

എട്ടാം ശമ്പള കമ്മീഷന്റെ നിർണായകമായ മീറ്റിങ് ഈ മാസം തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 28 മുതൽ 30 വരെയുളള തിയതികളിൽ നടക്കുമെന്നാണ് സൂചന. ന്യായമായ ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ.
മേല്പറഞ്ഞ തിയതികളിൽ ഡൽഹിയിൽ മീറ്റിങ്ങുകൾ നടത്തണമെന്നാണ് വിവിധ തൊഴിലാളി യൂണിയനുകളും അസോസിയേഷനുകളും മറ്റും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം എല്ലാവരെയും ആ തിയതികളിൽ കാണാൻ കമ്മീഷൻ അംഗങ്ങൾക്ക് സാധിച്ചേക്കില്ല. അതിനാൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വരും മാസങ്ങളിൽ കമ്മീഷൻ കൂടിക്കാഴ്ചകൾ നടത്തും.
അടിസ്ഥാന ശമ്പളം 72000 രൂപയാക്കിയേക്കും എന്നാണ് പ്രചാരണങ്ങൾ. എന്നാൽ എങ്ങനെയാണ് ഈ തുകയിലേക്കെത്തിയത് എന്ന കാര്യം വ്യക്തമല്ല. കമ്മീഷന് മുൻപാകെ ഈ തുക ആവശ്യപ്പെട്ട് നിവേദനങ്ങൾ ലഭിച്ചിട്ടുമില്ല.
നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷീനറി മാത്രമാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച് നിവേദനം നൽകിയിരിക്കുന്നത്. അടിസ്ഥാന ശമ്പളം 69000 രൂപയാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ശമ്പള കമ്മീഷൻ വിവിധ സംഘടനകളും മറ്റുമായി പ്രാഥമിക കൂടിക്കാഴ്ച മാത്രമാണ് നടക്കുക. എല്ലാ കൂടിക്കാഴ്ചകളും പൂർത്തിയാക്കിയതിന് ശേഷമാണ് പരിഷ്കരണം സംബന്ധിച്ച് തീരുമാനമുണ്ടാകുക.
ജനുവരിയിലാണ് ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷനെ കേന്ദ്രസർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. എട്ടാം സിപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 12-16 മാസം കൂടി എടുത്തേക്കും. സര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് അത് പരസ്യമാക്കിയതിനുശേഷം മാത്രമേ ശമ്പളത്തിന്റെയും പെന്‍ഷന്‍ വര്‍ദ്ധനവിന്റെയും യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാനാകൂ.
ഇന്ത്യക്ക് 1946 മുതല്‍ എട്ട് കേന്ദ്ര ശമ്പള കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനകള്‍, അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമാണ് ഈ കമ്മീഷനുകള്‍. സാധാരണയായി ഓരോ 10 വര്‍ഷത്തിലും ശമ്പള കമ്മീഷനുകള്‍ രൂപീകരിക്കുന്നു. നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ ബാധകമായ ഫിറ്റ്‌മെന്റ് ഘടകം ഉപയോഗിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. സാധാരണയായി ഓരോ 10 വര്‍ഷത്തിലും സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, സാമ്പത്തിക ശേഷി, ഡി എ എന്നിവ അടിസ്ഥാനമാക്കിയാണ് ശുപാര്‍ശകള്‍ നടത്തുക.
വീട് വാടക അലവന്‍സ് (HRA), യാത്രാ അലവന്‍സ് (TA) തുടങ്ങിയ പ്രധാന അലവന്‍സുകള്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കി വീണ്ടും കണക്കാക്കുന്നു. സര്‍ക്കാരിന്റെ ധനകാര്യ ശേഷി, ഏറ്റവും താഴ്ന്ന നിലയിലുള്ള ജീവനക്കാര്‍ക്കുള്ള ഏറ്റവും കുറഞ്ഞ വേതന ആവശ്യകതകള്‍ എന്നീ ഘടകങ്ങള്‍ കൂടി ശമ്പള കമ്മീഷനുകള്‍ കണക്കിലെടുത്താണ് തീരുമാനങ്ങളിലേക്കും നയരൂപീകരണത്തിലേക്കും എത്തുന്നത്.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന് ശേഷം 15 മാസം വരെയുള്ള ശമ്പള കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ 2028 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: A crucial meeting regarding the 8th Pay Commission is expected to be held this month, reportedly between April 28 and 30. Central government employees are closely watching the developments, hoping for a fair salary revision and improved benefits.