മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യം; ഒരു തുള്ളി എണ്ണ പോലും കയറ്റിയയക്കാതെ കുവൈറ്റ്; ഉത്പാദനം മാറ്റമില്ല

ആഗോള ഊര്‍ജ വിതരണ ശൃംഖലയില്‍ കുവൈറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രധാനമായും ഏഷ്യയിലേക്കും യൂറോപ്പിലേക്കുമാണ് ഇവിടെ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നത്

മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യം; ഒരു തുള്ളി എണ്ണ പോലും കയറ്റിയയക്കാതെ കുവൈറ്റ്; ഉത്പാദനം മാറ്റമില്ല
dot image

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ കയറ്റുമതി നിലച്ച് കുവൈറ്റ്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ എണ്ണ കയറ്റുമതി പൂജ്യമായി രേഖപ്പെടുത്തി.

crude

1991-ല്‍ നടന്ന ആദ്യ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് കുവൈറ്റ് ഒരു മാസം മുഴുവനും എണ്ണ കയറ്റുമതി ചെയ്യാതിരിക്കുന്നത്. ഈ തടസ്സത്തിന് പ്രധാന കാരണമായത് ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കപ്പെട്ടതാണ്. ഇതിന്റെ ഫലമായി കപ്പല്‍ ഗതാഗത മാര്‍ഗങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ കുവൈറ്റ് ഇപ്പോഴും എണ്ണ ഉല്‍പ്പാദനം തുടരുകയാണ്. പക്ഷേ ക്രൂഡ് ഓയില്‍ കയറ്റുമതി പൂര്‍ണമായും നിര്‍ത്തി വച്ചു.

ഒപെക് രാജ്യങ്ങളിലെ ഒരു പ്രധാന എണ്ണ ഉത്പാദക രാജ്യമാണ് കുവൈത്ത്. ആഗോള ഊര്‍ജ വിതരണ ശൃംഖലയില്‍ കുവൈത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രധാനമായും ഏഷ്യയിലേക്കും യൂറോപ്പിലേക്കുമാണ് ഇവിടെ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നത്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയ്ക്കുകയും, പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് ഖത്തര്‍ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇറാനോട് സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിക്ക്, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി ഫോണ്‍ സംഭാഷണം നടത്തി.

oil inventory

വീണ്ടും ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുകയോ, അതിനെ സമ്മര്‍ദ്ദ ഉപാധിയായി ഉപയോഗിക്കുകയോ ചെയ്താല്‍, നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. അതിലൂടെ പ്രദേശത്തെ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി അപകടത്തിലാകും. ഇത് ആഗോള ഊര്‍ജ വിതരണത്തെയും ഭക്ഷ്യ വിതരണത്തെയും പ്രതികൂലമായി ബാധിക്കും. മാര്‍ക്കറ്റിന്റെയും സപ്ലൈ ചെയിനുകളുടെയും സ്ഥിരതക്കും തിരിച്ചടിയാകും.

Content Highlights: Kuwait recorded zero crude oil exports in April, a first since the 1991 Gulf War

dot image
To advertise here,contact us
dot image