

അടുത്ത ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ, സ്വര്‍ണം വാങ്ങുന്നതിന് രാജ്യത്ത് നിയമപരമായി എന്തെങ്കിലും പരിധിയുണ്ടോ എന്ന സംശയവുമായി പലരും രംഗത്തെത്തിയത്. ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നതിന് നിയമപരമായി പരിധി ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും, ഇന്‍കം ടാക്‌സ് നിയമങ്ങളും സിബിഡിറ്റി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) മാര്‍ഗ്ഗനിര്‍ദേശങ്ങളും അനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇന്ത്യയില്‍ ഒരാള്‍ക്ക് എത്ര സ്വര്‍ണം വേണമെങ്കിലും സ്വന്തമാക്കാം. പക്ഷേ ആ സ്വര്‍ണം നിയമപരമായ വരുമാനത്തില്‍ നിന്നോ, പാരമ്പര്യമായി ലഭിച്ചതോ ഗിഫ്റ്റായോ ലഭിച്ചതാണെന്ന് തെളിയിക്കാന്‍ കഴിയണം. ഇന്‍കം ടാക്‌സ് റെയ്ഡ് പോലുള്ള സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയാത്ത പക്ഷം പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഇന്‍കം ടാക്‌സ് പരിശോധന നടന്നാലും നിശ്ചിത അളവിലുള്ള സ്വര്‍ണം പിടിച്ചെടുക്കാന്‍ പാടില്ലെന്നാണ് നിയമം. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, വിവാഹം കഴിക്കാത്ത സ്ത്രീ ആണെങ്കില്‍ 250 ഗ്രാം, പുരുഷന് 100 ഗ്രാം വീതം സ്വര്‍ണം കൈവശം വെക്കാം. ഈ പരിധിക്കുള്ളില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും സാധാരണയായി അത് പിടിച്ചെടുക്കില്ല. കൃത്യമായ തെളിവുകളുണ്ടെങ്കില്‍ ഇതിന് മുകളിലുള്ള അളവിലും സ്വര്‍ണം കൈവശം വെക്കുന്നതില്‍ തടസമില്ല.
വലിയ അളവില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍/ ഇന്‍വോയ്‌സ്, ബാങ്ക് ട്രാന്‍സാക്ഷന്‍ രേഖ, ഗിഫ്റ്റ് ഡീഡ്, വില്‍/ പാരമ്പര്യ രേഖകള്‍, ആദായ നികുതി രേഖകള്‍ തുടങ്ങിയവ സൂക്ഷിക്കണം. ഇവ ഇല്ലെങ്കില്‍ അധിക സ്വര്‍ണം അനധികൃതമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട്. രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ബാങ്ക്/ യുപിഐ/ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ്/ ചെക്ക് വഴി മാത്രമേ നടത്താനാകൂ. പാന്‍, ആധാര്‍ പോലുള്ള കെവൈസി ഡോക്യുമെന്റുകളും വലിയ ഇടപാടില്‍ ആവശ്യമായി വന്നേക്കാം.
ഗോള്‍ഡ് ബാര്‍, കോയിന്‍ എന്നിവയ്ക്ക് വേറെയാണ് നിയമം. ഗോള്‍ഡ് ബാര്‍, ഗോള്‍ഡ് കോയിന്‍, ബുള്ളിയന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയ്ക്ക് പ്രത്യേക പരിധി ഇല്ല. എന്നാല്‍ ഇവ വാങ്ങിയതിന്റെ രേഖകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. വലിയ തുകയ്ക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍, ആധാര്‍, ബാങ്ക് ഇടപാടുകള്‍ എന്നിവ വഴി നിരീക്ഷിക്കപ്പെടാം. വലിയ കാഷ് ട്രാന്‍സാക്ഷനുകളും വരുമാനത്തോട് പൊരുത്തപ്പെടാത്ത പര്‍ച്ചേസിങ്ങും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാം. എങ്കിലും നിയമപരമായ പര്‍ച്ചേസുകള്‍ക്ക് ആശങ്ക വേണ്ട.
Content Highlights: Recently, Prime Minister Narendra Modi urged citizens to avoid buying gold for a year. This has sparked curiosity among people about whether there is any legal limit on purchasing gold in India. In reality, Indian law does not impose any fixed cap on how much gold a person can buy at one time. However, certain rules apply depending on the mode of payment and the value of the purchase.