

പ്രശസ്ത ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസിന്റെ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനോമലി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്തു. ഇന്ത്യയില്‍ അതിവേഗം വളരുന്ന ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ സുപ്രധാന നീക്കം.
2021ല്‍ പ്രിയങ്ക ചോപ്ര യുഎസില്‍ ആരംഭിച്ച ഹെയര്‍ കെയര്‍ ബ്രാന്‍ഡാണ് അനോമലി. പരിസ്ഥിതി സൗഹൃദമായ പാക്കേജിങ്ങും പ്രകൃതിദത്ത ചേരുവകളും കുറഞ്ഞ വിലയുമാണ് ബ്രാന്‍ഡിന്റെ പ്രത്യേകത. ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയര്‍ മാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ ഈ ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ട്. 2022ലാണ് ഈ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.
സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ വിപണിയില്‍ നൈക, ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ പലെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി നേരിട്ട് ഏറ്റുമുട്ടാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ റിലയന്‍സ് ടിറ എന്ന പേരില്‍ തങ്ങളുടെ സ്വന്തം മള്‍ട്ടി-ബ്രാന്‍ഡ് ബ്യൂട്ടി സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. അനോമലി കൂടി എത്തുന്നതോടെ റിലയന്‍സിന്റെ പോര്‍ട്ട്ഫോളിയോ കൂടുതല്‍ ശക്തമാകും.
ഇന്ത്യയില്‍ നേരത്തെ അനോമലിയുടെ വിതരണാവകാശം സെഫോറ പോലുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പുതിയ കരാര്‍ പ്രകാരം റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ഈ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കും. റിലയന്‍സിന്റെ സ്വന്തം പ്ലാറ്റ്ഫോമുകളായ ടിറ, റിലയന്‍സ് ഡിജിറ്റല്‍, കൂടാതെ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി അനോമലി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും.
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി ബ്രാന്‍ഡുകളെ സ്വന്തമാക്കുന്നത് വഴി യുവാക്കളെയും പ്രീമിയം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ റിലയന്‍സിന് സാധിക്കും. ഇന്ത്യയിലെ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിപണി പ്രതിവര്‍ഷം 10 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ പ്രകൃതിദത്തവും ഗുണനിലവാരമുള്ളതുമായ ഉല്‍പന്നങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ അനോമലിക്കുള്ള വിപണി സാധ്യത വളരെ വലുതാണെന്ന് റിലയന്‍സ് വിലയിരുത്തുന്നു.
Content Highlights: Reliance Retail has acquired Priyanka Chopra Jonas's global haircare brand Anomaly. This move expands Reliance Retail's beauty and personal care offerings. Anomaly is known for its clean, vegan, and affordable products. Reliance Retail plans to scale the brand in India and internationally. Priyanka Chopra Jonas will continue as Creative Director. This acquisition strengthens Reliance Retail's position in the beauty market.