

രാജ്യത്ത് പാചകവാത വില വർധിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടി ഗാർഹിക പാചക വാതക വില കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. 29 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഗാർഹിക എൽപിയുടെ വില 942 രൂപയായി. കോഴിക്കോട് ഗാർഹിക എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിക്കൂട്ടി ഇപ്പോൾ 3000 രൂപയ്ക്ക് മുകളിലായിരിക്കുകയാണ്.
ഇത്തരത്തിൽ വില കൂട്ടിയിട്ടും എണ്ണ കമ്പനികൾ നഷ്ടത്തിലാണ് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 14.2 കിലോഗ്രാമിന്റെ ഒരു സിലിണ്ടറിന് എണ്ണക്കമ്പനികൾക്ക് വരുന്ന നഷ്ടം 700 രൂപയാണത്രെ. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ഫെബ്രുവരി 28 മുതൽ എൽപിജിയുടെ സൗദി കോൺട്രാക്ട് പ്രൈസ് ബെഞ്ച്മാർക്ക് വില 46 ശതമാനം വർധിച്ചു. ഇതോടെ ഒരു സിലിണ്ടർ വിതരണം ചെയ്യുന്നതിനുള്ള ചെലവ് 1600 ൽ കൂടുതലായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.
എന്ന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം ഇപ്പോൾ വഹിക്കുന്നത് കമ്പനികളും കേന്ദ്രസർക്കാരുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ, ആഭ്യന്തര എൽപിജിയുടെ മൊത്തം അണ്ടർ-റിക്കവറി 60000 കോടിയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 1338 കോടിയായിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾക്ക് 30000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
അതേസമയം, പെട്രോൾ ഡീസൽ എന്നിവയുടെ വില വർധിച്ചിട്ടും എണ്ണകമ്പനികൾ നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലെത്താൻ ഇനിയും 5 രൂപയുടെയെങ്കിലും വർധനവ് വേണമെന്നാണ് കണക്കുകൂട്ടൽ.
എണ്ണകമ്പനികളല്ല, മറിച്ച് മേഖലയിലെ വിദഗ്ധരാണ് ഈ കണക്ക് മുന്നോട്ടുവെച്ചത്. നിലവിൽ എണ്ണകമ്പനികൾ പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഒരു ദിവസം 550 മുതൽ 600 കോടി രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്താൻ കുറഞ്ഞത് 5 രൂപയുടെ വർധനവ് വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഈ വർധനവ് കൊണ്ട് ലാഭം ഉണ്ടാകില്ലെങ്കിലും നഷ്ടം ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.
Content Highlights: Despite LPG price hikes, oil companies continue to lose ₹700 per 14.2 kg cylinder, says the Petroleum Ministry. Saudi Contract Price has risen 46% since February 28, increasing import costs.