

യുഎസിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ സ്പിരിറ്റ് എയര്‍ലൈന്‍സ് ശനിയാഴ്ചയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചത്. ദീര്‍ഘനാളത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കൊടുവിലാണ് സേവനം നിര്‍ത്തുന്നതെങ്കിലും ഇന്ധനവില കുത്തനെ ഉയര്‍ന്നത് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടാശ്വാസ പദ്ധതിയില്‍ കടം നല്‍കിയവര്‍ തൃപ്തരാകാഞ്ഞതും സേവനം നിര്‍ത്തുകയെന്ന തീരുമാനത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി.
പശ്ചിമേഷ്യയിലെ സാഹചര്യം വഷളാകുന്നതില്‍ എപ്പോഴും നിര്‍ണായകമായത് ട്രംപിന്റെ തീരുമാനങ്ങളാണ്. ഏറ്റവുമൊടുവില്‍ ഹോര്‍മുസ് മുനമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ഉള്‍പ്പെടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. നേരത്തെ തന്നെ കടബാധ്യതയുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്, ഏപ്രിലോടെ ഇന്ധനവില ഇരട്ടിയായി വര്‍ധിച്ചത് മുന്നോട്ടുപോക്ക് അസാധ്യമാക്കി. കനത്ത നഷ്ടത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് 34 വര്‍ഷത്തെ സേവനം പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്.
ട്രംപ് ഭരണകൂടം സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ 50 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ പാക്കേജിന്റെ നിബന്ധനകളില്‍ കടം നല്‍കിയവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടു. ഏകദേശം 240 കോടി ഡോളറിന്റെ കടബാധ്യത സ്പിരിറ്റിനുണ്ടായിരുന്നു. പാപ്പരായെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024നും 25നും ഇടയില്‍ രണ്ടുതവണ കമ്പനി അപേക്ഷ നല്‍കിയിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ യുഎസില്‍ ഇത്രവലിയൊരു വിമാനക്കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ആദ്യമായാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ദിനംപ്രതി നൂറിലധികം സര്‍വീസുകള്‍ നടത്തിയിരുന്ന സ്പിരിറ്റ് എയര്‍ലൈന്‍സിന്, നേരത്തേയും നഷ്ടം നേരിട്ടിരുന്നെങ്കിലും ഇന്ധനവില കുത്തനെ കുതിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. മറ്റ് പ്രമുഖ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകള്‍ ആരംഭിച്ചതും സ്പിരിറ്റിന്റെ ലാഭത്തെ ബാധിച്ചു. ഏകദേശം 14,000 സ്ഥിരം ജീവനക്കാരെയും മൂവായിരത്തോളം കരാര്‍ ജീവനക്കാരെയും ഈ തീരുമാനം ബാധിക്കും. യാത്രക്കാരെ സഹായിക്കുന്നതിനായി യുണൈറ്റഡ്, ഡെല്‍റ്റ, സൗത്ത് വെസ്റ്റ് തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രാവല്‍ ഏജന്റുകള്‍ വഴിയോ മറ്റ് സൈറ്റുകള്‍ വഴിയോ ബുക്ക് ചെയ്തവര്‍ ബന്ധപ്പെട്ട ഏജന്‍സികളെ സമീപിക്കേണ്ടിവരും. കമ്പനി അടച്ചൂട്ടിയത് കുറഞ്ഞ നിരക്കില്‍ യാത്രകള്‍ സാധ്യമാക്കിയിരുന്ന അള്‍ട്രാ ലോ-കോസ്റ്റ് മോഡലിന് വലിയ തിരിച്ചടിയാണ്. സ്പിരിറ്റ് എയര്‍ലൈന്‍സ് നിര്‍ത്തലാക്കിയതോടെ ഫ്രോണ്ടിയര്‍, ജെറ്റ് ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സ് തുടങ്ങിയവര്‍ സ്പിരിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Spirit Airlines Ends Operations Amid Financial Stress; Refunds, Alternative Options Explained