ഉദയനിധി സ്റ്റാലിന്‍ സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചോ? 2021 ലെ നിക്ഷേപങ്ങള്‍ ഇത്തവണയില്ല, വായ്പാ വിവരങ്ങളുമില്ല

2021ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്ന ഒരു നിക്ഷേപം 2026ലെ രേഖയില്‍ കാണുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. 2021ലെ സത്യവാങ്മൂലത്തില്‍ റെഡ് ജയന്റ് മൂവീസ് എന്ന കമ്പനിയില്‍ 7.36 കോടി രൂപ നിക്ഷേപമുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു

ഉദയനിധി സ്റ്റാലിന്‍ സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചോ? 2021 ലെ നിക്ഷേപങ്ങള്‍ ഇത്തവണയില്ല, വായ്പാ വിവരങ്ങളുമില്ല
dot image

വിജയ്‌യെ നേരിടാന്‍ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിന്‍ എത്തിയതോടെ തമിഴ്‌നാട് നിയമസഭയില്‍ ഇനി തീ പാറും. എന്നാല്‍ സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് ഉദയനിധിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തി വരികയാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ കൃത്യമായി നല്‍കാതെ ഉദയനിധി പുലിവാല് പിടിച്ചിരിക്കുന്നത്.

2021ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്ന ഒരു നിക്ഷേപം 2026ലെ രേഖയില്‍ കാണുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. 2021ലെ സത്യവാങ്മൂലത്തില്‍ റെഡ് ജയന്റ് മൂവീസ് എന്ന കമ്പനിയില്‍ 7.36 കോടി രൂപ നിക്ഷേപമുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2026ലെ തിരഞ്ഞെടുപ്പ് രേഖയില്‍ ഈ നിക്ഷേപം കാണുന്നില്ലെന്ന് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, 2026ലെ സത്യവാങ്മൂലത്തില്‍ അതേ കമ്പനിയില്‍ ഭാര്യയുടെ പേരില്‍ 2.63 കോടി രൂപ നിക്ഷേപമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം 2021ലെ രേഖയില്‍ ഉണ്ടായിരുന്നില്ല.

വായ്പാ വിവരങ്ങളിലും പൊരുത്തക്കേടുകള്‍ ഉണ്ട്. 2026ലെ സത്യവാങ്മൂലത്തില്‍ ഏകദേശം 10 കോടി രൂപ വായ്പയുണ്ടെന്ന് പറഞ്ഞപ്പോള്‍, 2021ലെ രേഖയില്‍ അത് 11.06 കോടി രൂപയായിരുന്നു. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക രേഖകള്‍ പ്രകാരം ഏകദേശം 17.69 കോടി രൂപ കടമുണ്ടെന്നാണ് സൂചന.

ആസ്തിയും ബാധ്യതയും വര്‍ധിച്ചു

2021ലെ സത്യവാങ്മൂലത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഏകദേശം 29 കോടി രൂപയുടെ ആസ്തിയും 1.35 ലക്ഷം രൂപ ബാധ്യതയും രേഖപ്പെടുത്തിയിരുന്നു. 2026ലെ സത്യവാങ്മൂലത്തില്‍ ആസ്തി ഏകദേശം 33 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ബാധ്യത 1.55 ലക്ഷം രൂപായി വര്‍ധിച്ചു.

വിശദമായ സാമ്പത്തിക രേഖകളില്ല

തമിഴ്‌നാട്-പുതുച്ചേരി ആദായനികുതി അന്വേഷണ വിഭാഗം സമര്‍പ്പിച്ച പരാതി പ്രകാരം, നിലവിലുള്ള വിവരങ്ങള്‍ അന്തിമ നിഗമനത്തിന് മതിയാകുന്നില്ല. ഉദയനിധി സ്റ്റാലിന്‍ ITR-2 ഫോര്‍മാറ്റിലാണ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും അതില്‍ വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.
കൂടാതെ, അദ്ദേഹത്തിന്റെ ഭാര്യ ആദായ നികുതി സമര്‍പ്പിച്ചിട്ടില്ലെന്നതും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജിയില്‍ 'ഗുരുതര വൈരുധ്യങ്ങള്‍'

ചെന്നൈയിലെ ചെപ്പാക്ക് തിരുവല്ലിക്കേണി മണ്ഡലത്തിലെ വോട്ടറായ ആര്‍. കുമരവേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിഷയം പുറത്തുവന്നത്. 2021-ഉം 2026-ഉം സത്യവാങ്മൂലങ്ങളില്‍ ''ഗുരുതര വൈരുധ്യങ്ങള്‍'' ഉണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. കാണാതായ ആസ്തികള്‍, വായ്പാ കണക്കിലെ വ്യത്യാസങ്ങള്‍, കമ്പനികളുടെ രേഖകളുമായുള്ള പൊരുത്തക്കേടുകള്‍ എന്നിവയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ ആദ്യം മദ്രാസ് ഹൈക്കോടതി ആദായനികുതി വകുപ്പിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു.

Content Highlights: Discrepancies in Udhayanidhi Stalin’s investment and loan disclosures have been flagged by the Income Tax Department

dot image
To advertise here,contact us
dot image