽ പാളങ്ങളിലും കുതിച്ചുപായും. ആഭ്യന്തര വിപണിയിൽ വൻ വിജയമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യാനുള്ള വൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും (RITES Ltd) മുന്നോട്ട് പോകുന്നതായി ദേശീയ മാധ്യമമായ 'മിന്റ്' റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്ന 'സ്റ്റാൻഡേർഡ് ഗേജ്' (Standard Gauge) ട്രാക്കുകൾക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപകൽപ്പനയിലാണ് നിലവിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സ്റ്റാൻഡേർഡ് ഗേജ് വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിന്റെ ഡിസൈൻ വികസനത്തിനായി ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് റൈറ്റ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ വ്യക്തമാക്കി. ഡിസൈന് അംഗീകരിച്ച് വിദേശ ഓർഡറുകൾ ഉറപ്പാക്കുന്നതോടെയും നിർമ്മാണം ആരംഭിക്കും. കൂടാതെ, വിദേശ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വന്ദേ ഭാരതിന്റെ ഒരു റെയ്ക്ക് പരീക്ഷണ ഓട്ടത്തിനായി വിദേശത്ത് എത്തിക്കാനും റൈറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്കായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF), കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ 'ബ്രോഡ് ഗേജ്' (Broad Gauge) രൂപത്തിലാണ് വന്ദേ ഭാരത് നിർമ്മിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ മെട്രോകൾക്കും അതിവേഗ റെയിൽപ്പാതകൾക്കും സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ അയൽരാജ്യങ്ങൾക്ക് പുറമെ ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങൾ ഇതിനകം തന്നെ വന്ദേ ഭാരത് ട്രെയിനുകളിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇന്ത്യ സന്ദർശിച്ച് ട്രെയിനുകളുടെ ഗുണനിലവാരം വിലയിരുത്തിക്കഴിഞ്ഞു. ആഭ്യന്തര വിപണിയിലെ ആവശ്യങ്ങൾ പൂർണ്ണമായി പരിഹരിച്ച ശേഷമായിരിക്കും കയറ്റുമതി സജീവമാക്കുകയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.] എന്നിരുന്നാലും, സ്റ്റാൻഡേർഡ് ഗേജ് ട്രെയിനുകൾ പൂർണ്ണമായി സജ്ജമാകുന്നതിന് മുൻപ് തന്നെ അയൽരാജ്യങ്ങളിലേക്ക് നിലവിലുള്ള ബ്രോഡ് ഗേജ് വന്ദേ ഭാരത് ട്രെയിനുകൾ കയറ്റി അയക്കുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നുണ്ട്.

മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ് വന്ദേ ഭാരത്. നിലവിൽ 16 കോച്ചുകളുള്ള ഒരു വന്ദേ ഭാരത് ട്രെയിൻ നിർമ്മിക്കുന്നതിന് ഏകദേശം 130 മുതൽ 150 കോടി രൂപ വരെയാണ് ചെലവ് വരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മറ്റ് അതിവേഗ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുറഞ്ഞ നിർമ്മാണച്ചെലവ് ഇന്ത്യയ്ക്ക് വലിയ വാണിജ്യ നേട്ടം (Cost Advantage) സമ്മാനിക്കും. നഗരങ്ങൾ തമ്മിലുള്ള യാത്രാസൗകര്യങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും വന്ദേ ഭാരത് മികച്ചൊരു ബദലായിരിക്കും.

Content Highlights: Vande Bharat trains, considered the flagship of Indian Railways, are set to enter international markets through exports. The move reflects India's growing capabilities in railway manufacturing and could strengthen the country's presence in the global transportation sector while showcasing indigenous technology and engineering expertise.

dot image
To advertise here,contact us
dot image