സ്വർണം ഡിജിറ്റലായി വാങ്ങണോ? അതോ ഇടിഎഫോ? ഡിജിറ്റല്‍ സ്വർണം വാങ്ങുന്നവർ എന്തുകൊണ്ട് സൂക്ഷിക്കണം?

2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 25,000 മുതൽ 34,000 ടൺ വരെ സ്വർണ്ണം കൈവശം വയ്ക്കുന്നുണ്ട്

സ്വർണം ഡിജിറ്റലായി വാങ്ങണോ? അതോ ഇടിഎഫോ? ഡിജിറ്റല്‍ സ്വർണം വാങ്ങുന്നവർ എന്തുകൊണ്ട് സൂക്ഷിക്കണം?
അജ്മല്‍ എം കെ
1 min read|13 Apr 2026, 02:40 pm
dot image

പരമ്പാരഗതമായി തന്നെ സ്വർണത്തോട് വലിയ കമ്പമുള്ളവരാണ് ഇന്ത്യക്കാർ. കണക്കുകള്‍ നോക്കുകയാണെങ്കില്‍ അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തേക്കാള്‍ എത്രയോ മടങ്ങ് സ്വർണമാണ് ഇന്ത്യയിലെ വീടുകളില്‍ മാത്രമായുള്ളത്. വിവാഹം, മക്കളുടെ വിദ്യാഭ്യാസം, വീടുവെക്കല്‍ തുടങ്ങിയ ഭാവിയിലെ പല ആവശ്യങ്ങള്‍ക്കുമായി സ്വർണത്തില്‍ നിക്ഷേപിക്കുന്നത് ഉത്തരേന്ത്യയിലൊക്കെ പതിവ് രീതിയാണ്.

2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 25,000 മുതൽ 34,000 ടൺ വരെ സ്വർണ്ണം കൈവശം വയ്ക്കുന്നുണ്ട്. 24 കോടി കുടുംബങ്ങളായി വിഭജിച്ചാൽ ഓരോ കുടുംബത്തിനും ശരാശരി 100 മുതൽ 150 ഗ്രാം സ്വർണ്ണം ഉണ്ടാകുമെന്നാണ് കണക്ക്. നിലവിലെ വില പ്രകാരം ഇത് ഏകദേശം 15 മുതൽ 20 ലക്ഷം രൂപ വരെ വിലമതിക്കുന്നു. കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ കുടുംബങ്ങളുടെ സ്വർണ്ണ സ്റ്റോക്കിന്റെ മൂല്യം ഏകദേശം 5 ട്രില്യൺ ഡോളറില്‍ അധികമാണ്. രാജ്യത്തെ കുടുംബങ്ങളുടെ ആസ്തികളിൽ സ്വത്ത് ഒഴികെയുള്ള ഭാഗത്തിന്റെ 65 ശതമാനത്തോളം വരും ഇത്.

സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇടിഎഫുകൾ (ETFs), ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ നിരവധി ബദലുകൾ ഇപ്പോൾ ലഭ്യമാണ്. ഇവയിൽ ഡിജിറ്റൽ തന്നെ ഗോൾഡും ഗോൾഡ് ഇടിഎഫുകളുമാണ് ഏറ്റവും ജനപ്രിയമായ മാർഗ്ഗങ്ങള്‍.

എന്താണ് ഡിജിറ്റൽ ഗോൾഡ് ?

ഏറ്റവും ചുരുക്കത്തില്‍ ഫിസിക്കൽ സ്വർണ്ണത്തിന് സമാനമായിരിക്കുന്ന ഒരു ആശയമാണ് ഡിജിറ്റൽ ഗോൾഡ്. നിങ്ങൾ ഓൺലൈനായി വാങ്ങുന്ന സ്വർണ്ണം കമ്പനികള്‍ സുരക്ഷിതമായ വോൾട്ടുകളിൽ സൂക്ഷിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അല്ലെങ്കിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) എന്നിവയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് വിധേയമല്ലാത്ത ഈ നിക്ഷേപം വരുമാന നികുതി നിയമങ്ങൾക്ക് അനുസൃതവുമാണ്. 24 മാസത്തിലധികം കൈവശം വയ്ക്കുന്ന ഡിജിറ്റൽ ഗോൾഡിന്റെ ലാഭം ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ (LTCG) ആയി കണക്കാക്കി സെസ് ഉൾപ്പെടെ ഉള്‍പ്പെടെ 12.5 ശതമാനം നികുതിയാണ് ഈടാക്കുന്നത്.

24 മാസത്തിനുള്ളിൽ വിറ്റാൽ ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ (STCG) ആയി നിങ്ങളുടെ വരുമാന സ്ലാബ് പ്രകാരമുള്ള നിരക്കിൽ നികുതി അടയ്ക്കേണ്ടിവരും. ഫിസിക്കൽ സ്വർണ്ണത്തിനും പേപ്പർ ഗോൾഡിനും (ഗോൾഡ് ഇടിഎഫുകൾ, എസ്ജിബികൾ, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ) സമാനമായ നികുതി നിയമങ്ങളാണ് ഡിജിറ്റൽ ഗോൾഡിനും ബാധകം.

എന്താണ് ഗോള്‍ഡ് ഇടിഎഫ് ?

ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഒരു കോമോഡിറ്റി ഫോക്കസ്ഡ് മ്യൂച്ച്വൽ ഫണ്ടാണ് ഗോൾഡ് ഇടിഎഫ്. ഓരോ യൂണിറ്റും ഏകദേശം ഒരു ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്. ഇത് ഓഹരികൾ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യാവുന്നതാണ്. ഫിസിക്കൽ സ്വർണ്ണത്തിന്റെ സുരക്ഷയും സംഭരണ പ്രശ്നങ്ങളും ഇല്ലാതെ, സ്വർണ്ണ വിലയ്ക്ക് സമാനമായ റിട്ടേണുകൾ ലഭിക്കുന്നതോടൊപ്പം സ്റ്റോക്ക് ട്രേഡിങ്ങിന്റെ സൗകര്യവും ഗോൾഡ് ഇടിഎഫ് നൽകുന്നു. 12 മാസത്തിലധികം കൈവശം വയ്ക്കുന്ന ഗോൾഡ് ഇടിഎഫുകൾക്ക് ഇൻഡക്സേഷൻ ഇല്ലാതെ 12.5 ശതമാനം ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ നികുതിയാണ് ഈടാക്കുന്നത്. 12 മാസത്തിനുള്ളിൽ വിറ്റാൽ 20 ശതമാനംഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ നികുതിയും ബാധകമാകമാണ്.

ഇടിഎഫുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

ആസറ്റ് മാനേജ്മെന്റ് കമ്പനി ഫിസിക്കൽ സ്വർണ്ണം വാങ്ങി സുരക്ഷിത വോൾട്ടുകളിൽ സൂക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നിക്ഷേപകർ ഇതില്‍ നിന്നു യൂണിറ്റുകൾ വാങ്ങുന്നു. ഓരോ യൂണിറ്റിന്റെയും നെറ്റ് ആസറ്റ് വാല്യൂ (NAV) സ്വർണ്ണ വിലയോട് ചേർന്ന് മാറിക്കൊണ്ടിരിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ സൗകര്യപ്രദമായി യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഉദാഹരണത്തിന് 30000 രൂപ നിക്ഷേപിച്ചാൽ ഓരോ യൂണിറ്റിന് 5000 രൂപ നിരക്കിൽ ആറ് യൂണിറ്റുകൾ ലഭിക്കും. സ്വർണ്ണ വില ഉയരുമ്പോഴോ താഴുമ്പോഴോ യൂണിറ്റുകളുടെ മൂല്യം മാറും. ഓഹരികൾ വിൽക്കുന്നത് പോലെ എക്സ്ചേഞ്ചിൽ തന്നെ യൂണിറ്റുകൾ വിൽക്കാം.

എന്താണ് വ്യത്യാസം

ഡിജിറ്റൽ ഗോൾഡിൽ നിങ്ങൾ നേരിട്ട് ഫിസിക്കൽ സ്വർണ്ണത്തിന്റെ ഉടമസ്ഥത ലഭിക്കുന്നു (ദാതാക്കൾ വോൾട്ടിൽ സൂക്ഷിക്കുന്നു), അതേസമയം ഗോൾഡ് ഇടിഎഫിൽ സ്വർണ്ണ വിലയെ ട്രാക്ക് ചെയ്യുന്ന ഫണ്ടിന്റെ യൂണിറ്റുകളുടെ ഉടമസ്ഥതയാണ് ലഭിക്കുന്നത്. ഡിജിറ്റൽ ഗോൾഡ് ആപ്പുകളിലോ വെബ്സൈറ്റുകളിലോ ഓൺലൈനായി വാങ്ങാം, എന്നാൽ ഗോൾഡ് ഇടിഎഫ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ മാത്രമേ വാങ്ങാൻ കഴിയൂ. ഡിജിറ്റൽ ഗോൾഡിന്റെ മിനിമം നിക്ഷേപം 1 രൂപ മുതൽ ആരംഭിക്കാം, അതേസമയം ഗോൾഡ് ഇടിഎഫിന് ഒരു യൂണിറ്റിന്റെ വിലയാണ് മിനിമം. ഡിജിറ്റൽ ഗോൾഡ് ഏതു സമയത്തും വാങ്ങാം-വിൽക്കാം, ഗോൾഡ് ഇടിഎഫ് മാർക്കറ്റ് ട്രേഡിങ് സമയങ്ങളിൽ മാത്രം ലിക്വിഡ് ആണ്. ഡിജിറ്റൽ ഗോൾഡ് ദാതാക്കൾ സൗജന്യമായോ കുറഞ്ഞ ചെലവിലോ സൂക്ഷിക്കുന്നു, ഗോൾഡ് ഇടിഎഫിന് ഫിസിക്കൽ സംഭരണ ആവശ്യമില്ല.

ഏറ്റവും വലിയ പ്രശ്നം

ഇവിടെ ഏറ്റവും വലിയ പ്രശ്നം ഡിജിറ്റൽ ഗോൾഡുകള്‍ക്ക് ഏകീകൃത നിയന്ത്രണമില്ല എന്നത് തന്നെയാണ്. മറുവശത്ത് ഗോൾഡ് ഇടിഎഫുകൾ SEBI യുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നവർ പ്ലാറ്റ് ഫോമുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ നഷ്ടസാധ്യത ഉണ്ടെന്നുള്ളത് ഓർക്കണം. ഡിജിറ്റൽ ഗോൾഡ് ഫിസിക്കൽ കോയിനുകളോ ബാറുകളോ ആയി മാറ്റി ഡെലിവറി എടുക്കാനുള്ള ഓപ്ഷനും പ്ലറ്റ്ഫോമുകള്‍ തുറന്നിടുന്നുണ്ട്. ഗോൾഡ് ഇടിഎഫുകൾക്ക് ഫിസിക്കൽ ഡെലിവറി ഓപ്ഷൻ ഇല്ല.

ശ്രദ്ധിക്കേണ്ടത്

വർഷങ്ങളായി സ്വർണ്ണം ഏകദേശം 10 ശതമാനവും അതില്‍ അധികവും ലോങ്ങ് ടേം റിട്ടേൺ നൽകുന്നു. അതിനാൽ ഇത് മീഡിയം ടേം നിക്ഷേപമായി കാണുന്നതാണ് നല്ലത്. ഏതു നിക്ഷേപവും തിരഞ്ഞെടുക്കുമ്പോൾ ഡോക്യുമെന്റ് ശ്രദ്ധാപൂർവ്വം വായിക്കുകയും നിബന്ധനകൾ മനസ്സിലാക്കുകയും വേണം. വിദഗ്ധർ സാധാരണയായി പോർട്ട്ഫോളിയോയുടെ 10 ശതമാനത്തിൽ കൂടുതൽ സ്വർണ്ണത്തിൽ നിക്ഷേപിക്കരുതെന്ന് ഉപദേശിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ, റിസ്ക് അപ്പറ്റൈറ്റ് എന്നിവ പരിഗണിച്ച് തീരുമാനമെടുക്കുക.

Disclaimer: ഈ ലേഖനം വിദ്യാഭ്യാസപരമായ ഉദ്ദേശ്യത്തോടെയാണ് തയ്യാറക്കിയിട്ടുള്ളത്. നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുടെ നിർദേശങ്ങള്‍ സ്വീകരിക്കുക.

dot image
To advertise here,contact us
dot image