'ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് പപ്പാ'; ഐപിഎലിലെ അതിവേഗ സെഞ്ചുറിയുമായി ഉര്‍വില്‍ പട്ടേല്‍

റെക്കോഡ് പങ്കിട്ടത് യശസ്വി ജയ്‌സ്വാളിനൊപ്പം, 13 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്

'ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് പപ്പാ'; ഐപിഎലിലെ അതിവേഗ സെഞ്ചുറിയുമായി ഉര്‍വില്‍ പട്ടേല്‍
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഉര്‍വില്‍ പട്ടേലിന്റെ പ്രകടനത്തിന് കൈയടിച്ച് ക്രിക്കറ്റ് പ്രേമികള്‍. അതിവേഗം അര്‍ധ സെഞ്ചുറി തികച്ച താരം ഐപിഎലിലെ റെക്കോഡ് അര്‍ധ സെഞ്ചുറി യശസ്വി ജയ്‌സ്വാളുമായി പങ്കിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ വെറും 13 പന്തുകളില്‍നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന യശസ്വി ജയ്‌സ്വാളിന്റെ റെക്കോഡിനൊപ്പം ഗുജറാത്തി താരം ഉര്‍വില്‍ പട്ടേല്‍ ഇടംപിടിച്ചു.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മികച്ച തുടക്കം നല്‍കിയ ശേഷം സഞ്ജു സാംസണ്‍ പുറത്തായെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഉര്‍വില്‍ പട്ടേലിന്റെ ഇന്നിങ്‌സാണ്. സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉര്‍വില്‍, നേരിട്ട ആദ്യ എട്ട് പന്തുകളില്‍നിന്നുതന്നെ ആറ് സിക്സറുകള്‍ പറത്തി 41 റണ്‍സ് അടിച്ചു. ആദ്യ പത്തു പന്തുകളില്‍ 42 റണ്‍സ് നേടിയ ആദ്യതാരമെന്ന നേട്ടം ഉര്‍വില്‍ സ്വന്തമാക്കി. 2015-ല്‍ എബി ഡിവില്ലിയേഴ്സ് നേടിയ 10 പന്തില്‍ 41 റണ്‍സും 2023ല്‍ യശസ്വി ജയ്സ്വാള്‍ നേടിയ 10 പന്തില്‍ 41 റണ്‍സുമാണ് ഇതിന് മുന്‍പത്തെ റെക്കോഡ്. ഇതാണ് ഉര്‍വില്‍ തിരുത്തിയത്. നേരിട്ട ആദ്യ 11 പന്തില്‍ ഏഴ് സിക്സറുകള്‍ എന്ന അപൂര്‍വ നേട്ടവും ഈ ഇന്നിങ്സിലൂടെ താരം സ്വന്തമാക്കി. മത്സരത്തിലുടനീളം ബൗളര്‍മാരെ കടന്നാക്രമിച്ച ഉര്‍വില്‍ പട്ടേല്‍ മത്സരത്തില്‍ എട്ടുസിക്‌സറുകള്‍ നേടി. ലഖ്‌നൗ ബൗളര്‍മാരായ ആവേശ് ഖാന്‍, ദിഗ്വേഷ് സിങ് റാഠി എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ സിക്സറുകള്‍ പായിച്ച താരം ലഖ്‌നൗ നിരയെ സമ്മര്‍ദത്തിലാക്കി. അഞ്ച്, ആറ് ഓവറുകളില്‍ 25 റണ്‍സ് വീതമാണ് ഉര്‍വിലും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് അടിച്ചെടുത്തത്. ഷഹബാസ് അഹമ്മദും മുഹമ്മദ് ഷമിയുമെല്ലാം ഉര്‍വിന്റെ ബാറ്റിങ് ചൂടറിഞ്ഞു.

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താന്‍ കൈവശം കരുതിയ കടലാസെടുത്ത് ഉര്‍വില്‍ ഉയര്‍ത്തിക്കാണിച്ചു. തന്റെ റെക്കോഡ് നേട്ടവും മികച്ച പ്രകടനവും ഉര്‍വില്‍ പിതാവിനാണ് സമര്‍പ്പിച്ചത്. കൈകള്‍ കൂപ്പി പ്രാര്‍ഥിച്ച താരം, പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്തു. 'ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് പപ്പാ' എന്ന് കടലാസില്‍ എഴുതിയിരുന്നു. തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ഏതാനും വരികള്‍ അദ്ദേഹം അതില്‍ കുറിച്ചിട്ടുണ്ടായിരുന്നു.
ഉര്‍വിലിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ലഖ്‌നൗവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ അഞ്ചുവിക്കറ്റിന് ജയിച്ചു. പ്ലേ ഓഫിലേക്ക് കടക്കാനുള്ള ദൂരം കുറയ്ക്കാനും ചെന്നൈയ്ക്കായി.

content highlights: 'This is for you, Papa'; Urvil Patel hits the fastest century in IPL

dot image
To advertise here,contact us
dot image