

വിദേശ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ അധിക നികുതി ചുമത്തുകയോ ചെയ്യുമെന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വിദേശ യാത്രകള്‍ക്ക് സെസ്, നികുതി, സര്‍ചാര്‍ജ് എന്നിവ ചുമത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ ഉയര്‍ന്ന തലങ്ങളില്‍ പരിഗണനയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
ആഗോള എണ്ണവില വര്‍ധനയും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചില റിപ്പോര്‍ട്ടുകളിലും വ്യാപകമായി പ്രചരിച്ചത്. വിദേശ യാത്രകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആലോചിക്കുകയാണെന്നും വിദേശ ടൂറിന് പോകുന്നവരില്‍ നിന്ന് അധിക നികുതി വാങ്ങാനാണ് നീക്കമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
This is totally false.
— Narendra Modi (@narendramodi) May 15, 2026
Not an iota of truth in this.
There is no question of putting such restrictions on foreign travel.
We remain committed to improving ‘Ease of Doing Business’ and ‘Ease of Living’ for our people. https://t.co/9lxjbxz0nV
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളോട് ഇന്ധന ഉപഭോഗം കുറയ്ക്കുക, അനാവശ്യ വിദേശ യാത്രകള്‍ ഒഴിവാക്കുക, ആഭ്യന്തര ടൂറിസത്തിന് മുന്‍ഗണന നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും എണ്ണ ഇറക്കുമതി ചെലവ് നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രാ നിയന്ത്രണ ആഹ്വാനം ഇന്ത്യയിലെ ടൂറിസം-ട്രാവല്‍ മേഖലയെ ബാധിക്കുമെന്ന ആശങ്ക വ്യവസായ രംഗത്ത് ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ വേനല്‍ക്കാല ബുക്കിങ്ങുകളില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവുണ്ടായതായി ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് സാമ്പത്തിക ജാഗ്രതയുടെ ഭാഗമായാണ് കാണേണ്ടതെന്ന് ടൂറിസം സംഘടനകള്‍ പ്രതികരിച്ചു.
വിദേശയാത്രകള്‍ കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും ശക്തമാക്കണമെന്ന് ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഇന്‍ ഇന്ത്യന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമിട്ടിട്ടുണ്ട്. യുഎഇ, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം.
Content Highlights: In a rare rebuttal from the Prime Minister himself, PM Narendra Modi has rubbished a report which claimed the government is considering a cess or tax on foreign travel.