കാര്‍ വാങ്ങല്‍ കൂടുന്നു; ഇവിക്ക് മുന്‍ഗണന; ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കുതിക്കുമെന്ന് ICRA

എന്നാല്‍ ഇന്ധനവിലയും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയരുന്നതും വിപണിക്ക് പ്രതികൂലമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കാര്‍ വാങ്ങല്‍ കൂടുന്നു; ഇവിക്ക് മുന്‍ഗണന; ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കുതിക്കുമെന്ന് ICRA
dot image

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന ഈ സാമ്പത്തിക വര്‍ഷത്തില്‍ 4 മുതല്‍ 6 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ റിപ്പോര്‍ട്ട്. ഉപഭോക്തൃ ആവശ്യകതയിലെ സ്ഥിരത, ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നുള്ള വാഹനങ്ങളുടെ കൂടുതല്‍ ലഭ്യത, യൂട്ടിലിറ്റി വാഹനങ്ങളുടെ വര്‍ധിച്ച ജനപ്രീതി എന്നിവ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തവ്യാപാര വില്‍പ്പന 27 ശതമാനം വര്‍ധിച്ച് 44 ലക്ഷം യൂണിറ്റിലെത്തി. അതേസമയം, റീട്ടെയില്‍ വില്‍പ്പന 33 ശതമാനം ഉയര്‍ന്നു. ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ്, പുതിയ മോഡലുകളുടെ വിപണിയിലെത്തിയത് എല്ലാം വില്‍പ്പനയ്ക്ക് പിന്തുണയേകി. വിവാഹ സീസണ്‍ നീണ്ടു നിന്നതും വാഹന വിപണിക്ക് ഗുണം ചെയ്തു.

എന്നാല്‍ ഇന്ധനവിലയും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയരുന്നതും വിപണിക്ക് പ്രതികൂലമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ബലമായ മണ്‍സൂണിനെക്കുറിച്ചുള്ള ആശങ്കകളും വാഹന വിപണിയെ ബാധിക്കാവുന്ന പ്രധാന ഘടകമാണെന്ന് ഐക്ര മുന്നറിയിപ്പ് നല്‍കി.

എസ് യു വി വാഹനങ്ങള്‍ക്ക് മേല്‍ക്കൈ

2026 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹന വിപണിയുടെ ഏകദേശം 68 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് മിനി, കോംപാക്ട് കാര്‍ വിഭാഗങ്ങളിലും ആവശ്യകത വര്‍ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ആഗോള വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വാഹന കയറ്റുമതിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വര്‍ഷം മേയില്‍ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഉയര്‍ന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിക്കുന്നു

ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്തൃ താല്‍പര്യവും വര്‍ധിച്ചുവരികയാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് ഏകദേശം 6 ശതമാനത്തിലെത്തി. വാഹന വിപണിയില്‍ യൂട്ടിലിറ്റി വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും തുടര്‍ന്നും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: India's passenger vehicle sales are expected to grow 4-6% this fiscal year, supported by strong consumer demand, rising SUV sales, GST benefits, and increasing adoption of electric vehicles

dot image
To advertise here,contact us
dot image