

സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ ശമ്പളം ഉടൻ പരിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 80000 രൂപയാക്കി ശമ്പളം ഉയർത്തണം എന്നാണ് ആവശ്യം. നിലവിലെ ശമ്പളം അപര്യാപ്തമാണെന്നും മോശം ശമ്പളം സംസ്ഥാനത്തുനിന്നുള്ള ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും ഐഎംഎആവശ്യപ്പെട്ടു.
തൃശൂർ മെഡിക്കൽ കോളേജ് അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തെത്തുടർന്നാണ് ഐഎംഎ ഈ ആവശ്യം മുന്നോട്ടുവെച്ചത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ് തൃശൂർ മെഡിക്കൽ കോളേജ് അപേക്ഷ ക്ഷണിച്ചത്. 42000 രൂപ മാത്രമായിരുന്നു എംബിബിഎസ് യോഗ്യതയുള്ള ഡോക്ടർമാർക്കുള്ള ശമ്പളമായി പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശമ്പളം ഉയർത്താൻ സംസ്ഥാന സർക്കാരിനോട് ഐഎംഎ ആവശ്യപ്പെട്ടത്.
നിലവിലെ ശമ്പളം ഡോക്ടർമാർക്കുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി പൊരുത്തപ്പെട്ട് പോകില്ലെന്നും അഞ്ചര വർഷത്തെ കഠിനപരിശ്രമത്തിന് ശേഷമാണ് ഒരു ഡോക്ടർ ഉണ്ടാകുന്നതെന്നും ഐഎംഎ ഓർമിപ്പിച്ചു. അടിയന്തിര വകുപ്പുകളിലെ പ്രവർത്തനങ്ങൾ, മെഡിക്കൽ-നിയമ ഉത്തരവാദിത്തങ്ങൾ എല്ലാം ഇവർ വഹിക്കുന്നുണ്ട് എങ്കിലും സർക്കാർ ഉദ്യോഗസ്ഥരെക്കാൾ കുറവാണ് ഇവരുടെ ശമ്പളം. കേരള യൂണിവേഴ്സിറ്റിയിലെ ഒരു സെക്യൂരിറ്റി ഓഫീസർക്കുണ്ട് ഒരു ലക്ഷം രൂപ വരെയുള്ള ശമ്പളം. സർക്കാർ ഉദ്യോഗസ്ഥരെ കുറച്ചുകാണിക്കാനല്ല ഈ താരതമ്യമെന്നും വേതനത്തിൽ അന്തരം തുറന്നുകാണിക്കാനാണ് ശ്രമമെന്നും ഐഎംഎ പറഞ്ഞു.
ജൂനിയർ ഡോക്ടർമാരെ സർക്കാർ ആശുപത്രികളുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ച ഐഎംഎ കാഷ്വാലിറ്റി വിഭാഗങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ, മെഡിക്കൽ, സർജിക്കൽ വാർഡുകൾ, ലേബർ റൂമുകൾ എന്നിവിടങ്ങളിലെ രോഗി പരിചരണത്തിന്റെ ഭൂരിഭാഗവും വഹിക്കുന്നത് അവരാണെന്നും പലപ്പോഴും കടുത്ത ശാരീരികവും വൈകാരികവുമായ സമ്മർദ്ദത്തിൽ ദീർഘകാല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞു. മെച്ചപ്പെട്ട ശമ്പളം, ജോലി എന്നിവ തേടി യുവ ഡോക്ടർമാർ സംസ്ഥാനവും രാജ്യവും വിടുകയാണെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
തുടക്കത്തിലേ മത്സരാധിഷ്ഠിത പ്രതിഫലം വാഗ്ദാനം ചെയ്തില്ലെങ്കിൽ വൈദഗ്ധ്യമുള്ള മെഡിക്കൽ പ്രൊഫഷണലുകളെ നിലനിർത്താൻ സംസ്ഥാനം ബുദ്ധിമുട്ടുമെന്നും ഇത് പൊതുജനാരോഗ്യ രംഗത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഐഎംഎ പറഞ്ഞു.
Content Highlights: The Kerala State branch of the Indian Medical Association (IMA) has urged the state government to immediately revise the salaries of junior doctors to ₹80,000 per month. The association argues that the current pay is inadequate and warns that poor salaries are contributing to the migration of doctors from Kerala in search of better opportunities.