

ടാറ്റ ട്രസ്റ്റിന്റെ നിർണായക ബോർഡ് മീറ്റിങ് വീണ്ടും മാറ്റിവെച്ചു. ഇന്ന് നടക്കാനിരുന്ന ബോർഡ് മീറ്റിങ്ങാണ് സംസ്ഥാന ചാരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം മാറ്റിവെച്ചത്. പകരം മീറ്റിങ് എന്ന് നടക്കും എന്ന് അറിവായിട്ടില്ല. ടാറ്റ സൺസ് ഡയറക്ടറും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയുമായ വേണു ശ്രീനിവാസൻ, അഡ്വ കാത്യായനി അഗർവാൾ എന്നിവരുടെ പരാതിയിലാണ് ചാരിറ്റി കമ്മീഷണറുടെ നടപടി. ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണത്തെച്ചൊല്ലിയായിരുന്നു ഇരുവരുടെയും പരാതി. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ചാരിറ്റി കമ്മീഷണർ അന്വേഷണം തീരുന്നതുവരെ ബോർഡ് മീറ്റിങ് നടത്തരുത് എന്നും ഉത്തരവിട്ടു. ഇതോടെ ടാറ്റ ട്രസ്റ്റിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മറ്റുമുള്ള ആശങ്കകൾ വർധിച്ചുവന്നിരിക്കയാണ്.
ടാറ്റ സൺസിന്റെ ലിസ്റ്റിംഗ്, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ കാലാവധി, ടാറ്റ ട്രസ്റ്റിന്റെ ടാറ്റ സൺസ് ബോർഡിലെ പ്രാതിനിധ്യം തുടങ്ങിയ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു ഇന്നത്തെ യോഗം വിളിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ചയും കൃത്യമായ കാരണം അറിയിക്കാതെ ഇത്തരത്തിൽ ടാറ്റ ട്രസ്റ്റിന്റെ യോഗം മാറ്റിവച്ചിരുന്നു. ടാറ്റ സൺസിന്റെ ഭാവിയെച്ചൊല്ലി ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കനത്തിരിക്കുന്ന സമയത്താണ് വീണ്ടും യോഗം മാറ്റിവെച്ചത്. ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ ട്രസ്റ്റിന്റെ പക്കലാണ്. കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളിൽ ട്രസ്റ്റ് കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.
ട്രസ്റ്റികളുടെ എണ്ണം സംബന്ധിച്ചാണ് വേണു ശ്രീനിവാസനും അഡ്വ കാത്യായനി അഗർവാളും പരാതി നൽകിയത്. മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്റ്റ് 2025 പ്രകാരം മൊത്തം ട്രസ്റ്റികളിലൂടെ നാലിലൊന്ന് അംഗങ്ങൾക്ക് മാത്രമേ ആജീവനാന്ത ട്രസ്റ്റികളാകാൻ പറ്റുകയുള്ളൂ. എന്നാൽ ടാറ്റ ട്രസ്റ്റിൽ അത് 50 ശതമാനമാണ് എന്നാണ് പരാതി. നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ബോർഡിൽ ആറ് അംഗങ്ങളാണുള്ളത്. അതിൽ ജിമ്മി നവൽ ടാറ്റ, ജെഹാൻഗീർ എച്ച് സി ജെഹാൻഗീർ, നോയൽ നവൽ ടാറ്റ എന്നിവരാണ് ആജീവനാന്ത ട്രസ്റ്റികൾ. നിലവിൽ മൊത്തം അംഗങ്ങളുടെ നേർ പകുതിയാണ് ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണം. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ ഉന്നയിച്ച വിഷയങ്ങൾ "ഗൗരവമുള്ളതും ഉചിതമായ പരിഗണന ആവശ്യമുള്ളതുമാണെന്ന്" പ്രസ്താവിച്ചുകൊണ്ട് നൽകിയ നിവേദനങ്ങളും ചാരിറ്റി കമ്മീഷണറുടെ നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.അന്വേഷണ കാലയളവിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കരുത് എന്നും നിർദ്ദേശമുണ്ട്.
പബ്ലിക് ലിസ്റ്റിംഗ് തുടരണമോ എന്നതാണ് ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം. ട്രസ്റ്റുകളുടെ ദീർഘകാല നിയന്ത്രണം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി നോയൽ ടാറ്റ ലിസ്റ്റിംഗിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെമികണ്ടക്ടറുകൾ, വ്യോമയാനം, ഡിജിറ്റൽ ബിസിനസുകൾ തുടങ്ങിയ മേഖലകളിലേക്കുള്ള മൂല്യം വർദ്ധിപ്പിക്കുന്നതിനും ഫണ്ട് വികസിപ്പിക്കുന്നതിനുമായി ചില ട്രസ്റ്റികൾ ലിസ്റ്റിംഗിനെ അനുകൂലിക്കുന്നുമുണ്ട്.
2024-ലെ രത്തൻ ടാറ്റയുടെ മരണത്തിനും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായി നോയൽ ടാറ്റ ഉയർന്നതിനും ശേഷവും നിരവധി തവണയാണ് ടാറ്റ ട്രസ്റ്റ്സ് ബോർഡ് യോഗം ആവർത്തിച്ച് മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് ഗ്രൂപ്പിലെ അധികാരത്തർക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Content Highlights: Tata Trust's crucial board meeting scheduled for today has been postponed again following the State Charity Commissioner's directive. New meeting date yet to be announced.