

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണെങ്കിലും ആഭ്യന്തര ആവശ്യങ്ങൾക്കായി ഇപ്പോഴും വിദേശ ഇറക്കുമതിയെയാണ് അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ അമിത ആശ്രയത്വം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കാനും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം കൂട്ടാനും വലിയ തോതില്‍ കാരണമാകുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, വിദേശ ഇറക്കുമതി കുറച്ചുകൊണ്ട് ഇന്ത്യ സ്വന്തമായി ഒരു ശക്തമായ സ്വർണ്ണ ഖനന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ് മൊദാലി അഭിപ്രായപ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സ്വർണ്ണ നിക്ഷേപ സാധ്യതകളുടെ 75 ശതമാനത്തോളം ഭാഗവും ഇപ്പോഴും വേണ്ടത്ര പര്യവേക്ഷണം ചെയ്യപ്പെടാത്ത അവസ്ഥയിലാണ് കിടക്കുന്നത്. ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപത്തിന്റെ കുറവല്ല, മറിച്ച് ആവശ്യമായ പര്യവേക്ഷണങ്ങളുടെ വേഗതക്കുറവും ചുവപ്പുനാടകളും പദ്ധതികൾ വൈകുന്നതുമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഹനുമ പ്രസാദ് അഭിപ്രായപ്പെടുന്നു.
ആന്ധ്രാപ്രദേശിൽ ആരംഭിച്ച ജോന്നഗിരി ഗോൾഡ് പ്രൊജക്റ്റ് ഇതിനൊരു മികച്ച ഉദാഹരണമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യത്തെ ആധുനിക സ്വർണ്ണ ഖനന പദ്ധതികളിൽ ഒന്നായ ജോന്നഗിരി, കൃത്യമായ നയരൂപീകരണവും ശാസ്ത്രീയ പര്യവേക്ഷണവും ഉണ്ടെങ്കിൽ ഈ മേഖലയിൽ വൻ വിജയം കൈവരിക്കാമെന്ന് തെളിയിക്കുന്നു. കേവലം സ്വർണ്ണ ഉത്പാദനത്തിനപ്പുറം ഇത്തരം പദ്ധതികൾ വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, അടിസ്ഥാന സൗകര്യ വികസനവും പ്രാദേശിക ബിസിനസ്സ് സാധ്യതകളും മെച്ചപ്പെടുത്തി വലിയ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യും.
നീതി ആയോഗ് രാജ്യത്ത് കണ്ടെത്തിയിട്ടുള്ള 112 പിന്നാക്ക ജില്ലകളിൽ പലതും സ്വർണ്ണം, നിക്കൽ, ഇരുമ്പയിര് തുടങ്ങിയ തന്ത്രപ്രധാനമായ ധാതുക്കളാൽ സമ്പന്നമാണ്. ഈ പ്രദേശങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള ഖനനം നടപ്പിലാക്കിയാൽ, അത് ആ മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ഒരു ശക്തമായ മാധ്യമമായി മാറും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടും സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനുമുള്ള മികച്ച നിക്ഷേപമായി ഇപ്പോഴും സ്വർണ്ണത്തെയാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിക്കുമ്പോഴും ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വലിയ തോതിൽ ശേഖരിച്ചുവെക്കുന്നത് ഇതിനാലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും ഈ അവസരം പ്രയോജനപ്പെടുത്തി തന്ത്രപ്രധാനമായ നീക്കങ്ങൾ നടത്തേണ്ടതുണ്ട്. നിലവിൽ പല പ്രമുഖ സ്വർണ്ണ ഖനന പദ്ധതികളും നിയമപരമായ തടസ്സങ്ങളിലും നീണ്ടുപോകുന്ന ചുവപ്പുനാടകളിലും കുടുങ്ങിക്കിടക്കുകയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുതന്നെ ഇത്തരം പദ്ധതികൾ വേഗത്തിൽ തീർപ്പാക്കാൻ കൃത്യമായ സംവിധാനം ഉണ്ടാകണം. ഇതിനായി അഞ്ച് പ്രധാന മാറ്റങ്ങളും അദ്ദേഹം നിർദ്ദേശിക്കുന്നു.
ഒന്നാമതായി, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഖനന മേഖലയിലെ പര്യവേക്ഷണം വളരെ പതുക്കെയാണ്. ഇത് വലിയ തോതില്‍ മാറേണ്ടതുണ്ട്. രണ്ടാമതായി, ഖനനം വലിയ നിക്ഷേപവും സമയവും ആവശ്യപ്പെടുന്ന മേഖലയായതിനാൽ പദ്ധതികൾക്കുള്ള ഭരണപരമായ അനുമതികൾ വേഗത്തിലാക്കണം. മൂന്നാമതായി, കൂടുതൽ സ്വകാര്യ പങ്കാളിത്തവും ആധുനിക സാങ്കേതികവിദ്യയും സ്വർണ്ണ പര്യവേക്ഷണ രംഗത്ത് പ്രയോജനപ്പെടുത്തണം.
രാജ്യത്തെ ഖനന നയവും വ്യവസായ നയവും പ്രാദേശിക വികസന ലക്ഷ്യങ്ങളുമായി കൃത്യമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട് എന്നതാണ് അടുത്ത കാര്യം. അഞ്ചാമതായി, ഖനനത്തെ ഒരു പരമ്പരാഗത വ്യവസായമായി കാണാതെ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഉത്പാദന മേഖലയ്ക്കും ആവശ്യമായ ഒരു തന്ത്രപ്രധാന മേഖലയായി പരിഗണിക്കണം. ഇന്ത്യയ്ക്ക് ആവശ്യമായ ഭൂഗർഭ വിഭവ സമ്പത്തും വിപണിയിലെ ആവശ്യക്കാരും സംരംഭകത്വ മികവുമുണ്ട്. ഇനി വേണ്ടത് കൃത്യമായ നയരൂപീകരണവും പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവുമാണ്. ജോന്നഗിരി പദ്ധതിയുടെ വിജയം മുൻനിർത്തി കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കണം. ഇന്ത്യയുടെ സ്വർണ്ണ ചരിത്രം കേവലം ഉപഭോഗത്തിൽ മാത്രം ഒതുങ്ങാതെ, ഉത്പാദനത്തിലും ആഭ്യന്തര സുരക്ഷയിലും അധിഷ്ഠിതമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Content Highlights: Hanuma Prasad Modali believes India can drastically reduce its dependence on gold imports if existing gold holdings within the country are brought into productive use. He has suggested measures such as strengthening gold monetisation programs, improving recycling mechanisms, and encouraging more efficient utilization of idle gold held by households and institutions.