എസി ഇട്ടോളൂ, പക്ഷേ ബില്ല് സൂക്ഷിക്കണം; വേനല്‍ച്ചൂടില്‍ വൈദ്യുതി ലാഭിക്കാന്‍ ചില വഴികള്‍

റെഫ്രിജറേറ്ററിന്റെ സ്ഥാനം എപ്പോഴും ഭിത്തിയില്‍നിന്ന് ആറ് ഇഞ്ചെങ്കിലും വിട്ടിരിക്കണം. അല്ലാത്തപക്ഷം ചൂട് എളുപ്പത്തില്‍ പുറത്തു പോകില്ല. ഇത് ലോഡ് വര്‍ധിക്കാന്‍ കാരണമാകും

എസി ഇട്ടോളൂ, പക്ഷേ ബില്ല് സൂക്ഷിക്കണം; വേനല്‍ച്ചൂടില്‍ വൈദ്യുതി ലാഭിക്കാന്‍ ചില വഴികള്‍
dot image

കടുത്ത വേനല്‍ ചൂടില്‍ ഫാനും കൂളറും എസിയും ഇട്ട് എങ്ങനെയെങ്കിലും കുറച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാളികള്‍. എന്നാല്‍ കറന്റ് ബില്ല് അതിനൊപ്പം കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുമുണ്ട്. 10,000 രൂപയ്ക്കും മുകളില്‍ കറന്റ് ബില്ല് വരുന്നതിന്റെ റീലുകള്‍ ഇസ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. എന്നാല്‍ വൈദ്യുതി ചെലവ് കുറയക്കാന്‍ ചില വിദ്യകളുണ്ട്.

എസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബുദ്ധിപൂര്‍വ്വം മാനേജ് ചെയ്യുക എന്നതാണ് ആദ്യത്തേത്. എസിയുടെ താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ ആക്കിയാണ് എപ്പോഴും ഉപയോഗിക്കുന്നതെങ്കില്‍ കറന്റ് ബില്ലില്‍ നാലക്കം ഉറപ്പാണ്. 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് തന്നെ ധാരാളമാണ്. ഓരോ ഡിഗ്രി കുറയുമ്പോള്‍ വൈദ്യുതി ഉപയോഗം 6 ശതമാനം അധികം ആവശ്യമായി വരും എന്നതാണ് കണക്ക്. അതായത് തണുപ്പ് 24 ഡിഗ്രി എന്നത് 23 ആകുമ്പോള്‍ തന്നെ കറന്റ് ഉപയോഗം 6 ശതമാനം വര്‍ധിക്കും.

എസിക്കൊപ്പം ചെറിയ വേഗത്തില്‍ ഫാന്‍ കൂടി ഉപയോഗിക്കുന്നതും നല്ലതാണ്. 24-26 ഡിഗ്രിയില്‍ എസി സജ്ജമാക്കിയ ശേഷം ഫാന്‍ കൂടിയിട്ടാല്‍ മുറി പെട്ടെന്ന് തണുക്കുകയും എസിയുടെ ലോഡ് കുറയുകയും ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ എസിയുടെ എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതെല്ലാം എസിയുടെ ലോഡ് കുറയ്ക്കാനും അതുവഴി വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും സഹായിക്കും.

വീടിനകത്തെ ചൂട് നിയന്ത്രിക്കാനാണെങ്കില്‍ ഉച്ചസമയത്തെ ചൂടേറിയ സൂര്യപ്രകാശം വീടിനുള്ളിലേക്ക് പ്രവേശിക്കാതെ നോക്കണം. അതിനര്‍ഥം വാതിലും ജനലും എല്ലാം അടച്ചുപൂട്ടിയിടുക എന്നതല്ല. കട്ടികൂടിയതോ ഇരുണ്ട നിറമുള്ളതോ ആയ കര്‍ട്ടനുകള്‍ ഉപയോഗിച്ചാല്‍ മതി. ചൂടേറിയ സൂര്യപ്രകാശം കയറാത്തത് കൊണ്ടുതന്നെ വീടിനുള്ളില്‍ താരതമ്യേന തണുപ്പുണ്ടാകും. ഒരുനില വീടോ വീടിന്റെ രണ്ടാമത്തെ നിലയിലോ ആണ് കഴിയുന്നതെങ്കില്‍ സീലിങ്ങുകള്‍ വെള്ള പെയിന്റ് അടിക്കാന്‍ ശ്രദ്ധിക്കുക. അതൊരു പരിധിവരെ ചൂടിനെ പ്രതിരോധിക്കും.

വൈദ്യുതി ബില്‍ കൂട്ടുന്ന മറ്റൊരു ഗൃഹോപകരണമാണ് റെഫ്രിജറേറ്റര്‍. അതിന്റെ സ്ഥാനം, ഉപയോഗരീതി എന്നിവയെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും. റെഫ്രിജറേറ്ററിന്റെ സ്ഥാനം എപ്പോഴും ഭിത്തിയില്‍നിന്ന് ആറ് ഇഞ്ചെങ്കിലും വിട്ടിരിക്കണം. അല്ലാത്തപക്ഷം ചൂട് എളുപ്പത്തില്‍ പുറത്തു പോകില്ല. ഇത് ലോഡ് വര്‍ധിക്കാന്‍ കാരണമാകും. കുട്ടികളുള്ള വീടാണെങ്കില്‍ ഫ്രിഡ്ജിന്റെ വാതില്‍ ഒരുപാട് തവണ തുറക്കാന്‍ സാധ്യതയുണ്ട്. ഇത് ഫ്രിഡ്ജിനകത്തെ താപനിലയെ ബാധിക്കും. ഒപ്പം ചൂടോടെ ഭക്ഷണം ഫ്രിഡ്ജിലേക്ക് വെക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം താപനിലയില്‍ ഉണ്ടാകുന്ന മാറ്റം ക്രമീകരിക്കാന്‍ റെഫ്രിജറേറ്ററിന് അധിക പണിയെടുക്കേണ്ടിവരും. ആ പണിയെടുപ്പ് വൈദ്യുതി ബില്ലും വര്‍ധിപ്പിക്കും.

പഴയ ബള്‍ബുകളും ട്യൂബ് ലൈറ്റുകളും ആണ് വീട്ടില്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് എത്രയും പെട്ടെന്ന് മാറ്റുന്നതാകും നല്ലത്. പകരം എല്‍ഇഡിയിലേക്ക് മാറുന്നത് കറന്റ് ബില്‍ കുറയ്ക്കാനും നിസ്സാരമെങ്കിലും ചൂട് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഉപയോഗം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യാനും മറക്കരുത്. സാധാരണ നമ്മള്‍ ടിവി ഒക്കെ റിമോട്ടില്‍ ഓഫ് ചെയ്തിട്ട് പോകാറില്ലേ, അതിനുപകരം സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെയൊക്കെ ചെയ്താല്‍ ഒരു പരിധി വരെ കറന്റ് ബില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയും.

Content Highlights: Malayalis are trying to find some relief from the scorching summer heat by turning on fans, coolers and ACs. But the sharp rise in electricity bills is also a concern. Reels of electricity bills exceeding Rs 10,000 are currently trending on Instagram. But there are some ways to reduce electricity costs.

dot image
To advertise here,contact us
dot image