എന്തൊരു ഇടിവ്; യുദ്ധഭീതി മുതൽ വിദേശ വിൽപ്പന വരെ, നിക്ഷേപക മൂല്യത്തില്‍ ചോർന്നത് 2 ലക്ഷം കോടി

വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണിയിലെ സമ്മർദ്ദത്തിന് മറ്റൊരു കാരണമായി

എന്തൊരു ഇടിവ്; യുദ്ധഭീതി മുതൽ വിദേശ വിൽപ്പന വരെ, നിക്ഷേപക മൂല്യത്തില്‍ ചോർന്നത് 2 ലക്ഷം കോടി
dot image

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത വിപ്പനാ സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. സൂചികകൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50, 24,259 നിലവാരത്തിൽ തുറന്ന് 24,207 വരെ താഴ്ന്നു, ഏകദേശം 191 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സും 77,816ൽ തുറന്ന് 77,555 വരെ താഴ്ന്നു, 625 പോയിന്റിലധികം പോയിന്റ് ഇടിവ് നേരിട്ടു.

ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് ഏകദേശം 2 ലക്ഷം കോടി രൂപയോളം ഇല്ലാതായി. ആഗോള ആശങ്കകളും എണ്ണവില ഉയർച്ചയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വിപണിയെ താഴേക്ക് വലിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിൽ വീണ്ടും ഉണ്ടാകുന്ന അക്രമങ്ങളും പ്രത്യാക്രമണങ്ങളുമാണ് ആഗോള വിപണികളിൽ ഭയം സൃഷ്ടിക്കുന്നത്. ഇതിനു പിന്നാലെ നിക്ഷേപകർ സുരക്ഷിത ആസ്തികളിലേക്ക് മാറുകയും ഓഹരികളിൽ വിൽപ്പന ശക്തമാകുകയും ചെയ്തു.

രണ്ടാമത്തെ വലിയ ആശങ്ക ക്രൂഡ് ഓയിൽ വില ഉയർന്നതാണ്. ഇന്ത്യ ലോകത്തിലെ വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായതിനാൽ എണ്ണവില വർധിക്കുന്നത് ഇറക്കുമതി ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഭീഷണി ഉയർത്തുകയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും വിപണിയെ സമ്മർദ്ദത്തിലാക്കി. ബ്രെന്റ് ക്രൂഡ് ഏകദേശം 76 ഡോളറിലേക്ക് ഉയർന്നതും വിപണിക്ക് തിരിച്ചടിയാണ്. വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണിയിലെ സമ്മർദ്ദത്തിന് മറ്റൊരു കാരണമായി. ആഗോള അനിശ്ചിതത്വം വർധിക്കുമ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്ന പ്രവണത ശക്തമാകാറുണ്ട്.

കമ്പനികളുടെ പാദ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് അടുത്തത്. പ്രതീക്ഷയ്ക്കനുസൃതമായ വരുമാന വളർച്ച ലഭിക്കുമോ എന്ന സംശയം നിക്ഷേപകരിൽ ജാഗ്രത വർധിപ്പിച്ചു. കൂടാതെ അടുത്തിടെ വിപണിയിൽ ഉണ്ടായ മുന്നേറ്റത്തിന് പിന്നാലെയുള്ള ലാഭമെടുക്കൽ പ്രവണത വിൽപ്പന വർധിപ്പിച്ചതായും വിദഗ്ധർ വിലയിരുത്തുന്നു. വിപണിയിലെ ചാഞ്ചാട്ട സൂചിക (Volatility Index) ഉയർന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. അനിശ്ചിതത്വമുള്ള സാഹചര്യങ്ങളിൽ നിക്ഷേപകർ റിസ്ക് കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിലും സമ്മർദ്ദം പ്രകടമായി.

സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, എഫ്എംസിജി മേഖലകൾക്ക് തിരിച്ചടി നേരിട്ടപ്പോൾ, ഫാർമ, ഹെൽത്ത്‌കെയർ ഓഹരികളിൽ ചെറിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഇടിവ് ഒരു കാരണത്താൽ മാത്രം ഉണ്ടായതല്ല. ആഗോള രാഷ്ട്രീയ സംഘർഷം, എണ്ണവില, വിദേശ നിക്ഷേപ ഒഴുക്ക്, ആഭ്യന്തര സാമ്പത്തിക പ്രതീക്ഷകൾ എന്നിവയെല്ലാം പ്രതികൂലമാണ്. അതിനാൽ ജാഗ്രതയോടെ മാത്രേ വിപണിയെ സമീപിക്കാവു എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

Content Highlights: ₹2 lakh crore gone! Why is the Indian stock market falling today? Explained with top five reasons

dot image
To advertise here,contact us
dot image