ഇന്‍ഷുറന്‍സ് വിപണി പിടിക്കാന്‍ അംബാനി; ജിയോയും അലയന്‍സും ഒന്നിക്കുന്നു, ധാരണാപത്രം ഒപ്പുവെച്ചു

ജിയോയുടെ ഡിജിറ്റല്‍ ശേഷിയും അലയന്‍സിന്റെ ആഗോള ഇന്‍ഷുറന്‍സ് രംഗത്തെ പരിചയവും പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വിപുലമായ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അവതരിപ്പി ക്കുകയാണ് ലക്ഷ്യം

ഇന്‍ഷുറന്‍സ് വിപണി പിടിക്കാന്‍ അംബാനി; ജിയോയും അലയന്‍സും ഒന്നിക്കുന്നു, ധാരണാപത്രം ഒപ്പുവെച്ചു
dot image

അലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ധാരണാപത്രം ഒപ്പുവെച്ചു. ഇതിനായി തുല്യപങ്കാളിത്തത്തില്‍ സംയുക്ത കമ്പനിക്ക് രൂപം നല്‍കുമെന്ന് ഇരുഗ്രൂപ്പും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ജിയോയുടെ ഡിജിറ്റല്‍ ശേഷിയും അലയന്‍സിന്റെ ആഗോള ഇന്‍ഷുറന്‍സ് രംഗത്തെ പരിചയവും പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വിപുലമായ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അവതരിപ്പി ക്കുകയാണ് ലക്ഷ്യം. ആവശ്യമായ അനുമതികള്‍ കിട്ടുന്നമുറയ്ക്ക് പുതിയ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങും.

2025 ജൂലൈയില്‍ ഇരുകമ്പനികളും സഹകരിക്കാന്‍ ധാരണയായിരുന്നു. 50:50 അനുപാതത്തില്‍ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനുള്ള പുതിയ കരാറിലാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. സമ്പൂര്‍ണ സാമ്പത്തിക സേവന പ്ലാറ്റ്ഫോം നിര്‍മിക്കാനുള്ള ജിയോയുടെ നീക്കത്തിലെ സുപ്രധാന ചുവടുവെപ്പാണിത്. വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമായി ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലകളില്‍ വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഈ സംരംഭം വാഗ്ദാനം ചെയ്യും.

അത്യാവശ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ദീര്‍ഘകാല തത്വശാസ്ത്രത്തെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിസ്ഥാനമാണ് ഇന്‍ഷുറന്‍സെന്നും, ഡിജിറ്റല്‍ ചാനലുകളിലൂടെ ലളിതവും കുറഞ്ഞ ചെലവിലുള്ളതുമായ സേവനങ്ങള്‍ വന്‍തോതില്‍ ലഭ്യമാക്കുന്നതിലായിരിക്കും സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ കേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യക്കായി പുതിയ ഇന്‍ഷുറന്‍സ് മാതൃക കെട്ടിപ്പടുക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബേറ്റ് പറഞ്ഞു. പുതിയ കരാര്‍ പൂര്‍ത്തിയായതോടെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ പങ്കാളിത്തമായി ഇത് മാറുകയാണ്.

Content Highlights: Jio Financial Services and Allianz have announced that they are entering into a 50:50 joint venture to offer general and health insurance solutions in India, combining Jio’s digital reach with Allianz’s global insurance expertise.

dot image
To advertise here,contact us
dot image