സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നു

ഇടപാടിലൂടെ ഫെഡറല്‍ ബാങ്കിന് വന്‍കിട നഗരങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് സാന്നിധ്യം വലിയതോതില്‍ ഉയര്‍ത്താനാകും

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നു
dot image

ബ്രിട്ടീഷ് ബഹുരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച് കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയായി. ഏതാണ്ട് 4.30 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെയാണ് ഇടപാടിലൂടെ ഫെഡറല്‍ ബാങ്കിന് ലഭിക്കുക. തങ്ങളുടെ ബാങ്കിങ് ഉപഭോക്താക്കളുടേതായുള്ള ഏതാണ്ട് 70,000 കാര്‍ഡുകള്‍ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ് നിലനിര്‍ത്തും. വെല്‍ത്ത് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് അവര്‍ വിറ്റൊഴിയുന്നത്.

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിന്റെ ഇന്ത്യയിലെ ഏകദേശം 2,000 കോടി രൂപ വരുന്ന ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോ ആണ് ഫെഡറല്‍ ബാങ്കിലേക്ക് മാറുന്നത്. നിലവിലുള്ള ഉപഭോക്താക്കളുടെ കാര്‍ഡ് സേവനങ്ങളും ആനുകൂല്യങ്ങളും തടസ്സമില്ലാതെ തുടരുന്നതിനായി ഇരു ബാങ്കുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിലവില്‍ ബാങ്കിന് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുണ്ടെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിനെപ്പോലെ ഒരു വലിയ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പോര്‍ട്ട്ഫോളിയോ സ്വന്തമാക്കുന്നത് ബാങ്കിന്റെ ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇടപാടിലൂടെ ഫെഡറല്‍ ബാങ്കിന് വന്‍കിട നഗരങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് സാന്നിധ്യം വലിയതോതില്‍ ഉയര്‍ത്താനാകും. ഒപ്പം, അതിസമ്പന്നരായ ഇടപാടുകാരെ ലഭിക്കുകയും ചെയ്യും. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാരില്‍ 75 ശതമാനവും എട്ട് വന്‍കിട നഗരങ്ങളിലുള്ളവരാണ്. ഇടപാട് 2026 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. ഫെഡറല്‍ ബാങ്കിന് നിലവില്‍ 21 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 13 ലക്ഷം കോ-ബ്രാന്‍ഡഡ് കാര്‍ഡുകളാണ്.

തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് അതിവേഗം വളരുകയാണെന്നും അതിന് കൂടുതല്‍ വേഗം നല്‍കാന്‍ ഈ ഏറ്റെടുക്കല്‍ വഴിവെയ്ക്കുമെന്നും ഫെഡറല്‍ ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. ഫെഡറല്‍ ബാങ്കിനൊപ്പം കൊട്ടക് മഹീന്ദ്ര ബാങ്കും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ രംഗത്തുണ്ടായിരുന്നു. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡിന്റെ ഇന്ത്യയിലെ പേഴ്സണല്‍ ലോണ്‍ ബിസിനസ് കഴിഞ്ഞ വര്‍ഷം കൊട്ടക് മഹീന്ദ്ര ഏറ്റെടുത്തിരുന്നു.

Content Highlights: Federal Bank is set to acquire a significant credit card portfolio of approximately 4.5 lakh cards from Standard Chartered Bank, India. This strategic move aims to bolster Federal Bank's existing card base, particularly in top Indian cities, and enhance its presence among urban, financially active consumers. The deal is expected to conclude by the end of 2026.

dot image
To advertise here,contact us
dot image