

ഇന്ത്യന്‍ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കാനിരിക്കുന്ന വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനില്‍ നിര്‍ബന്ധമായും ഇടംനല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ താം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഓപ്പണര്‍മാരായി സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ സഖ്യമുണ്ടെങ്കിലും വൈഭവിനെ കളിപ്പിക്കാന്‍ വൈകരുതെന്നാണ് ഗാവസ്‌കറുടെ നിലപാട്. 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറാന്‍ ഉടന്‍ അവസരമൊരുക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വൈഭവും ഇടം പിടിച്ചിരുന്നു. ഐപിഎലില്‍ തകര്‍ത്തുകളിച്ച താരം 776 റണ്‍സുമായി ഓറഞ്ച് ക്യാപ് വിജയിച്ചതോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഉള്‍പ്പടെ മികച്ച ഫോമിലായതിനാല്‍ എവിടെ അദ്ദേഹത്തെ കളിപ്പിക്കും എന്നതാണ് നേരിടുന്ന വെല്ലുവിളി.
'ഞാനായിരുന്നെങ്കില്‍ അയര്‍ലന്‍ഡിനെതിരെ വൈഭവിനെ ഉറപ്പായും കളിപ്പിക്കും. അദ്ദേഹത്തിന്റെ കളി കാണാന്‍ എനിക്ക് താല്‍പര്യമുണ്ട്. സഞ്ജു സാംസണിനോ, അഭിഷേക് ശര്‍മയ്‌ക്കോ പകരം വൈഭവിന് അവസരം കൊടുത്തു നോക്കണം. ഒരു മത്സരത്തില്‍ ചിലപ്പോള്‍ സഞ്ജു പുറത്തിരിക്കാം. അല്ലെങ്കില്‍ അഭിഷേക് ശര്‍മ പുറത്തിരിക്കാം..' -ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്ക എ ടീമിനെതിരായ മത്സരങ്ങള്‍ക്കായി ഇന്ത്യ എ ടീം ക്യാംപില്‍ പരിശീലനത്തിലാണ് വൈഭവ് ഇപ്പോള്‍. 15-കാരനായ വൈഭവിന് തുണയായി താരത്തിന്റെ പിതാവ് സഞ്ജീവും ശ്രീലങ്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഉണ്ടാകും. വൈഭവിന്റെ പിതാവിനെയും വിദേശത്തെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ബിസിസിഐയാണ്. പുതിയ സാഹചര്യം വൈഭവ് പരിചയപ്പെട്ടുവരുന്നതുവരെ പിതാവും താരത്തിനൊപ്പം തുടരുമെന്നാണു വിവരം. ജൂണ്‍ ഒന്‍പതിന് ദാംബുള്ളയിലാണ് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടം.
ഇന്ത്യ എ ടീമിന്റെ എല്ലാ മത്സരങ്ങളിലും കൗമാരതാരം കളിച്ചേക്കും. ജൂണ്‍ 26 മുതലാണ് അയര്‍ലന്‍ഡ് പര്യടനം തുടങ്ങുന്നത്. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം ജൂലായ് ഒന്നുമുതല്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. അഞ്ച് ടി20 മത്സരങ്ങളാണ് അവിടെ കളിക്കുക. ഇതില്‍ ഏത് പരമ്പരയിലാണ് വൈഭവ് ഉള്‍പ്പെടുക എന്നതാണ് ആകാംക്ഷ.
content highlights: "Vaibhav should be included, let Sanju or Abhishek step aside; Gavaskar reminds