ഇന്ത്യ ശതകോടീശ്വരന്മാരുടെ നാടായി മാറുന്നു; 2031-ല്‍ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്

മുംബൈ ആണ് ഉയർന്ന ആസ്തിയുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലം

ഇന്ത്യ ശതകോടീശ്വരന്മാരുടെ നാടായി മാറുന്നു; 2031-ല്‍ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്
dot image

2031-ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്. ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളത്. വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണവും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

2031-ല്‍ ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള 25,217 വ്യക്തികൾ ഉണ്ടാകുമെന്നും ശതകോടീശ്വരന്മാരായ 313 പേരുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ രാജ്യത്ത് ഉയർന്ന ആസ്തിയുള്ള 19,877 വ്യക്തികളും 207 ശതകോടീശ്വരന്മാരുമാണ് ഉള്ളത്. ആഗോള തലത്തിൽ അനിശ്ചിതാവസ്ഥകൾ നിലനിൽക്കുമ്പോഴും സമ്പത്ത് സൃഷ്ടിയിൽ കാര്യമായ വർധനവ് ഉണ്ടായി എന്നും റിപ്പോർട്ട് പറയുന്നു. മുംബൈ ആണ് ഉയർന്ന ആസ്തിയുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലം.

ഉയർന്ന ആസ്തിയുള്ള ആളുകളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തരക്കാരുടെ എണ്ണത്തിൽ വർധനവും ഉണ്ടായിട്ടുണ്ട്. 2021-ൽ 5,51,435 ആയിരുന്നുവെങ്കിൽ ഇപ്പോൾ 7,13,626 ആണ് എണ്ണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 58% വർധിച്ചു. 2026 ൽ 207 ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഉള്ളത്. അമേരിക്ക (914), ചൈന (485) എന്നിവർക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അതേസമയം, ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടിരൂപ) ഗൗതം അദാനി ലോകത്തെ 19-ാമത്തെ വലിയ സമ്പന്നനാണ്. 9,080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തില്‍ മാറ്റമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിവില കഴിഞ്ഞ മാസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, എണ്ണവിപണിയിലെ അനിശ്ചിതത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

Content Highlights: India is expected to witness a 51% rise in the number of billionaires by 2031, according to Knight Frank’s Wealth Report. The report highlights strong economic growth, rising private wealth, and increasing investment opportunities as major reasons behind this surge. India continues to emerge as a major global hub for ultra-high-net-worth individuals.

dot image
To advertise here,contact us
dot image