ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് എത്ര ശമ്പളം കിട്ടും? മമത ബാനര്‍ജിക്ക് ഇനി പെന്‍ഷന്‍

ഭരണവിരുദ്ധ തരംഗത്തില്‍ ഭവാനിപുരില്‍ പരാജയപ്പെട്ട മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായെങ്കിലും മുന്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും

ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് എത്ര ശമ്പളം കിട്ടും? മമത ബാനര്‍ജിക്ക് ഇനി പെന്‍ഷന്‍
dot image

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റത്. മുഖ്യമന്ത്രിയെന്ന നിലയില്‍ സുവേന്ദുവിന് ശമ്പളത്തിനു പുറമെ സര്‍ക്കാര്‍ ചെലവില്‍ വലിയ സൗകര്യങ്ങള്‍ ലഭിക്കും. പ്രതിമാസം ശമ്പളമായി ലഭിക്കുക ഏകദേശം 2.10 ലക്ഷം രൂപ ആയിരിക്കും. അടിസ്ഥാന ശമ്പളം 51,000 രൂപയാണ്. എംഎല്‍എ ശമ്പളമായി 50,000 രൂപ കിട്ടും. ഇതിനു പുറമേ മറ്റു അലവന്‍സുകളായി 1,09,000 രൂപ കിട്ടും. മൊത്തം ഒരു മാസം കിട്ടുന്ന തുകയാണ് 2.10 ലക്ഷം രൂപ.

ഔദ്യോഗിക ചെലവുകള്‍ക്കും, പൊതു പരിപാടികളില്‍ പങ്കെടുക്കാനുമായി മുഖ്യമന്ത്രിക്ക് പ്രത്യേക അലവന്‍സ് ലഭിക്കും. എംഎല്‍എ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസം 48,000 രൂപ കിട്ടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദിവസേന സിറ്റിങ് അലവന്‍സായി 2000 രൂപ കിട്ടും. അതായത് ഈയിനത്തില്‍ മാസം 60,000 രൂപയാണ് ലഭിക്കുക. വീടിന് പുറമെ സര്‍ക്കാര്‍ വക കാര്‍, ജീവനക്കാര്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ കിട്ടും. സെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റി, സൗജന്യ ചികിത്സ, സൗജന്യ യാത്രാ അലവന്‍സ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കാനായി അമ്പതോളം പേഴ്‌സനല്‍ സ്റ്റാഫുണ്ടാകും.

മമത ബാനര്‍ജിയുടെ വരുമാനവും പെന്‍ഷനും

ഭരണവിരുദ്ധ തരംഗത്തില്‍ ഭവാനിപുരില്‍ പരാജയപ്പെട്ട മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായെങ്കിലും മുന്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 15 വര്‍ഷം ബംഗാള്‍ ഭരിച്ച വ്യക്തിയാണ് മമത ബാനര്‍ജി. അവര്‍ തന്റെ ഭരണകാലത്ത് ഒരു രൂപ പോലും ശമ്പളം വാങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുസ്തകങ്ങള്‍, സ്റ്റേഷനറി, പെയിന്റിങ്, ഗാനരചന എന്നിവയാണ് തന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് അവര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മമത ബാനര്‍ജി 100ലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയ്ക്ക് റോയല്‍റ്റി ലഭിക്കുന്നു. ഈയിനത്തില്‍ പ്രതിവര്‍ഷം 10 മുതല്‍ 11 ലക്ഷം രൂപ വരെ കിട്ടുന്നു. ഇതിനു പുറമേ പെയിന്റിങ്ങില്‍ നിന്നും പണം സമ്പാദിക്കുന്നു. പാട്ടുകളില്‍ നിന്ന് അവര്‍ പ്രതിവര്‍ഷം ഏകദേശം 3 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി, മുന്‍ എംഎല്‍എ എന്നിവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും നിര്‍ണയിക്കുന്നത് പശ്ചിമ ബംഗാള്‍ ശമ്പള, അലവന്‍സ് നിയമം, പശ്ചിമ ബംഗാള്‍ നിയമസഭാംഗങ്ങളുടെ നിയമം എന്നിവ വഴിയാണ്. മുന്‍ സേവനങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കും.

പ്രതിമാസം അടിസ്ഥാന പെന്‍ഷന്‍ 30,000 രൂപയാണ്. തുടര്‍ന്ന് സേവനം അനുഷ്ഠിച്ച വര്‍ഷങ്ങള്‍ കണക്കാക്കി, ഓരോ വര്‍ഷത്തിനും 2,500 രൂപ വീതം നല്‍കും. അങ്ങനെ നോക്കുമ്പോള്‍ മമതയുടെ മൊത്തം സേവന കാലയളവ് 25-30 വര്‍ഷം ആണ്. അതായത് ഒരു മാസം ഏകദേശം 80,000 മുതല്‍ 1 ലക്ഷം രൂപ വരെ പ്രതിമാസ പെന്‍ഷന്‍ കിട്ടും. ഇതിനു പുറമേ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താമസം, വാഹനം, ജീവനക്കാര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, സുരക്ഷ എന്നിവയും ലഭ്യമാകും.

Content Highlights: For the first time in West Bengal, the Bharatiya Janata Party (BJP) has formed the government. Suvendu Adhikari has taken the oath as the Chief Minister of West Bengal. - How much salary will West Bengal CM Suvendu Adhikari get? What will Mamata Banerjee get as ex CM?

dot image
To advertise here,contact us
dot image