

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് പോരിൽ 103 റൺസിന്‍റെ ഐതിഹാസിക ജയമാണ് സിഎസ്കെ സ്വന്തമാക്കിയത്. എന്നാൽ, ആ ജയത്തോടൊപ്പം ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് പേസർ മുകേഷ് ചൗധരിയുടെ സമര്‍പ്പണത്തെക്കുറിച്ചാണ്. മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്കിനെ ബൗള്‍ഡാക്കിയ ശേഷം ആവേശം നിറയ്ക്കുന്ന ആഘോഷങ്ങളില്ലാതെ, തന്റെ വിരലുകൾ ആകാശത്തേക്കുയർത്തി 'അമ്മേ, ഇത് അമ്മക്കുള്ളതാണ്' അന്നായിരുന്നു മുകേഷിന്റെ ആക്ഷൻ. ആ കാഴ്ച്ച കണ്ടുനിന്ന കാണികളുടെയും കണ്ണ് നിറക്കുന്ന ഒന്നായും മാറി.
ദീർഘകാലമായി അസുഖബാധിതയായിരുന്ന മുകേഷിന്‍റെ മാതാവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. രാജസ്ഥാനിലെ ഭീൽവാഡയിൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം തന്നെ മുകേഷ് ചെന്നൈ ടീമിനൊപ്പം ചേർന്നു. സിഎസ്കെ താരം ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്തായതുകൊണ്ട് ടീമിന് തന്നെ ആവശ്യമാണെന്ന തിരിച്ചറിവായിരുന്നു വ്യക്തിപരമായ ദു:ഖത്തിനിടയിലും മുംബൈക്കെതിരായ മത്സരത്തിനായി മുകേഷ് മൈതാനത്തെത്തിയത്.
മത്സരത്തില്‍ അക്കീല്‍ ഹൊസൈനൊപ്പം ചെന്നൈക്കായി ന്യൂബോൾ പങ്കിട്ട മുകേഷ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി. ഹിറ്റ്മാൻ രോഹിത് ശർമയുടെ അഭാവത്തില്‍ മുംബൈയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ക്വിന്‍റൺ ഡി കോക്കോക്കിനെ ബൗള്‍ഡാക്കിയായിരുന്നു മുകേഷ് മുംബൈ ടീമിനെ ആകെ ഞെട്ടിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആവേശം നിറഞ്ഞ ആഘോഷങ്ങളില്ലാതെ വിരലുകള്‍ ആകാശേത്തുയര്‍ത്തി മുകേഷ് ആ വിക്കറ്റ് തന്റെ അമ്മയ്ക്ക് സമര്‍പ്പിച്ചത്.
മത്സരത്തില്‍ നാല് ഓവറുകൾ എറിഞ്ഞ മുകേഷ് 31 റണ്‍സ് വഴങ്ങിയാണ് ക്വിന്‍റൺ ഡി കോക്കോക്കിന്റെ നിർണായക വിക്കറ്റെടുത്തത്. മത്സരശേഷം വികാരാധീനനായ മുകേഷിനെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഓടിയെത്തി ആശ്വസിപ്പിച്ചു. സമ്മാനദാനച്ചടങ്ങില്‍ മുംബൈക്കെതിരായ വിജയം മുകേഷിന് സമര്‍പ്പിക്കുന്നുവെന്ന് നായകൻ റുതുരാജും വ്യക്തമാക്കി. മുകേഷിനെ സംബന്ധിച്ചിടത്തോളം ഇത് മാനസികമായി വലിയൊരു പോരാട്ടം തന്നെയായിരുന്നു. അത്തരമൊരു സാഹചര്യത്തിലായിരുന്നു മുകേഷിന്റെ ഈ പ്രകടനം. മുകേഷിന്റെ അമ്മയോടുള്ള ആദരസൂചകമായി കറുത്ത ബാൻഡ് കയ്യിൽ അണിഞ്ഞാണ് സിഎസ്കെ താരങ്ങൾ കളത്തിലിറങ്ങിയത്.
Content highlight: CSK bowler Mukesh Choudhary emotional wicket dedication to mother